കാലാനുസൃതമായ മാറ്റങ്ങള്‍ പൊതുമരാമത്ത് മേഖലയില്‍ നടപ്പാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ചടയമംഗലം നിയോജക മണ്ഡലത്തിലെ കിഴക്കുംഭാഗം-പാങ്ങോട്, മുള്ളിക്കാട്-കൊല്ലായില്‍ റോഡുകളുടെ നവീകരണഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
റോഡുകളുടെ നിര്‍മ്മാണം ഗുണമേ• ഉറപ്പാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കും. പരിപാലനകാലാവധിയില്‍ റോഡുകള്‍ തകര്‍ന്നാല്‍ ഉത്തരവാദിത്തം കരാറുകാര്‍ക്കാണ് എന്ന വിവരം ഉള്‍ക്കൊള്ളുന്ന 3000ത്തോളം ബോര്‍ഡുകള്‍ സംസ്ഥാനത്ത് സ്ഥാപിച്ചുകഴിഞ്ഞു. പരിപാലനകാലാവധി കഴിഞ്ഞ ശേഷമുള്ള അറ്റകുറ്റപ്പണികള്‍ക്കായി റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനവും ഏര്‍പ്പെടുത്തി, പൊതുമരാമത്ത് വകുപ്പിന്റെ 20,000 കിലോമീറ്റര്‍ റോഡുകള്‍ ഉള്‍പ്പെട്ടുകഴിഞ്ഞു. ഓരോ 45 ദിവസത്തിലും എല്ലാ ജില്ലയിലും നോഡല്‍ ഓഫീസര്‍മാര്‍ പരിശോധനനടത്തി സ്ഥിതിഗതി വിലയിരുത്തും. സംസ്ഥാനത്ത് ഏകീകൃത ഡിസൈന്‍ നയം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായും മന്ത്രി വ്യക്തമാക്കി.
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. നിലവാരത്തില്‍ വിട്ടുവീഴ്ച ഇല്ലാത്ത, വര്‍ഷങ്ങളോളം റോഡുകള്‍ സംരക്ഷിക്കപ്പെടുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ ചെലവിഴിച്ചാണ് നവീകരണം. 6.8 കിലോമീറ്റര്‍ നീളമുള്ള കിഴക്കുംഭാഗം-പാങ്ങോട് റോഡും 4.2 കിലോമീറ്റര്‍ നീളമുള്ള മുള്ളിക്കാട്-കൊല്ലായില്‍ റോഡും അഞ്ചുമീറ്റര്‍ വീതിയില്‍ ബി. എം.സി ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരിക്കുകയും റോഡ്‌സുരക്ഷ സംവിധാനങ്ങള്‍, ദിശാസൂചികകള്‍ എന്നിവ സ്ഥാപിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ ഡാനിയല്‍ മുഖ്യാതിഥിയായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ. നജീബത്ത്, ചിതറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ് മുരളി, ഗ്രാമപഞ്ചായത്ത്അംഗങ്ങള്‍, രാഷ്ട്രീയകക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
