യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍

Crime

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ തിരുവനന്തപുരത്ത് പിടിയില്‍. വക്കം നിലയ്ക്കാമുക്ക് ഇടി വീണ വിള വീട്ടില്‍ ജയന്‍ (47), വിതുര ആനപ്പാറ തുളസി വിലാസം വീട്ടില്‍ വിജിത്ത് (37), ഒറ്റൂര്‍ വെയിലൂര്‍ മനീഷ് ഭവനില്‍ മനീഷ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂര്‍ പോലീസാണ് പ്രതികളെ പിടികൂടിയത്.
വക്കം നിലയ്ക്കാമുക്ക് പൂച്ചെടിവിള വീട്ടില്‍ വിഷ്ണുവിനെ (30) നിലയ്ക്കാമുക്കിന് സമീപം തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വിഷ്ണുവിന്റെ അമ്മയെ അസഭ്യം പറഞ്ഞതും ഭീഷണപ്പെടുത്തിയതും സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
ഫെബ്രുവരി അഞ്ചിന് രാത്രി പത്തുമണിയോടെ വിഷ്ണു ഗണപതിപ്പുര അമ്പലത്തിലേക്ക് പോകുന്ന സമയത്ത് വഴിയില്‍ തടഞ്ഞുനിര്‍ത്തി ചുറ്റിക കൊണ്ടും മരക്കഷ്ണം കൊണ്ടും തലയ്ക്കടിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിഷ്ണു താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിന് ശേഷം പ്രതികള്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ താമസിച്ചു വരികയായിരുന്നു.
ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിനായി വര്‍ക്കല ഡിവൈഎസ്പി മാര്‍ട്ടിന്റെ നിര്‍ദ്ദേശപ്രകാരം കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സജിന്‍ ലൂയിസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *