കൂഴങ്കൾ ഫെയിം സംവിധായകൻ പി എസ് വിനോദ് രാജിൻ്റെ അടുത്ത ചിത്രത്തിൽ അന്ന ബെന്നും സൂരിയുമാണ് നായികാനായകന്മാരായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ പേര് പുറത്തുവിട്ടിരിക്കുന്നു, കൊട്ടുക്കാളി.
ദി ലിറ്റിൽ വേവ് പ്രൊഡക്ഷൻസുമായി ചേർന്ന് ശിവകാർത്തികേയൻ പ്രൊഡക്ഷൻസാണ് ചിത്രത്തെ പിന്തുണയ്ക്കുന്നത്. പി എസ് വിനോദ് രാജിൻ്റെ കൂഴങ്കൾ (2021) ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2021-ലെ ഐഎഫ്എഫ്ആർ ടൈഗർ അവാർഡും ഇതിന് ലഭിച്ചു. കൊട്ടുക്കാളിയെ കുറിച്ച് സഹനിർമ്മാതാവ് കലൈ അരസു പറയുന്നു, “മനുഷ്യരെയും അവരുടെ വികാരങ്ങളെയും കുറിച്ചാണീ സിനിമ.”
വെട്രിമാരൻ്റെ വിടുതലൈ എന്ന ചിത്രത്തിന് ശേഷം സൂരി നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് കൊട്ടുക്കാളി. അന്ന ബെന്നിനെ സംബന്ധിച്ചിടത്തോളം, ഈ ചിത്രം തമിഴ് സിനിമാ വ്യവസായത്തിലെ അരങ്ങേറ്റം കുറിക്കും. 2019 ലെ മലയാളം ചിത്രമായ ഹെലനിലെ ടൈറ്റിൽ റോളിലൂടെയാണ് അന്ന കൂടുതൽ അറിയപ്പെടുന്നത്. കൊട്ടുക്കാളിയുടെ തിരക്കഥയ്ക്ക് അനുയോജ്യരായ അഭിനേതാക്കാളാണ് സൂരിയും അന്ന ബെന്നും എന്ന് കലൈ അരശു കൂട്ടിച്ചേർക്കുന്നു.
സിനിമയുടെ പേര് അപൂർവമായ ഒരു വാക്കാണ്. അതിൻ്റെ പിന്നിലെ അർത്ഥം വിശദീകരിച്ചുകൊണ്ട് കലൈ പറയുന്നു, “കൊട്ടുക്കാളി എന്നത് സ്നേഹത്തിനും ശാസനയ്ക്കും ഉപയോഗിക്കുന്ന ഒരു സംഭാഷണ പദമാണ്.” ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ പൂവൻകോഴികളെ കുറിച്ച് അദ്ദേഹം പങ്കുവെക്കുന്നു, “കൊട്ടുക്കാളിയിലെ ഒരു കഥാപാത്രം പോലെയാണ് കോഴി. ഇത് തിരക്കഥയിൽ ഒരു ഉത്തേജകമായി പ്രവർത്തിക്കുന്നു.” സിനിമയുടെ സാങ്കേതിക ടീമിൽ ഛായാഗ്രാഹകൻ ബി ശക്തിവേലും എഡിറ്റർ ഗണേഷ് ശിവയും ഉൾപ്പെടുന്നു.
