ഉദ്ഘാടനം നവംബര്‍ 11ന്
കോട്ടയം മെഡിക്കല്‍ കോളജില്‍ 35 കോടി രൂപ മുടക്കി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങി. വെള്ളി വൈകിട്ട് നാലിന് അത്യാഹിത വിഭാഗത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. സഹകരണമന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തും.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലില്‍ ദേശീയതലത്തില്‍ ശ്രദ്ധനേടിയ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ആയിരം കോടി രൂപയുടെ 73 ബൃഹദ്പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതികളുടെ ഉദ്ഘാടനം.
പതിനഞ്ച് വിഭാഗത്തിലുള്ള പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഇതില്‍ 27.2 കോടി രൂപ മുടക്കി ഏഴ് നിലകളില്‍ നിര്‍മിച്ച ഫാര്‍മസി കോളജും ഉള്‍പ്പെടുന്നു. കുട്ടികളുടെ ആശുപത്രിയിലെ 15 ഓക്സിജന്‍ ബെഡ്, കാര്‍ഡിയോളജി വിഭാഗത്തിലെ ഫോര്‍ഡി എക്കോ മെഷീന്‍, പോര്‍ട്ടബിള്‍ എക്കോ മെഷീന്‍, പുതുക്കി പണിത മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി, മൂന്ന് പുതിയ ലിഫ്റ്റുകള്‍, 25 ഐസിയു ബെഡ്, നവീകരിച്ച നഴ്സിങ് ഓഫീസ്, നവീകരിച്ച ഒപി ഫാര്‍മസി, കെഎഎസ്പി കൗണ്ടര്‍, ലാപ്രോസ്‌കോപ്പി യൂണിറ്റ്, മോഡുലാര്‍ ഓപറേഷന്‍ തിയറ്റര്‍, സ്ട്രോക്ക് യൂണിറ്റ് തുടങ്ങിയവയും ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടുണ്ട്.

