ഒയോ റൂംസ് സ്ഥാപകൻ റിതേഷ് അഗർവാളിൻ്റെ പിതാവ് രമേഷ് അഗർവാൾ ഗുരുഗ്രാമിലെ ബഹുനില കെട്ടിടത്തിൻ്റെ 20-ാം നിലയിൽ നിന്ന് വീണ് മരിച്ചു. റിതേഷ് അഗർവാളിൻ്റെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഇത്. ഈ ദുഃഖസമയത്ത് ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്ന് റിതേഷ് അഗർവാൾ ഒരു പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
“ഞങ്ങളുടെ വഴികാട്ടിയായ വെളിച്ചവും ശക്തിയുമായിരുന്ന എൻ്റെ പിതാവ് ശ്രീ രമേഷ് അഗർവാൾ മാർച്ച് 10 ന് അന്തരിച്ചുവെന്ന് ഹൃദയഭാരത്തോടെ ഞാനും കുടുംബവും പങ്കിടാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഒരു സമ്പൂർണ്ണ ജീവിതം നയിച്ചു, എന്നെയും ഞങ്ങളിൽ പലരെയും എല്ലാ ദിവസവും പ്രചോദിപ്പിച്ചു. അദ്ദേഹത്തിൻ്റെ മരണം ഞങ്ങളുടെ കുടുംബത്തിന് തീരാ നഷ്ടമാണ്. എൻ്റെ പിതാവിൻ്റെ അനുകമ്പയും ഊഷ്മളതയും ഞങ്ങളുടെ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു. ഈ ദുഃഖസമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,” റിതേഷ് അഗർവാൾ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതെന്ന് ഗുരുഗ്രാം ഈസ്റ്റ് ഡിസിപി പറഞ്ഞു. “രമേശ് അഗർവാൾ ബഹുനില കെട്ടിടമായ ഡിഎൽഎഫ് ദി ക്രെസ്റ്റിന്റെ 20-ാം നിലയിൽ നിന്ന് വീണു, അപ്പാർട്ട്മെന്റിൻ്റെ ബാൽക്കണിയിൽ നിന്നാണ് വീണത്, മരണസമയത്ത് അദ്ദേഹത്തിൻ്റെ ഭാര്യയും മകൻ റിതേഷ് അഗർവാളും ഭാര്യയും അപ്പാർട്ട്മെൻ്റിൽ ഉണ്ടായിരുന്നു.ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയില്ല. മരണത്തിൻ്റെ സാഹചര്യത്തെക്കുറിച്ച് കുടുംബത്തിൽ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ല,”അദ്ദേഹം പറഞ്ഞു.
പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. രമേഷ് അഗർവാൾ ഭാര്യയ്‌ക്കൊപ്പം ഉയർന്ന നിലയിലുള്ള ഒരു അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്.
ഈ ആഴ്ച ആദ്യം, 29 കാരനായ റിതേഷ് അഗർവാൾ ഫാർമേഷൻ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഡയറക്ടർ ഗീതാൻഷ സൂദിനെ വിവാഹം കഴിച്ചു. ഡൽഹിയിലെ റിസപ്ഷനിൽ പേടിഎമ്മിൻ്റെ വിജയ് ശേഖർ ശർമ്മ, സോഫ്റ്റ് ബാങ്കിൻ്റെ മസയോഷി സൺ, ഭാരത്പേ മുൻ സഹസ്ഥാപകൻ അഷ്നീർ ഗ്രോവർ, ഭാരതി എയർടെല്ലിൻ്റെ സുനിൽ മിത്തൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
