ആറ് കുട്ടികൾക്ക് വീട് ഉറപ്പാക്കി കൃഷ്ണതേജ ആലപ്പുഴ ജില്ല കളക്ടറുടെ ചുമതലയൊഴിഞ്ഞു
ആലപ്പുഴ ജില്ല കളക്ടർ വി ആർ കൃഷ്ണ തേജ ചുമതലയൊഴിഞ്ഞു. കോവിഡ് ബാധിച്ച് രക്ഷകർത്താക്കളിൽ ഒരാളെ നഷ്ടപെട്ട ആറ് കുട്ടികൾക്ക് വീട് ഉറപ്പാക്കുന്നതിനുള്ള നടപടികളെടുത്താണ് കളക്ടർ യാത്രയാവുന്നത്.
വീആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഇവർക്ക് വീടുകൾ നിർമിച്ചു നൽകുന്നത്. ആറ് മാസത്തിനുള്ളിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കി നൽകുമെന്ന് കുട്ടികളുമായുള്ള കൂടിക്കാഴ്ചയിൽ കളക്ടർ വാക്ക് നൽകി.
വൈകിട്ട് 5 മണിയോടെയാണ് ജില്ല കളക്ടറുടെ ചുമതല ഒഴിഞ്ഞത്. എ ഡി എം എസ് സന്തോഷ്‌കുമാറിനാണ് ചുമതല കൈമാറിയത്. സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യാത്രയയപ്പിലും കൃഷ്ണ തേജ പങ്കെടുത്തു. ഹരിത വി കുമാറാണ് പുതിയ ആലപ്പുഴ ജില്ല കളക്ടർ.
