മനുഷ്യന്റെ മര്യാദയാണ് നിയമങ്ങളെന്നും അത് പാലിക്കുന്നത് നമുക്ക് വേണ്ടിയല്ല, മറ്റുളളവർക്ക് കൂടി വേണ്ടിയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വാഹനമോടിക്കുന്നവർ മറ്റുള്ളവരെ കൂടി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ ഷിപ്പ് യാർഡുമായി സഹകരിച്ച് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന “താങ്ക്സ്, സോറി, പ്ലീസ്” ക്യാമ്പയിന്റെ (ടി.എസ്പി കൾച്ചർ ഓൺ റോഡ് ട്രാഫിക്) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അശ്രദ്ധയാണ് ഓരോ വാഹന അപകടങ്ങൾക്കും വഴിവെക്കുന്നത്. എന്തിനാണ് ഇങ്ങനെ വാഹനം ഓടിക്കുന്നത് എന്ന് ഓരോരുത്തരും ചോദിക്കേണ്ടതാണ്. വാഹനമോടിക്കാൻ പഠിപ്പിക്കുന്നതിനൊപ്പം റോഡുകളിൽ പാലിക്കേണ്ട മര്യാദകളും പഠിപ്പിക്കേണ്ടതുണ്ട്. ഓരോ വിദ്യാർത്ഥികളിലേക്കും ഇക്കാര്യം എത്തിക്കേണ്ടതുണ്ടത്. ക്യാമ്പയിന്റെ ഭാഗമായി നിർമിച്ച ഹ്രസ്വ ചിത്രങ്ങൾ സ്കൂളുകളിൽ പ്രദർശിപ്പിക്കണം.
റോഡുകളിൽ വാഹനങ്ങൾ പെരുകുന്നതിനനുസരിച്ച് ഡ്രൈവർമാരുടെ ഉത്തരവാദിത്വം വർധിക്കേണ്ടതുണ്ട്. മറ്റുള്ളവരെ പരിഗണിക്കാതെ വാഹനം ഓടിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്നത് വലിയ അപരാധമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സിനിമാ താരം മഞ്ജു വാര്യർ മുഖ്യാത്ഥിതിയായി. ക്യാമ്പയിന്റെ ലോഗോ പ്രകാശനം ജസ്റ്റിസ് ദേവൻ രാമചന്ദ്രനും മഞ്ജു വാര്യരും ചേർന്ന് നിർവഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി നിർമ്മിച്ച ഹ്രസ്വ ചിത്രങ്ങൾ അടങ്ങിയ സി.ഡി. കൊച്ചിൻ ഷിപ്പ് യാർഡ് അസി. ജനറൽ മാനേജർ പി.എൻ. സമ്പത്ത് കുമാർ പ്രകാശനം ചെയ്തു. പ്രചാര പ്രവർത്തനത്തിനായി തയ്യാറാക്കിയ ടി. ഷർട്ട് ഡിസൈനുകൾ ഫോർട്ട് കൊച്ചി സബ് കളക്ടർ പി. വിഷ്ണു രാജ് നിർവഹിച്ചു.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഓൺലൈനിലൂടെ സന്ദേശം നൽകി. ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാരായ ഷാജി മാധവൻ, എം.പി ജെയിംസ്, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ജി. അനന്ത കൃഷ്ണൻ, സിനിമാതാരം ഇബ്രാഹിംകുട്ടി, എസ്.സി.എം.എസ് ഗ്രൂപ്പ് വൈസ് ചെയർമാൻ പ്രമോദ് പി തേവന്നൂർ, രാജഗിരി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാദർ മാർട്ടിൻ മുണ്ടാടൻ തുടങ്ങിയവർ പങ്കെടുത്തു.
മികച്ച റോഡ് സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന ക്യാമ്പയിനാണ് ടി.എസ്.പി ക്യാമ്പയിൻ. നിയമങ്ങൾ പാലിച്ച് മറ്റുള്ളവരെ ബഹുമാനിക്കാനും മറ്റുള്ളവരുടെ വാഹനം കടന്നുപോകുന്നതിനായി ഒരു സെക്കന്റ് വാഹനം നിർത്തുന്നത് തെറ്റല്ലെന്നും ജനങ്ങളെ ഉദ്ബോധനം ചെയ്യുക എന്നതാണ് ലക്ഷ്യം. റോഡിൽ ഒരു തെറ്റ് പറ്റിയാൽ ക്ഷമ ചോദിക്കുന്നതോ, നന്ദി പറയുന്നതോ ഒന്നും ഒരു തെറ്റല്ലെന്നും ഓർമിപ്പിക്കുന്നതാണ് ക്യാമ്പയിൻ. കൊച്ചിൻ ഷിപ്പ്യാർഡുമായി സഹകരിച്ചാണ് ക്യാമ്പയിൻ നടത്തുന്നത്.
നിയമത്തിന്റെ അടിച്ചേൽപ്പിക്കലുകൾ ഇല്ലാതെ വൈകാരിക തലത്തിൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് മോട്ടോർ വാഹന വകുപ്പ് നടത്തുന്നത്. പ്രചാരണ പ്രവർത്തനങ്ങൾക്കായി ആറ് ചിത്രങ്ങളും നിർമ്മിച്ചിരുന്നു. സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ, സന്തോഷ് ജോർജ് കുളങ്ങര, മജീഷ്യൻ ഗോപിനാഥ് മുതുകാട്, ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് തുടങ്ങിയവരാണ് ഹൃസ്വചിത്രങ്ങളിൽ സന്ദേശങ്ങൾ നൽകുന്നത്. ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയിൽ നടപ്പാക്കുന്ന ക്യാമ്പയിൻ പിന്നീട് മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
