വാത്തിക്കുടിയില്‍ പുലിയെ പിടിക്കുന്നതിന് കൂട് സ്ഥാപിക്കും : മന്ത്രി റോഷി

NEWS

മുരിക്കാശ്ശേരി : വാത്തിക്കുടി പഞ്ചായത്തിലെ പുലിയുടെ സഞ്ചാര പാതയില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിനും പുലിയുടെ സാന്നിധ്യം ഉറപ്പായാല്‍ പിടിക്കുന്നതിനായി കൂട് സ്ഥാപിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുരിക്കാശ്ശേരിയില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലകളില്‍ കൂടുതല്‍ വിദഗ്ദ്ധ പരിശീലനം കിട്ടിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയമിച്ച് പ്രദേശത്ത് പെട്രോളിംഗ് ശക്തമാക്കും. ഇതിനായി മറ്റ് റെയിഞ്ചുകളില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് നിയോഗിക്കും.
ജനങ്ങളില്‍ ആശങ്ക പരത്തുന്ന വിധം പരസ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും ഏതെങ്കിലും വിധ സംശയങ്ങള്‍ ഉണ്ടായാല്‍ വാര്‍ഡ് മെമ്പര്‍മാരെയോ, ഇതര ജനപ്രതിനിധികളെയോ, വനം വകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കണമെന്നും സര്‍വ്വകക്ഷി യോഗത്തില്‍ അഭിപ്രായപ്പെട്ടു. സാന്നിധ്യമറിഞ്ഞ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വളര്‍ത്തുമൃഗങ്ങളുടെ കൂടുകള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.
വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു ജോസ്, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിബിച്ചന്‍ തോമസ്, കോട്ടയം ഡി.എഫ്.ഒ എന്‍. രാജേഷ്, ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയചന്ദ്രന്‍, സ്ക്വാഡ് ഡി.എഫ്.ഒ സന്ദീപ്,ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, പടമുഖം സെന്‍റ് ജോസഫ് പള്ളി വികാരി ഫാ. ഷാജി പൂത്തറ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്‍റ് ജോസ് വര്‍ഗ്ഗീസ്, പഞ്ചായത്തംഗങ്ങളായ റോണിയോ എബ്രാഹം, കെ.എ അലിയാര്‍, സുനിത സജീവ് , വിവിധ പാര്‍ട്ടി പ്രതിനിധികളായ വിനോദ് ജോസഫ്, തോമസ് കാരയ്ക്കാവയലില്‍, ഇ.എന്‍ ചന്ദ്രന്‍, കെ.ആര്‍ സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *