തമിഴ്‌നാട് സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലെ ചില ഭാഗങ്ങളിൽ അവരുടെ സ്വന്തം കുടുംബാംഗങ്ങൾ നടത്തുന്നു എന്നു പറയപ്പെടുന്ന വംശഹത്യ (പ്രായമായവരെ കൊല്ലൽ) അല്ലെങ്കിൽ മനഃപൂർവമല്ലാത്ത ദയാവധം എന്നിവയുടെ പരമ്പരാഗത രീതിയെയാണ് തലൈകൂത്തൽ എന്നു വിളിക്കുന്നത്. ഇപ്പോൾ അതേ പേരിൽ പുറത്തിറങ്ങിയ തലൈകൂത്തൽ എന്ന തമിഴ് സിനിമ ഒരു പിതാവും പുത്രനുമായുളള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.
കോമയിലായ പിതാവിനെ രക്ഷിക്കാൻ ഒരു മനുഷ്യൻ നടത്തുന്ന പോരാട്ടത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ആവിഷ്‌ക്കാരമാണിത്.

എഴുത്തുകാരനും സംവിധായകനുമായ ജയപ്രകാശ് രാധാകൃഷ്ണന്റെ ഉജ്വലമായ കലാസൃഷ്ടി. അദ്ദേഹത്തിന്റെ കഥകൾക്ക് മനഃശാസ്ത്രപരമായ ആഴമുണ്ട്, അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അസ്തിത്വപരമായ ചോദ്യങ്ങളുമായി പോരാടുന്നതായി കണ്ടെത്താവുന്നതാണ്. കോമ രോഗിയുടെ കണ്ണിലൂടെയാണ് നമ്മൾ കഥ കാണുന്നത്. തിരുനെൽവേലിയിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നതെങ്കിലും സിനിമയിൽ കാലഘട്ടം പറയുന്നില്ല. സമുദ്രക്കനിയാണ് മകനായി അഭിനയിക്കുന്നത്.

എപ്പോഴാണ് ഒരാളെ ജീവനോടെ കണക്കാക്കുന്നത്? അവർ ശാരീരികമായും മാനസികമായും പൂർണ്ണമായി പ്രവർത്തിക്കുമ്പോൾ, അതിനെക്കുറിച്ച് ബോധവാന്മാരായിരിക്കുമ്പോഴാണോ? അതോ നമ്മുടെ ഉള്ളിലെ ജീവശക്തിയുമായി അതിന് കൂടുതൽ ബന്ധമുണ്ടോ? ഒരാൾ മയക്കത്തിലാണെങ്കിലും അവരുടെ മനസ്സ് അവർ നയിച്ച ജീവിതത്തിന്റെ ഓർമ്മകളിൽ സജീവമാണെങ്കിൽ എന്തുചെയ്യും? തുടങ്ങി മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിലേക്ക് സംവിധായകൻ പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നു. തന്റെ കുടുംബജീവിതം ഇല്ലാതാകും എന്ന ബോധ്യം വേട്ടയാടുമ്പോഴും ജീവനുതുല്യം സ്‌നേഹിക്കുന്ന പിതാവിനെ ദയാവധത്തിനു വിട്ടുകൊടുക്കുവാൻ തയ്യാറാകാതെ വിഷമിക്കുന്ന മകന്റെ ഉള്ളുലയ്ക്കുന്ന മനോവ്യാപാരങ്ങളെ അതി മനോഹരമായി സമുദ്രക്കനി തന്നിലേക്ക് ആവാഹിച്ച് പരകായ പ്രവേശം നടത്തിയിരിക്കുകയാണ് തലൈകൂത്തൽ എന്ന സിനിമയിലൂടെ..
