ബ്രഹ്മപുരത്ത് പുകയണയ്ക്കാൻ ഏറ്റവും ഫലപ്രദം നിലവിലെ രീതി: വിദഗ്ധ സമിതി

Kerala NEWS

ബ്രഹ്മപുരത്ത് പുകയണയ്ക്കാൻ മാലിന്യം ഇളക്കി മറിച്ച് വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധ സമിതി യോഗം വിലയിരുത്തി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിലാണ് വിദഗ്ധ സമിതി യോഗം ചേർന്നത്.

പുക അണയ്ക്കുന്നതിന് മറ്റു മാർഗങ്ങൾ യോഗം ചർച്ച ചെയ്തെങ്കിലും ബ്രഹ്മപുരത്തെ സാഹചര്യത്തിൽ ഇവയൊന്നും ഫലപ്രദമല്ല. തീപിടിത്തത്തെ തുടർന്ന് നിലവിൽ അവശേഷിക്കുന്ന പുക പൂർണമായും അണയ്ക്കുന്നതിനും ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കുന്നതിനുമുള്ള നിർദേശങ്ങളും യോഗം ചർച്ച ചെയ്തു. 

പുക ഉയരുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് വിദഗ്ധ സമിതി വിവിധ നിർദേശങ്ങൾ മുന്നോട്ടു വച്ചു. തീയും പുകയും പൂർണ്ണമായി അണയ്ക്കുന്നതിനാണ് പ്രാഥമിക പരിഗണന. തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഇൻഫ്രാറെഡ് തെർമൽ ക്യാമറകളും എച്ച് എച്ച് ഗ്യാസ് മോണിറ്ററുകളും വാങ്ങാൻ തീരുമാനിച്ചു.

പുക ഉയരുന്ന സാഹചര്യത്തിൽ റിസ്ക് അനാലിസിസ് നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി. തീപിടിത്തത്തെ തുടർന്ന് പ്ലാന്റിൽ അവ ശേഷിക്കുന്ന ചാരം ഉടൻ നീക്കാനും യോഗം നിർദേശിച്ചു. 

എം.ജി. സർവകലാശാലയിലെയും കുസാറ്റിലെയും പരിസ്ഥിതി ശാസ്ത്രജ്ഞർ, കുസാറ്റിലെ അഗ്നി സുരക്ഷാ വിഭാഗം, എൻ ഐ ഐ എസ് ടി, പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ വിദഗ്ധരും ദുരന്ത നിവാരണ അതോറിറ്റി, ഫയർ ആന്റ് റെസ്ക്യൂ, കേന്ദ്ര – സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *