38 വയസ്സുള്ള ഒരു സ്ത്രീയാണ് ഞാൻ. ഭർത്താവിന്റെ സ്ഥാനത്ത് ഞാൻ കാണുന്ന 33 വയസ്സുള്ള യുവാവുമൊത്ത് കേരളത്തിനു പുറത്താണ് ഇപ്പോൾ താമസിക്കുന്നത്. മൂന്നു വർഷങ്ങൾക്കു മുൻപ് എന്നെ വിവാഹം കഴിച്ച പുരുഷനെയും രണ്ടുവയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചാണ് ഇപ്പോഴത്തെ ആളിനൊപ്പം ഒളിച്ചോടിയത്. ഇതിന് എന്നെ പ്രേരിപ്പിച്ചത് ആ മനുഷ്യന്റെ നിരന്തരമായ മദ്യപാനവും മർദ്ദനവുമായിരുന്നു. ഇപ്പോഴത്തെ ജീവിതപങ്കാളി ഞങ്ങളുടെ നാട്ടിൽ സെയിൽസ് എക്‌സിക്യൂട്ടീവായി ജോലിക്കു വന്ന ഒരു യുവാവാണ്. ആ സമയത്ത് യാദൃച്ഛികമായി ഈ ചെറുപ്പക്കാരനെ പരിചയപ്പെടുകയായിരുന്നു. എന്റെ മുൻകൈയെടുത്തുള്ള താത്പര്യത്തിൽ അവനുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതും പതിവായിരുന്നു. അങ്ങനെയിരിക്കെ ഭർത്താവ് ആ ബന്ധം കണ്ടുപിടിച്ചതിനെ തുടർന്ന് ഒരു രാത്രി ഞങ്ങൾ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.
ഇവിടെ വന്ന് ജീവിതമാരംഭിച്ചപ്പോൾ ആദ്യസമയങ്ങളിൽ ഞങ്ങളുടെ ദാമ്പത്യം സന്തോഷപ്രദമായിരുന്നു. ഒരുദിവസം പലതവണ ഞങ്ങൾ ബന്ധപ്പെടുമായിരുന്നു. പിന്നീട് അവന് എന്നിലുള്ള താത്പര്യം കുറഞ്ഞുവെന്നാണ് എനിക്കു മനസ്സിലായത്. ഞാൻ അങ്ങോട്ട് താത്പര്യം കാണിച്ചപ്പോൾ അവൻ എന്നെ സംശയിക്കാൻ തുടങ്ങി. ഞാനൊരു മോശം സ്ത്രീയാണെന്നാണ് ഇപ്പോൾ അവൻ പറയുന്നത്. ഇതിനിടയിൽ അവന്റെ പ്രായത്തിൽപ്പെട്ട ഒരു യുവതിയുമായി അവൻ അടുപ്പത്തിലായിട്ടുണ്ടെന്ന് എനിക്കറിയുവാൻ കഴിഞ്ഞു.
ഒരുവശത്ത് ഒളിച്ചോടേണ്ടിയിരുന്നില്ല എന്ന തോന്നൽ, മറുഭാഗത്ത് ഇപ്പോഴത്തെ പങ്കാളി മനസ്സിലാക്കുന്നില്ല എന്ന പ്രശ്‌നം.
പക്വതയില്ലാത്ത എന്റെ സ്വഭാവമാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്ന് ഇപ്പോൾ തോന്നുന്നു. പക്ഷേ, ഇപ്പോഴത്തെ ജീവിതപങ്കാളി എന്നെ മാനസികമായും ലൈംഗികമായും ഒഴിവാക്കുന്നതു കാണുമ്പോൾ തകർന്നുപോകുന്നു. ഭർത്താവ് വീണ്ടും വിവാഹിതനാകാൻ പോവുകയാണെന്ന് ഈയിടെ അറിയാൻ കഴിഞ്ഞു. ഇനി മുൻപോട്ടുള്ള ജീവിതത്തിന് മാർഗ്ഗനിർദ്ദേശം പ്രതീക്ഷിക്കുന്നു….
സുലേഖ, മധുര
മറുപടി
കഴിഞ്ഞുപോയ കാര്യങ്ങളെച്ചൊല്ലി വേവലാതിപ്പെടുന്നത് ഭൂതകാലത്തിൽ ജീവിതം തളച്ചിടാൻ ആഗ്രഹിക്കുന്നവർ മാത്രമാണ്. കുറ്റബോധം ഒരു നല്ല കാര്യംതന്നെയാണ്. പക്ഷേ പ്രായോഗികതലത്തിൽ അവയെ കൊണ്ടുവരാൻ പറ്റുമോ എന്നുകൂടി ആലോചിക്കേണ്ടതുണ്ട്.
5 വയസ്സിന് ഇളയ ചെറുപ്പക്കാരനുമായി മദ്യപനും മർദ്ദകനുമായ ഒരാളുടെ ഭാര്യ അടുത്തതും, കാര്യങ്ങൾ ലൈംഗികതയിലേക്കു മാറിയതുമൊക്കെ പുറത്തുനിന്നു ചിന്തിക്കുന്ന ചിലർക്കെങ്കിലും നിങ്ങളെ കുറ്റപ്പെടുത്താനുള്ള ആയുധമാണ്. പക്ഷേ, നിങ്ങളുടെ വിധികർത്താവ് നിങ്ങൾതന്നെയാകുമ്പോൾ അതിനെ അത്ര വലിയ ഒരു തെറ്റായി ഒരുപക്ഷേ കാണുന്നുണ്ടാവില്ല. പിന്നെ നിങ്ങളുടെ കുട്ടിയുടെ ഭാവിയെക്കുറിച്ച് തിരിച്ചൊരു ചോദ്യം ചോദിച്ചാൽ ഉത്തരം മുട്ടിയേക്കാം എന്നൊരു വലിയ പ്രശ്‌നം കീറാമുട്ടിയായി മുന്നിൽ നിൽക്കുന്നുണ്ട്.
മുൻപ് എടുത്ത ചില തീരുമാനങ്ങൾ അത്ര നന്നായില്ല എന്ന് പറയുമ്പോൾ മനസ്സിനെ വീണ്ടും നീറ്റാതിരിക്കുക. ഇപ്പോൾ നിങ്ങൾ ജീവിതപങ്കാളി(?)യാക്കിയിരിക്കുന്ന ചെറുപ്പക്കാരനുമായുള്ള അടുപ്പത്തിന് വേഗതയും ശക്തിയും നൽകിയത് വിവേകത്തേക്കാൾ ഏറെ വികാരമാണെന്നത് വ്യക്തമാണ്. ഇക്കാര്യം നിങ്ങളും നിഷേധിക്കുമെന്നു തോന്നുന്നില്ല.
സെക്‌സിൽനിന്ന് സ്‌നേഹവും സ്‌നേഹത്തിൽനിന്ന് സെക്‌സും ഉണ്ടാവാറുണ്ട്. പക്ഷേ, ആത്യന്തികമായി എന്നും നിലനിൽക്കപ്പെടേണ്ടത് സ്‌നേഹമാണ്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിനെയാണല്ലോ നമ്മൾ ജീവിതമെന്നു വിളിക്കുന്നത്. വന്നവഴിയേ തിരികെ നടന്നാൽ നമ്മൾ പലപ്പോഴും തുടങ്ങിയ ഇടത്ത് എത്തിയെന്നുവരില്ല. സഹിഷ്ണുതയോടെ തിരുത്തലുകൾ വരുത്തി ജീവിതം മുമ്പോട്ടുകൊണ്ടുപോകാൻ ശ്രമിയ്ക്കുക.
Dr.Titus P Varghese
Thiruvalla & Kozhikode
Mob & Whats Ap +91 9447292886
Email : drtitus4@gmail.com
Youtube: Dr.Titus p. Varghese
