കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍.
ഇടുക്കി ജില്ലയിലെ തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ലിബിന്‍ ജോര്‍ജാണ് ഒരു ലക്ഷം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്. മ്ലാവിന്റെ കൊമ്പ് പിടിച്ച കേസില്‍ നിന്ന് ഒഴിവാക്കാനുള്ള കൈക്കൂലിയായിട്ടാണ് ലിബിന്‍ ജോര്‍ജ് പരാതിക്കാരനോട് തുക ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിന് പരാതി നല്‍കുകയും ലിബിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ്
തൊടുപുഴ സ്വദേശിയായ വ്യക്തിയുടെ വീട്ടില്‍ നിന്ന് മ്ലാവിന്റെ കൊമ്പ് കണ്ടെത്തിയത്. ഈ കേസില്‍ നിന്ന് മോചിപ്പിക്കാം പകരം ഒരു കുപ്പി മദ്യം നല്‍കി കാണേണ്ടത് പോലെ കണ്ടാല്‍ മതി എന്നായിരുന്നു ഫോറസ്റ്റ് ഓഫീസര്‍ പരാതിക്കാരനോട് ആദ്യം ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഒരു കുപ്പി മദ്യവുമായി ക്വാര്‍ട്ടേഴ്സില്‍ എത്തിയ പരാതിക്കാരനോട് ഇതു പോരായെന്നും കേസില്‍ നിന്ന് ഒഴിവാക്കുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നും ലിബിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സിന്റെ കിഴക്കന്‍ മേഖല പോലീസ് സൂപ്രണ്ട് ശ്രീ വി ജി വിനോദ് കുമാറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം വിജിലന്‍സ് ഇടുക്കി യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജി ജോസിന്റെ പദ്ധതി പ്രകാരം വൈകുന്നേരം ഏഴ് മണിയോടെ മുട്ടത്തുള്ള റേഞ്ച് ഓഫീസറുടെ ക്വാര്‍ട്ടേഴ്സില്‍ എത്തി പരാതിക്കാരന്‍ ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കുകയുമായിരുന്നു. പണം വാങ്ങുന്നതിനിടയില്‍ ലിബിന്‍ ജോര്‍ജിനെ വിജിലന്‍സ് കയ്യോടെ പിടികൂടി. പ്രതിയെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

