അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഇന്ന് വിധി പറയും. മണ്ണാര്‍ക്കാട് എസ് സി-എസ് ടി കോടതിയാണ് കേസില്‍ വിധി പറയുന്നത്.
2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാതാണ് കേസ്. കേസില്‍ 16 പ്രതികളാണ് ഉള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറി. 77 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. ഇതിനിടയില്‍ കൂറുമാറിയ വനം വകുപ്പിലെ താല്‍കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിലെ അന്തിമവാദം പൂര്‍ത്തിയായത്. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് എത്തുന്നതെന്നത് ശ്രദ്ധേയം.

