വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന് നടക്കും.
സ്‌കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിക്രം എസ്, സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണത്തിലേക്ക് ഉറ്റ് നോക്കുകയാണ് രാജ്യം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 11.30നാണ് വിക്ഷേപണം. ഇന്ത്യയുടെ ബഹിരാകാശ പദ്ധതി ഇന്ന് പുതിയ ഉയരങ്ങളിലെത്തും.
വിക്രം-എസ്, സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച ശേഷം അത് 81 കിലോമീറ്റര്‍ ഉയരത്തില്‍ എത്തും. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവായ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെ പേരിലാണ് റോക്കറ്റിന് പേര് നല്‍കിയിരിക്കുന്നത്. റോക്കറ്റിന്റെ വിക്ഷേപണത്തില്‍ സാധാരണ ഇന്ധനത്തിന് പകരം എല്‍എന്‍ജി അതായത് ലിക്വിഡ് നാച്ചുറല്‍ ഗ്യാസും ലിക്വിഡ് ഓക്സിജനുമാണ് ഉപയോഗിക്കുന്നത്. ഈ ഇന്ധനം ലാഭകരവും മലിനീകരണ രഹിതവുമാണ്.
പ്രഭാവ് എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത റോക്കറ്റ് ആണിത്. വെറും നാല് വര്‍ഷം മുമ്പാണ് സ്‌കൈറൂട്ട് എന്ന സ്റ്റാര്‍ട്ടപ്പിന് ഹൈദരാബാദില്‍ തുടക്കമാകുന്നത്. സ്വന്തമായി മൂന്ന് ചെറു വിക്ഷേപണ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന കമ്പനിക്ക് ഈ സൗണ്ടിംഗ് റോക്കറ്റ് അവര്‍ വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ പ്രാപ്തി അളക്കുന്ന പരീക്ഷയാണ്. ഇവിടെ ജയിച്ചാല്‍ അടുത്ത വര്‍ഷം കൂടുതല്‍ കരുത്തനായ വിക്ഷേപണവാഹനം വിക്രം 1 എത്തും. ആറ് മീറ്റര്‍ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞന്‍ റോക്കറ്റാണ് വിക്രം എസ്.

