ബ്രഹ്‌മപുരം തീപിടിത്തം: മന്ത്രിതല യോഗം ചേര്‍ന്നു

Kerala NEWS

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യുന്നതിന് മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, മേയര്‍ എം. അനില്‍ കുമാര്‍, എംഎല്‍എമാരായ പി.വി. ശ്രീനിജിന്‍, എല്‍ദോസ് കുന്നപ്പിള്ളി, ടി.ജെ. വിനോദ്, അനൂപ് ജേക്കബ്, കെ.ബാബു, കെ.ജെ. മാക്‌സി, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍, റൂറല്‍ എസ് പി വിവേക് കുമാര്‍, സബ് കളക്ടര്‍ പി. വിഷ്ണു രാജ്, എഡിഎം എസ്. ഷാജഹാന്‍, ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണ്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

രാജ്യത്ത് ലഭ്യമാകുന്ന എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി: മന്ത്രി പി. രാജീവ്

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും തുടര്‍ന്നുണ്ടായ പുകയും അണയ്ക്കുന്നതിന് രാജ്യത്ത് ലഭ്യമാകുന്ന എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെന്ന് മന്ത്രി പി. രാജീവ്. സര്‍വകലാശാലകള്‍, മാലിന്യ സംസ്‌കരണ വിദഗ്ധര്‍ തുടങ്ങി ലഭ്യമായ വിദഗ്ധരുടെയെല്ലാം അഭിപ്രായം ഏകോപിപ്പിച്ച് കൃത്യമായാണ് പദ്ധതി നടപ്പാക്കിയത്. നേരത്തേ മൂന്ന് തവണ തീപിടിത്തമുണ്ടായപ്പോഴും നാല് ദിവസങ്ങള്‍ക്കുള്ളില്‍ അണഞ്ഞു. എന്നാല്‍ ഇത്തവണ അത് ഒന്‍പത് ദിവസം വരെ നീണ്ടു. തുടര്‍ന്ന് സര്‍ക്കാരിന്റെ സജീവമായ ഇടപെടലുണ്ടായി. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഏകോപന സംവിധാനമുണ്ടാക്കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ മാലിന്യക്കൂമ്പാരം ഇളക്കി അകത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രാവും പകലും നടത്തി. 55 എസ്‌കവേറ്ററുകളാണ് ഇതിനായി ഉപയോഗിച്ചത്. നേവിയുടെയും വ്യോമസേനയുടെയും സേവനം പ്രയോജനപ്പെടുത്തി. 

ജില്ലാ കളക്ടര്‍ ചുമതലയേറ്റ ശേഷം ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രാത്രിയില്‍ സബ് കളക്ടറുടെയും ഡെപ്യൂട്ടി കളക്ടറുടെയും നേതൃത്വത്തില്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഇതേ തുടര്‍ന്ന് നിലവില്‍ 80% ഭാഗത്തെയും പുക ശമിപ്പിക്കാനായി. ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെയും സിവില്‍ ഡിഫന്‍സിന്റെയും കോര്‍പ്പറേഷന്‍ ജീവനക്കാരുടെയും എസ്‌കവേറ്റര്‍ ഡ്രൈവര്‍മാരുടെയും വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് നടക്കുന്നത്. എട്ട് സെക്ടറുകളായി തിരിഞ്ഞാണ് പുക അണയ്ക്കല്‍. ഇനി മൂന്ന് സ്ഥലത്താണ് പുക അണയ്ക്കാനുള്ളത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. 

ബ്രഹ്‌മപുരത്ത് നിന്നുയരുന്ന പുകയെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ഒന്‍പത് മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു. രണ്ട് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കുന്നു. മരുന്നുകള്‍ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു. ബ്രഹ്‌മപുരത്തേക്ക് പ്ലാസ്റ്റിക് കൊണ്ടുപോകരുതെന്ന് തീരുമാനിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യനീക്കം ആരംഭിച്ചിട്ടുണ്ട്. 

തീപിടിത്തവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം നടക്കുകയാണ്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ വിപുലമായ അന്വേഷണം നടത്തണമെങ്കില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. ബ്രഹ്‌മപുരത്തു നിന്നുയരുന്ന പുക ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പടനം നടത്തുന്നത് പരിഗണിക്കുകമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കര്‍മ്മ പദ്ധതിയുമായി സര്‍ക്കാര്‍. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. മൂന്ന് മാസത്തോളം നീണ്ടു നില്‍ക്കുന്ന ഏഴിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് സമയക്രമം നിശ്ചയിച്ചത്. ബ്രഹ്‌മപുരം പ്ലാന്റിലേക്ക് മാലിന്യമെത്തുന്നത് കുറക്കുകയാണ് ലക്ഷ്യം. പ്ലാന്റിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടു വരുന്നത് നിരോധിച്ചിട്ടുണ്ട്. 

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി എം.ബി. രാജേഷ് കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 11ന് ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. 

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ ശക്തമായി നടപ്പാക്കാനാണ് തീരുമാനം. ഇക്കാര്യം പ്രഖ്യാപിച്ചത്. വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉറവിട മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ് മാസ്റ്റര്‍ പ്ലാന്‍. ഏപ്രില്‍ പത്തിനകം ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഇതിന് വേണ്ട സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജനപ്രതിനിധികള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇത് നടപ്പാക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ ചട്ടപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. ഫ്‌ളാറ്റുകളിലും ഗേറ്റഡ് കോളനികളിലും ഉള്‍പ്പടെ പദ്ധതി നടപ്പാക്കും. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി വിജിലന്‍സ് പരിശോധയും ജനകീയ ഓഡിറ്റിങ്ങും ഉള്‍പ്പടെയുള്ള സംവിധാനങ്ങളും നടപ്പാക്കും.

ഉറവിട മാലിന്യ സംസ്‌കരണം, വാതില്‍പ്പടി സേവനം, മാലിന്യങ്ങളുടെ സംഭരണത്തിനും നിര്‍മാര്‍ജനവും, ശുചിമുറി മാലിന്യ സംസ്‌കരണം, പൊതുസ്ഥലത്ത് നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങിയവയാണ് കര്‍മ്മ പദ്ധതിയിലുള്ളത്. ഇതിനോടകം പുരോഗതികള്‍ വിലയിരുത്തിന്നതും നടപടികള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും വാര്‍ റൂമുകളും ഒരുക്കും. കളക്ടറേറ്റില്‍ ജില്ലാതല വാര്‍ റൂമും അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രാദേശിക വാര്‍ റൂമും തയാറാക്കും. 

പൊതു സ്ഥലങ്ങളിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഹരിത കര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, റസിഡന്റ് അസോസിയേഷനുകള്‍, യുവജന ക്ലബുകള്‍, എന്നിവയുമായി സഹകരിച്ചാകും പ്രവര്‍ത്തനങ്ങള്‍. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയായിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ഇതിനായി വാര്‍ഡുകളിലും 50 വളന്റിയര്‍മാര്‍ വീതമുള്ള രണ്ട് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ഇതോടൊപ്പം മഴക്കാല പൂര്‍വ്വ ശുചീകരണവും ശക്തമാക്കും. പ്രധാന കേന്ദ്രങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. ഇവ ദിവസേന വൃത്തിയാക്കുന്നതിനായി ഹരിത കര്‍മ സേനയെ ചുമതലപ്പെടുത്തും. 

മാലിന്യം സംഭരിക്കുന്നതിനുള്ള മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ മാര്‍ച്ച് 31നകം സ്ഥാപിക്കണം. മാലിന്യങ്ങള്‍ അളക്കുന്നതിനുള്ള ത്രാസ്, തരം തിരിച്ച് കയറ്റി വിടുന്ന മാലിന്യത്തിന്റെ കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നതിനായി വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവ സജ്ജമായിരിക്കണം.

വാതില്‍പ്പടി സേവനം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം ശക്തമാക്കും. എല്ലാ വാര്‍ഡുകളിലും രണ്ട് ഹരിതകര്‍മസേനാംഗങ്ങള്‍ വീതമുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ഇല്ലാത്ത സ്ഥലങ്ങളില്‍ എത്രയും വേഗം ഇതിനുള്ള നടപടികള്‍ സ്വീകരിക്കണം. 

ഹരിത കര്‍മസേനക്ക് യൂസര്‍ഫീ നല്‍കുന്നത് നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും കുടിശിക വന്നാല്‍ വസ്തുനികുതിയോടൊപ്പം പിരിച്ചെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും.

ശുചിമുറി മാലിന്യ സംസ്‌കരണം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. ശേഖരിക്കുന്ന മാലിന്യങ്ങള്‍ പുറത്തു തള്ളുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഇത്തരം മാലിന്യങ്ങള്‍ ശേഖരിക്കുന്ന ലോറികളില്‍ ജി.പി.എസ് സംവിധാനം ഒരുക്കും. തിരുവനന്തപുരത്ത് പരീക്ഷിച്ച് വിജയം കണ്ട സംവിധാനമാണിത്. 

കര്‍മ്മ പദ്ധതിയുടെ പുരോഗതി കൃത്യമായ ഇടവേളകളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ കൗണ്‍സില്‍ യോഗങ്ങള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷം സെക്രട്ടറി മുഖേന ജില്ലാ ഭരണകൂടത്തെ അറിയിക്കണം. ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളും നടത്തണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *