ഹന്ത! ചമ്മന്തി
ജോയ് ഡാനിയേൽ
പ്രിയപെട്ടവരെ, ചമ്മന്തി എന്ന് കേട്ട് ഇതൊരുമാതിരി പള്ളിപ്പെരുന്നാളിന് ചീറ്റിയ പടക്കകഥയാണെന്ന് കരുതരുത്. ചമ്മന്തിയും പഴങ്കഞ്ഞിയും ഒക്കെ തലയിൽ മുണ്ടുമിട്ട് നാട്ടുകവലകളിൽ ജങ്ക് ഫുഡ്ഡുകൾക്ക് വഴിമാറി നടക്കുന്നെങ്കിലും തീൻമേശയിലെ എളിയവരിൽ എളിയവനായ ഈ ഐറ്റംകൊണ്ട് അടിയന് ഇച്ചിരി പണികിട്ടി. അതും നുമ്മ ദുഭായിൽ. പറ്റിയ പറ്റ് പായൽപോലെ പറ്റിപ്പിടിച്ചത് ഭക്ഷണത്തിൽ ആയിരുന്നില്ലതാനും.
പണികിട്ടിയത് എന്താണ്, ഏതാണ് എന്നുള്ളതൊക്കെ നാടകാന്തം കവിത്വം എന്നപോലെ വെളിവും വെള്ളിയാഴ്ച്ചയും ഉള്ളവർക്ക് വെളിവായിക്കൊള്ളും.
സംഭവ ഭൂമിക ദുബായിലെ ഖിസൈസ് ഷെയ്ഖ് കോളനിക്കടുത്തായി വരും. ഞങ്ങൾ ഒരുപിടി ആൾക്കാർ തേനും ചക്കരയും കണക്കെ ജീവിക്കുന്ന സുന്ദരസുരഭില കാലം. മറ്റുള്ള ബാച്ചിലേഴ്സിനെപ്പോലെ അലമ്പന്മാരായിരുന്നില്ല ഞങ്ങൾ എന്ന് ഹൈലൈറ്റ് ചെയ്യുന്നു. കൃത്യസമയത്ത് ജോലിക്ക് പോവുകയും (പോയില്ലേൽ നാട്ടിൽ ഏതെങ്കിലും കലുങ്കിൽ പോയിരിക്കാം), മൂന്നുനേരം ഭക്ഷണം സ്വന്തം അടുക്കളയിൽ നാടൻ രീതിയിൽ തയ്യാറാക്കി കൊണ്ടുപോവുകയും നാട്ടിലുള്ളവർ ഓർത്ത് വെള്ളം വിഴുങ്ങുകയും ചെയ്യുന്ന ഡീസന്റ് പാർട്ടിസ്. ജോലി കഴിഞ്ഞ് വന്നുകയറിയാൽ ദാമ്പത്യസുഖം ഫോണിലൂടെ ചൊറിച്ചിലും, പിഴിച്ചിലും വിവിധ സരസ്വതീരൂപത്തിൽ അനുഭവിച്ച് പായുന്ന പാച്ചിലേഴ്‌സ്. ചുരുക്കിപ്പറഞ്ഞാൽ, ഇവിടെ ഫ്ലാറ്റിൽ ഞങ്ങളും നാട്ടിൽ അറബിനാട്ടിലെ മരത്തിൽനിന്നും മാസാമാസം ഉലുത്തിയിടുന്ന പണം കൈപ്പറ്റുന്ന വീട്ടുകാർക്കും സന്തോഷം.
പ്രവാസികൾ തച്ചുമ്പുറത്ത് പണിയും, നാട്ടിൽ എ. ടി.എം മെഷീൻ പൈസാ പെറും, ബാഗ്അ തൂക്കി നടന്ന് പെണ്ണുമ്പിള്ളമാർ കാശ് വീശി കൃതാർത്ഥരാകും. ലോകാ സമസ്താ സുഖിനോ ഭവന്തു!
ദൈവം സഹായിച്ച് റൂമിൽ കൈകൊണ്ട് മെയ് ചൊറിയുന്ന ശീലം എനിക്കില്ല. അമ്മച്ചിയാണേൽ എന്നെ അച്ചപ്പട്ടത്തിന് വിടാൻ കരുതിവച്ചിരുന്നതിനാൽ പാചകം പഠിപ്പിച്ചിട്ടുമില്ല. അതിനാൽ തന്നെ മൂന്നുനേരം സഹമുറിയന്മാർ ഉണ്ടാക്കുന്ന ഭക്ഷണം മൃഷ്ടാന്നഭോജനമായി തട്ടുന്ന എന്നോട് ‘ആണായാൽ അഭിമാനപൂരിതമാകണം അന്തരംഗം’ എന്ന മട്ടിൽ ഭാര്യയെന്ന ഉറുത്താപ്പുഴു ഒരിക്കൽ സംസാരിച്ചു. മൂന്നുനേരം ഈച്ചയെ ആട്ടിയിരുന് ഞണ്ണാൻ നാണമില്ലേ ആര്യപുത്രാ’ എന്നായിരുന്നു അവൾ ഉരചെയ്തത്. അല്ലെങ്കിൽ തന്നെ വാമഭാഗം ഫോൺ വിളിക്കുമ്പോൾ ഒരു കയ്യിൽ ഫോണും മറ്റേക്കയ്യിൽ ചൊറിയണത്തിന്റെ ഇലയും പിടിച്ചോണ്ടാണല്ലോ നിൽക്കുന്നത്. വിളി നടക്കുന്നതിനിടയിൽ ഇടയ്ക്കിടെ ആ ഇല ദേഹത്ത് തേച്ചുകൊണ്ടിരിക്കും. അങ്ങനെയാകുന്നുവത്രേ ദാമ്പത്യവല്ലരിയിൽ ചൊറിച്ചിൽ പൂവിട്ട് പുഷ്പിക്കുന്നത്.
ഒള്ളതുപറഞ്ഞാൽ പ്രിയ ഭാര്യ സുസു പറഞ്ഞത് പച്ചപരമാർത്ഥമാണെന്ന് ചിന്തയുടെ നാട്ടുകുഴിയിൽ കിടന്ന് അടിയനും ബോധ്യമായി. അങ്ങനെ ഓസിന് കിട്ടിയാൽ ആസിഡും കുടിക്കണ്ട. പാതി ഭവതി കൊണ്ടുപോയെങ്കിലും അണ്ണാൻ ചപ്പിയ മാമ്പഴം പോലെ ഇച്ചിരിയൊക്കെ പുരുഷത്വം ഇനിയും ബാക്കിയുണ്ടല്ലോ.
“സുസു, നീ കണ്ടോ, ഞാൻ നാളെതൊട്ട് വെളുപ്പിന് എണീറ്റ് ഈ റൂംമേറ്റ്സ് എന്ന പൂത്തക്കോടൻമാർക്ക് ബ്രേക്‌ഫാസ്റ് ഉണ്ടാക്കുമെടീ. ഞാനേ, ആണായി പിറന്നവനാ. നോക്കിക്കോ”. പുത്തൂരം വീട് ഉള്ളിൽ ഉണർന്നു.
പിറ്റേന്ന് കല്ലിൽപിളർക്കുന്ന വിളംബരം മുറിൽ എന്നിൽനിന്നും കേട്ട റൂമേറ്റുകൾ ഞെട്ടി. നാളെമുതൽ ഈ ഞാൻ തനിയെ ബ്രേക്ക്ഫാസ്റ്റ് നിർമ്മിക്കാൻ പോകുന്നു! ലോകപ്രശസ്തനായിത്തീരേണ്ടവനും മലയാള ഭാഷാസൗകുമാര്യം വിളംബരം ചെയ്യേണ്ടുന്നവനുമാകുന്ന ഒരെഴുത്തുകാരനാണ് ദേഹണ്ഡം ഏൽക്കാൻ പോകുന്നത്! ഈ ദേഹണ്ഡം എന്ന് കേൾക്കുമ്പോൾ അനുവാചകർക്ക് ദണ്ണം ഉണ്ടാകുമെങ്കിലും സത്യത്തിന് നേരെ സൈറ്റടിക്കാൻ എഴുത്തുകാരന് പറ്റുമോ?
“വേണേൽ ചക്ക വേരേലും കായ്ക്കും” റൂമിലെ മാസ്റ്റർ ഷെഫ്, മൂത്തകാക്ക വാക്കാൽ അനുഗ്രഹിച്ചു. തന്നിൽ നിക്ഷിപ്തമായിരിക്കുന്ന കിരീടവും ചെങ്കോലും ‘ഇന്നാ പിടിച്ചോടാ അലവലതീ’ എന്ന മട്ടിൽ ഗൾഫിലെ ഉമിക്കരിയായ സെൻസോഡൈൻ കൊണ്ട് മിനുക്കിയ ദന്തനിരക്കാട്ടി ഇളിച്ച് ഇങ്ങോട്ട് ഭരമേൽപ്പിച്ചു. ‘പിതാവേ, ചെയ്യുന്നത് എന്തെന്ന് അറിയുന്നില്ല’ എന്ന രൂപേണ മർമ്മം അറിയാതെ അടുക്കളകർമ്മം ചുമ്മാടില്ലാതെ തലയിൽ.
നിങ്ങൾ വിചാരിക്കും ഈയുള്ളവൻ എന്താണ്ട് ഹിമാലയ സാനുക്കൾ എടുത്ത് ശിരസ്സാവച്ചൂന്ന്. കാര്യം സിംപിൾ, ഡിംപിൾ ആൻഡ് ഹംബിൾ. ആഴ്ച്ചയിൽ അടുക്കളയിൽ ആറ് ജോലിദിനങ്ങൾ. ഉല്പത്തിയിലും അത്യന്നതങ്ങളിലെ ദൈവം അങ്ങനെയായിരുന്നല്ലോ. ആറുദിവസം ആഞ്ഞപണി കഴിഞ്ഞ് ഏഴാംദിവസം ആണല്ലോ ഇതിയാനും വിശ്രമിച്ചത്.
സന്ധ്യയായി ഉഷസ്സായി ഒന്നാം ദിവസം. തലേദിവസം വാങ്ങിയ റെഡിമേഡ് അരിപ്പൊടി വെള്ളത്തിൽ കുതിർത്ത് പുട്ട്കുറ്റിൽ കയറ്റുക. ‘ഇന്നാ പിടിച്ചോ’ എന്ന മട്ടിൽ ആവികേറ്റി പുറത്തെടുത്ത് കുഞ്ഞ് പുട്ടുകളെ പ്രസവിപ്പിക്കുക, വാങ്ങിയ പഴം ഒരെണ്ണം വീതം വയ്ക്കുക. ‘പുട്ടും പഴവും ഉണ്ടാകട്ടെ’ എന്ന് മുകളിലേക്ക് നോക്കി അരുളിചെയ്യാതെ, മാറ്റർ ക്ളോസ്.
സന്ധ്യയായി പ്രഭാതമായി രണ്ടാം ദിവസം. കടയിൽ നിന്ന് വാങ്ങിയ ദോശമാവ് ഇഡ്ഡലി കുട്ടകത്തിൽ തൂവുക. തലേദിവസത്തെപ്പോലെ അവികേറ്റി എടുക്കുക. തേങ്ങാ ചുരണ്ടിയത് മിക്സിയിലിട്ട് ‘ഓം ക്രീം കുട്ടിച്ചാത്താ’ എന്ന ശബ്ദത്തോടെ അരയ്ക്കുക. ലാത്തിരി പൂത്തിരി കമ്പിത്തിരി മട്ടിൽ കടുക് വറുത്ത് അരച്ച തേങ്ങാവിപ്ലവം അതിലേക്ക് വിതറുക. അപ്പോൾ “അശ്ശ് ശേ” എന്നൊരു അശരീരി ഉണ്ടാകും. പരിഭ്രമിക്കരുത്. ഇതും പ്രഷർകുക്കർ വിസിലും ഒക്കെ അടുക്കളയിലെ സൃഷ്ടിയുടെ വേദനയാകുന്ന രോദനങ്ങളാകുകുന്നുവല്ലോ. തന്നുടെ സൃഷ്‌ടി നന്നായിരിക്കുന്നു എന്ന് സ്വയം പ്രഖ്യാപിച്ച് സാധനം പായ്ക്ക് ചെയുക.
വീണ്ടും സന്ധ്യയാകും ഉസ്സസ്സാകും. ഇങ്ങനെ ആറുദിവസം ആറുകടക്കുന്നപോലെ ആറ് കാര്യങ്ങൾ നിവർത്തിയാകും. സത്യം പറഞ്ഞാൽ ദൈവം തമ്പുരാൻ പോലും സൃഷ്ടിയിൽ മനുഷ്യപുത്രന്മാരുടെ അത്ര കഷ്ടപെട്ടിട്ടുണ്ടാകില്ല. അദ്ധേഹം ആകാശത്തിരുന്ന് അതുണ്ടാകട്ടെ, ഇതുണ്ടാകട്ടെ എന്നൊക്കെ വാമൊഴി വഴിയാണല്ലോ ഈ കണ്ട കുണ്ടാമണ്ടികൾഎല്ലാം ഉണ്ടാക്കിയത്. ഞാനോ, ഭവാന്റെ ശാപഗ്രസ്ഥമാകും വചനങ്ങളാൽ നെറ്റിയിലെ വിയർപ്പുകൊണ്ട് പുട്ടുണ്ടാക്കി കഴിക്കുന്നു, കഴിപ്പിക്കുന്നു. ഹവ്വാ അമ്മച്ചി പാമ്പുവഴി പഴത്തിലൂടെ പാപം ചെയ്‌ത് വേദനയോടെ പെറ്റു. ഈയുള്ളവൻ ദുബായിലെ ഫ്ലാറ്റിൽ ചേതനയറ്റ് പെട്ടു.
തൊള്ള നിറച്ച് തള്ളാൻ ലഭിക്കുമ്പോൾ സഹമുറിയന്മാർക്ക് സന്തോഷം. എനിക്ക് സന്തോഷം. സുസുവിന് നാനാത്വത്തിൽ ഏകത്വം പോലെ ആണത്വത്തിൽ പെണ്ണത്വം ദർശിച്ചതിൽ ആനന്ദവും അഭിമാനഭാരവും. സുഖം സ്വസ്ഥം സുഷുപ്‌തം. ജീവിതം അളുഗളം ഇമ്മാതിരി ഒഴുകുന്ന വേളയിലാണ് പ്രസ്‌തുത ചമ്മന്തികഥയുടെ യവനിക ഉയരുന്നത്.
പതിവ് പോലെ ചേമ്പിലയിൽ വെള്ളം വീണവണ്ണം ഒഴുക്കസ്യ ഇഡ്ഡലിയും തേങ്ങാ ചമ്മന്തിയും ഉണ്ടാക്കി വീതം വച്ച്, ബാഗും തൂക്കി ജോലിക്ക് പോകാൻ തയ്യാറായി. റൂമിൽ ബാക്കിയെല്ലാവരും നമ്മുടെ ഗ്രാമദേശമായ ഗാന്ധിമുക്കിൽ കൂരാപ്പിന് പന്നിയിറങ്ങി മുക്രയിടുന്നപോലെ കുംഭകർണ്ണവിളയാട്ടമാണ്. നെറ്റിയിലെ വിയർപ്പിൽ അപ്പം ഭക്ഷിക്കുന്ന ഞാനാണ് എന്നും ആദ്യം ജോലിക്ക് ഇറങ്ങുന്നത്. അഞ്ച്മാസം ഗർഭധ്വനി ഉളവാക്കുന്ന ഇൻസേർട്ട് ചെയ്‌ത വയറിൽ നോക്കി നെടുവീർപ്പിട്ട്, മുടിചീകി, സ്പ്രേയും പൂശി പുറത്തിറങ്ങാനായി എലിയെപ്പിടിക്കാൻ മാളത്തിൽ കൈ കടത്തും മട്ടിൽ ഷൂസ് ഇടുമ്പോളാണ് ഓർമ്മയുടെ പല്ലി ചിലച്ചത്. ബാഗിൽ ബ്രേക്ക്ഫാസ്റ്റ് എടുത്തുവച്ചില്ല!. അമാന്തിക്കാതെ സാധനംമെടുത്ത് ബാഗിലിട്ട് ഷൂവിനകത്ത് കിടക്കുന്ന കാലും പൊക്കി ഏറുകൊണ്ട പട്ടിയെപ്പോലെ ജോലിസ്ഥലത്തേക്ക് മാരത്തോൺ.
ശീഘ്രസ്യഭോജനം. ഓഫീസിലെത്തി ജോലി തുടങ്ങുംമുമ്പ് വായിലോട്ട് ഇഡ്ഡലി തെള്ളിവിടുന്നതിനെപ്പറ്റി കൂലങ്കഷമായ ചിന്തയ്‌ക്കൊടുവിൽ സ്വയം നിർമ്മിത പ്രഭാത ഭക്ഷണമേ, നിനക്ക് വന്ദനം നന്ദി ചൊല്ലി ബാഗിൽ നിന്നും സാധനം എടുത്തു. നോക്കുമ്പോൾ ചമ്മന്തി കാണാനില്ല. കാലത്ത് പ്ലാസ്റ്റിക് കവറിലാണ് ചമ്മന്തി കെട്ടിക്കൊണ്ട് വന്നിരുന്നത്. ഞാൻ ബാഗ് തിരിച്ചും മറിച്ചും നോക്കി. ഇഡ്ഡലിലൈലയുടെ മജ്‌നുവിനെ കാണാനില്ല. ഇനി ആരെങ്കിലും ചമ്മന്തി എടുത്തോണ്ട് പോയോ?. ഈ ഭൂലോകത്ത് ഒരുത്തനേം വിശ്വസിക്കാൻ മേല. ഓഫീസിലെ പയ്യന്മാരോട് കാര്യം തിരക്കി. എൻറെ കൈപ്പുണ്യം മണത്തറിഞ്ഞ അന്യൻറെ മുതൽ ആഗ്രഹിക്കുന്ന ഏതേലും വിവരദോഷി സ്റ്റഫ് അടിച്ചുമാറ്റിയോ?
“സാർ, ആരും എടുത്തില്ല. ഞങ്ങൾ അത്തരക്കാരല്ല സാർ” പിള്ളേർ ആത്മാർത്ഥത പുഴുങ്ങി കീറിവിളിക്കാൻ തുടങ്ങി. അല്ലേൽ തന്നെ ചമ്മന്തിയായിട്ട് ആരെടുത്ത് തിന്നാനാ?. സ്വയം ആശ്വസിച്ച് പാമ്പ് ഇരയെടുക്കുന്ന വിധത്തിൽ ഇഡ്ഡലി ഒരുവിധത്തിൽ വിഴുങ്ങി, ഇച്ചിരി വെള്ളവും അണ്ണാക്കിലൊഴിച്ച് കൊടുത്തു. ഉപ്പില്ലാത്ത കഞ്ഞി, വള്ളിയില്ലാത്ത അണ്ടർവെയർ എന്നീ വാക്കുകളെ അന്വർത്ഥമാക്കുന്ന പ്രഭാതഭക്ഷണം കഴിഞ്ഞും കൂലങ്കഷമായി ആലോചിച്ചു. എന്നാലും എൻറെ പള്ളീ, ഈ ചമ്മന്തി എവിടെപ്പോയി ഒളിച്ചു? വഴീൽ എവിടെയെങ്കിലും വീണോ? ബാഗ് തുറന്നാണോ ഇരുന്നത്? ചോദ്യങ്ങളുടെ കിനാവള്ളി ആകെയങ്ങ് കേറി മേഞ്ഞു.
നഷ്ടചിന്തയുടെ ചില്ലകളിൽ ഊഞ്ഞാലാടിയ നേരത്ത് ഖിസൈസിലെ റൂമിൽ വേറൊരു നാടകത്തിന് തിരശീല പൊങ്ങുകയായിരുന്നു.
മൂത്തകാക്ക ഒഴികെ എല്ലാവരും ജോലിക്ക് പോയി. കാക്ക കുളിച്ച് കൊക്കായില്ലെങ്കിലും കോഞ്ഞാട്ടയാകരുതെന്ന ചിന്തായാൽ കുട്ടപ്പനായി പാന്റിട്ടു, ഇന്സേര്ട്ട് ചെയ്‌തു. ഏവം മംഗളം ശുഭം മട്ടിൽ ദൈവത്തെ വിളിച്ച് ബാഗും തൂക്കി ഇറങ്ങാൻ ഷൂസെടുത്ത് കാലിൽ കേറ്റി. ഷൂസ് ഇട്ടതും പാണ്ടിലോറി കേറിയ മാക്രിയെപ്പോലെ ‘ടപ്പ്’ എന്നൊരു ശബ്‌ദം കേട്ട കാക്ക തിരിഞ്ഞുനോക്കി. ക്ലാ..ക്‌ളീ..ക്ലൂ.. എന്താണ് അപശബ്ദം?
ഷൂവിനകത്ത് കിടന്ന കാലിൽ ചെറിയ അന്റാർട്ടിക്ക അനുഭവം അഥവാ ധനുമാസക്കുളിര്!. കാക്ക ഞെട്ടലോടെ അണലിയുടെ കടിയേറ്റമട്ടിൽ ഷൂവിൽ നിന്നും കാൽ വലിച്ചൂരിയപ്പോൾ കണ്ടത്…. വീണിതല്ലോ കിടക്കുന്നു ചമ്മന്തി ഷൂവിനുള്ളിൽ അയ്യോ ശിവ ശിവ! ഒരുമാതിരി പച്ചച്ചാണകം ചവിട്ടിയ പ്രതീതിയിൽ കാല് വലിച്ചൂരി കാക്കാ ദുർവ്വാസാവിനെപ്പോലെ അമറി.
“ഏത് എരപ്പാളിയാടാ ഷൂവിനകത്ത് ചമ്മന്തി കേറ്റിവച്ചിട്ട് പോയത്?”
അപ്പോൾ അങ്ങ് ദൂരെ ഓഫീസിൽ ഇരുന്ന് അടിയൻ രണ്ട് തുമ്മ് തുമ്മി.
കാക്ക അന്ന് ഉച്ചകഴിഞ്ഞാണ് ജോലിക്ക് പോയത്. ലയനസുഖം തേടി നാട്ടിൽ പോകാൻ വാങ്ങിയ പുതുപുത്തൻ ഷൂവിൽ പേസ്റ്റ് പരുവത്തിൽ ലയിച്ചുചേർന്ന ചമ്മന്തി, തൊഴുത്തിൽ ചാണകം വാരിക്കളയും പോലെ വാരിക്കോരി കളഞ്ഞ് കഴുകി തുടച്ച് വെയിലത്ത് വച്ച് പാതിയുണക്കി അതുമിട്ട് വർക്ക് ഈസ് വർഷിപ്പ് ഭാവത്തിൽ ജോലിക്ക് പോയി. ഷൂവിനകത്തെ പാദത്തിന്റെ അനുഭവം പുഞ്ചപ്പാടത്ത് ചവിട്ടി നിൽക്കുന്നത് പോലെയാണെന്ന് പ്രത്യേകം പറയണ്ടല്ലോ.
സൂര്യഭഗവാൻ കടലിൽ സ്നാനത്തിനി ഇറങ്ങിയ മൂവന്തി നേരത്ത് ‘ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ’ മട്ടിൽ തിരികെ വന്നപ്പോൾ, മുറിയിൽ കൂലങ്കഷമായ ചർച്ച. എന്നെ ഒഴികെ എല്ലാവരെയും കാക്ക പ്രതിയാക്കിയിരിക്കുകയാണ്. ഞാൻ എഴുത്തുകാരൻ. പോക്രിത്തരം കാട്ടാത്ത സാഹിത്യകാരൻ, ഡീസന്റ് പാർട്ടി, മാന്യമന്നൻ. തന്നോടുള്ള പൂർവ്വവൈരാഗ്യം തീർക്കാൻ കൂടെയുള്ള മറ്റ് ഊച്ചാളികകളിൽ ആരോ ഷൂസിൽ ചമ്മന്തി തള്ളിക്കേറ്റിയതാണെന്ന് കാക്ക ഉറച്ചുവിശ്വസിച്ചു. ഊന്നിയൂന്നി പറയുകയും ചെയ്‌തു.
മാന്യനായ ഞാൻ മിണ്ടാൻ പോയില്ല. കാക്കയ്ക്ക് ഇങ്ങോട്ടുള്ള മതിപ്പ് കളയണ്ട. സ്നേഹം ആണല്ലോ അഖിലസാരം ഊഴിയിൽ. സ്നേഹിക്ക ഉണ്ണീ ദ്രോഹിക്കുന്ന ജനത്തെയും എന്നൊക്കെയാണല്ലോ വിവരമുള്ളവർ കുറിച്ചിരിക്കുന്നത്. എന്നാലിനിയൊരു കഥയെഴുതാം മട്ടിൽ ഞാൻ പേനയെടുത്തു.
ഒരു തച്ച് പണികഴിഞ്ഞപോലെ കഥയെഴുതിക്കഴിഞ്ഞപ്പോൾ രാവിലെ നടന്ന സംഭവങ്ങൾ ഫ്‌ളാഷ്ബാക്കാക്കി. ധൃതിപിടിച്ച് ബ്രേക്ക്ഫാസ്റ്റ് എടുത്ത് വച്ചപ്പോൾ കൈതട്ടി അറിയാതെ ചമ്മന്തി പാക്കറ്റ് കിറുകൃത്യം എങ്ങനെ കാക്കയുടെ ഷൂവിനകത്ത് വീണു എന്നുള്ളത് ഇന്നും പ്രഹേളിക. അല്ലേൽതന്നെ ഈ ഭൂലോകത്ത് നമ്മൾ അറിയാത്ത എത്രയോ കാര്യങ്ങൾ! ദൈവം, പിശാച്, ഭൂതം, കാളികൂളി, ബർമുഡ ട്രയാങ്കിൾ എന്നുവേണ്ട പലപല കിടുവടിസൂത്രങ്ങൾ ഉണ്ടന്നല്ലാതെ നേരിട്ട് കാണാനോ നിജസ്ഥിതി ഗ്രഹിക്കാനോ ആയിട്ടില്ലല്ലോ. കാണാത്തതിനെ വിശ്വസിക്കരുതെന്ന് നമ്മുടെ മൂപ്പിലാന്മാരുടെ തലയിൽ വെള്ളമൊഴിച്ച് മാർഗ്ഗം കൂടിപ്പിച്ച തോമാശ്ലീഹാ പറഞ്ഞിട്ടുമുണ്ട്.
ചമ്മന്തി, ഇഡ്ഡ്ലി, ദോശ ഇത്യാദി സാധനങ്ങൾ തൊള്ളയിലേക്കിടാൻ മാത്രമല്ല പ്രത്യതാ, ഇമ്മാതിരി ചില പോക്കണം കേടുകൾക്കും കാരണഭൂതമാകും എന്ന് ഇതിനാൽ മാന്യരായ നാട്ടുകാർ മനസ്സിലാക്കി കൊള്ളുവിൻ.
ഹന്ത ചമ്മന്തി ശുഭം.
