ആകെ കൺഫ്യൂഷനിലായിരിക്കുന്ന ഞാൻ ഒരു ആശ്വാസത്തിനുവേണ്ടിയാണ് ഈ കത്തെഴുതുന്നത്.
ഹൈറേഞ്ചിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽനിന്നും ജോലിക്കുവേണ്ടി ഈ സിറ്റിയിലേക്ക് വന്നുപെട്ട 18 വയസ്സുള്ള പെൺകുട്ടിയാണ് ഞാൻ. അച്ഛനും അമ്മയും അഞ്ച് സഹോദരങ്ങളുമുണ്ട്. ഞാൻ നാലാമത്തേതാണ്. മൂത്ത സഹോദരൻ ചെന്നൈയിലാണ്. ബാക്കിയുള്ളവർ നാട്ടിൽ പഠിക്കുന്നു. ഒരു കർഷകത്തൊഴിലാളിക്കുടുംബമായിരുന്നു ഞങ്ങളുടേത്.
ആദ്യംവന്ന സമയത്ത് നല്ലൊരു ഹോസ്റ്റലിലാണ് ഈ നഗരത്തിൽ ഞാൻ താമസിച്ചിരുന്നത്. ഒപ്പം മുറിയിലുണ്ടായിരുന്നവർ എന്നേക്കാൾ സാമ്പത്തികശേഷിയുള്ളവരും കുറച്ചുകൂടി ഗ്ലാമറസ്സായ ജോലികൾ ഉള്ളവരുമായിരുന്നു. ഇവിടെ ഒരു ഇടത്തരം ഫിനാൻസ് കമ്പനിയിലാണ് ഞാൻ വർക്ക് ചെയ്തിരുന്നത്. സൗന്ദര്യത്തിന്റെ കാര്യത്തിൽ അവരെക്കാൾ ഞാൻ ഒട്ടും പിന്നിലല്ലെങ്കിലും വരുമാനത്തിന്റെ വിഷയത്തിൽ ഒരുപാട് പുറകിലായിരുന്നു. അതുകൊണ്ടുതന്നെ പുതിയ ഫാഷനിലുള്ള ഡ്രസ്സുകളോ ആഭരണങ്ങളോ വാങ്ങാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇത് എന്നെ വല്ലാതെ തളർത്തിയിരുന്നു. റൂംമേറ്റ്‌സിന്റെ കളിയാക്കലും പരിഹാസങ്ങളും സഹിക്കാനാവാതെ പലതവണ പുറത്തിറങ്ങി ഞാൻ കരഞ്ഞിട്ടുണ്ട്.
അങ്ങനെയിരിക്കെയാണ് നാട്ടിൽനിന്നും എന്റെ ഒരു പഴയ ആൺസുഹൃത്ത് ഇവിടെ സിറ്റിയിൽ എത്തുന്നത്. പലതവണ മുൻപ് എന്നോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുള്ള അവനെ അപ്പോഴെല്ലാം ഞാൻ തഴയുകയായിരുന്നു. പക്ഷേ, ഇവിടെവച്ച് അവനെ കണ്ടപ്പോൾ അപ്പോഴത്തെ എന്റെ മാനസികാവസ്ഥയിൽ എന്തുകൊണ്ടോ അവനോടെനിക്ക് പ്രണയം തോന്നിത്തുടങ്ങി. ആദ്യമൊക്കെ അവന് ചെറിയൊരു സംശയം തോന്നിയെങ്കിലും പിന്നീട് ഞങ്ങൾ തമ്മിൽ ഒരുപാട് അടുത്തു. അത് മെല്ലെ ശാരീരികവേഴ്ചയിലേക്കും നീങ്ങി. ഞാൻ അവനെ വശീകരിച്ച് കൊണ്ടുവന്നു എന്നു പറയുന്നതാവും ശരി. എന്റെ ശരീരം അവനൊരു വീക്ക്‌നെസ്സ് ആണെന്നു മനസ്സിലായതോടെ അവനിൽനിന്ന് പണമായും ഡ്രസ്സുകളായും സമ്മാനങ്ങൾ ചോദിച്ചുവാങ്ങാൻ തുടങ്ങി. സാമ്പത്തികമായി തകരുന്ന രീതിയിൽ വരെ എത്തിയപ്പോൾ സ്ഥലം മാറ്റം വാങ്ങി അവൻ മുംബൈയിലേക്ക് പോയി.
പിന്നീട് കുറച്ചു ദിവസങ്ങൾ ചെറിയൊരു ഒറ്റപ്പെടൽ തോന്നി. പക്ഷേ, വളരെ പെട്ടെന്നു തന്നെ ബിസിനസ്സുകാരനായ ഒരാളുമായി ഞാൻ അടുപ്പത്തിലായി. അയാളുടെ പണത്തിൽത്തന്നെയായിരുന്നു എന്റെ കണ്ണ്. അതിനുവേണ്ടി അയാൾക്കു വഴങ്ങിക്കൊടുക്കുകയായിരുന്നു. ഭാര്യയും മൂന്നു മക്കളുമുള്ള അയാളുമായുള്ള അടുപ്പം എന്നെ മറ്റൊരു ട്രാക്കിലാണ് എത്തിച്ചത്. പുള്ളി പറയുമ്പോഴൊക്കെ അയാളുടെ ഫാം ഹൗസിൽ അയാളുടെ കൂട്ടുകാരോടൊപ്പവും കഴിയേണ്ടി വന്നിട്ടുണ്ട്. അങ്ങനെ അവരുടെ കണക്ഷനിൽ ഉള്ളവരുമായും എനിക്ക് സൗഹൃദങ്ങളും ശാരീരിക ബന്ധങ്ങളും ഉണ്ടായിത്തുടങ്ങി. ഇതിനിടയിൽ, ഉണ്ടായിരുന്ന ചെറിയ ജോലി ഉപേക്ഷിച്ച് ഒരു കോൾഗേളിന്റെ തലത്തിലേക്ക് ഞാൻ മാറി. നാട്ടിലേക്ക് വൻ തുകകൾ അയച്ചുകൊടുക്കാനും വീട് പുതുക്കിപ്പണിയാനുമൊക്കെ സാധിച്ചു. ആർക്കും എന്റെ യഥാർത്ഥ ജോലി ഇപ്പോൾ അറിയില്ല. നാട്ടിൽ നിന്ന് അച്ഛനെയും അമ്മയെയുമൊക്കെ ഈ സിറ്റി കാണിക്കാൻ കൊണ്ടുവരണമെന്നുണ്ട്. പക്ഷേ ഭയമാണ്.
ഇപ്പോൾ ആലോചിക്കുമ്പോൾ എല്ലാം എനിക്കുപോലും വിശ്വസിക്കാനാവുന്നില്ല. നാട്ടിൽവച്ച് ഒരാൺകുട്ടിയുടെ മുഖത്തുപോലും തലയുയർത്തി നോക്കാൻ ധൈര്യമില്ലാതിരുന്ന ഞാൻ ഇപ്പോൾ ഒരുപാട് പുരുഷന്മാരുടെ അടുത്ത സുഹൃത്താണ്. വീട്ടുകാരൊഴികെ മറ്റാരോടും ലോകത്തിൽ ആത്മാർത്ഥതയോ സ്‌നേഹമോ ഇല്ലാത്ത നിലയിലേക്ക് ഞാൻ മാറിക്കഴിഞ്ഞു. ഇതിൽ നിന്നെല്ലാം ഒരു മോചനം നേടി ഒരു പുതിയ ജീവിതം തുടങ്ങണമെന്നുണ്ട്. കുറേ ദിവസം സാധിക്കാറുണ്ട്. പക്ഷേ, മൊബൈലിൽ പണവുമായി ഏതെങ്കിലും യുവാവ് വിളിക്കുമ്പോൾ വീണ്ടും ഞാൻ പുറപ്പെടാറുണ്ട്.
യഥാർത്ഥത്തിൽ ലൈംഗികസുഖമൊന്നും വലുതായി എനിക്ക് കിട്ടാറില്ല. പക്ഷേ, അതൊന്നും എന്റെ പങ്കാളികളെ അറിയിക്കാതെ അഭിനയിക്കുകയാണ് ഞാൻ. സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള എന്റെ ആർത്തിപിടിച്ച സ്വഭാവത്തോട് ഇപ്പോൾ എനിക്കുതന്നെ വെറുപ്പുതോന്നിത്തുടങ്ങിയിരിക്കുന്നു.
എല്ലാം അവസാനിപ്പിച്ച് എന്റെ പ്രായത്തിലുള്ള ഒരു സാധാരണ പെൺകുട്ടിയെപ്പോലെ ഒതുങ്ങി ജീവിക്കാൻ തോന്നിപ്പോകുന്നു. അതിയായ ആഗ്രഹവുമുണ്ട്. എങ്ങനെ തുടങ്ങണമെന്നോ എവിടെ തുടങ്ങണമെന്നോ അറിയില്ല.
വളരെ ദരിദ്രമായ ചുറ്റുപാടിലായിരുന്നു എന്റെ കുട്ടിക്കാലം. ആഗ്രഹിച്ചതൊന്നും വാങ്ങിത്തരുവാൻ അച്ഛനും അമ്മയ്ക്കും നിവൃത്തിയും ഉണ്ടായിരുന്നില്ല. അയലത്തെ ഒരു ചേട്ടൻ വളരെ ചെറുപ്പത്തിൽ പലതവണ എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. ഒന്നും വ്യക്തമായി എന്റെ ഓർമ്മയിൽ ഇല്ല.
ഒരു പുതിയ ജീവിതം തുടങ്ങാൻ ഞാനെന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരുമല്ലോ.
നിയ, ബാംഗ്ലൂർ
മറുപടി
ജീവിതം പലപ്പോഴും വഴിമാറുന്നത് നമ്മൾപോലും അറിയാതെയാണ്. ചെറിയൊരു തമാശയാണെങ്കിൽപ്പോലും അത് നമ്മുടെ ഉൾമനസ്സിൽ എവിടെയെങ്കിലും ‘അരുത്’ എന്ന സന്ദേശം നൽകുന്നുണ്ടെങ്കിൽ ഓർക്കുക, അതിർവരമ്പുകൾ നമ്മൾ ചാടിക്കടക്കുകയാണ്. തെറ്റുകൾക്ക് സ്വയം തിരുത്തപ്പെടാനാവില്ല. നമുക്ക് സൂചനകൾ നൽകാനേ കഴിയൂ. പക്ഷേ, അവയെ വീണ്ടും അവഗണിച്ചുകൊണ്ടിരുന്നാൽ മെല്ലെ മെല്ലെ ആ അഴുക്കുചാലിലൂടെ നമ്മൾ ഒഴുകിക്കൊണ്ടേയിരിക്കും. സമ്പൂർണ്ണ നാശത്തിന്റെ നടുക്കടലിൽ എത്തുംവരെ.
വളരെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർത്തപ്പെട്ട പെൺകുട്ടിയുടെ ഒരു ലഘുജീവിതക്കുറിപ്പുതന്നെയാണ് ഈ കത്ത്. വായനക്കാരിൽ കുറേപ്പേർക്കെങ്കിലും അത്ഭുതവും അമ്പരപ്പും മാത്രമല്ല ചിലരിൽ അവജ്ഞയും ചിലപ്പോൾ ഉണ്ടായേക്കാം.
‘ജീവിതം അതിന്റെ പൂർണ്ണതയോടെതന്നെ അടിച്ചുപൊളിക്കാനുള്ളതാണ്’ എന്ന കാഴ്ചപ്പാടിന്റെ കാലത്താണ് താങ്കളും ഞാനുമൊക്കെ ജീവിക്കുന്നത്. തെറ്റിനും ശരിക്കും നൽകുന്ന വ്യാഖ്യാനങ്ങളും നിർവചനങ്ങളുംപോലും വ്യത്യസ്തമാണിപ്പോൾ. നാട്ടിൻപുറത്തുനിന്നും തൊഴിൽതേടി അന്യസംസ്ഥാന നഗരത്തിലെത്തിയപ്പോൾ ചുറ്റുപാടുകൾ നൽകിയ സ്വാതന്ത്ര്യവും തിരിച്ചറിയില്ല എന്ന ‘സമാശ്വാസവും’ അറിഞ്ഞോ അറിയാതെയോ താങ്കൾ ദുരുപയോഗപ്പെടുത്തി എന്നതാണ് സത്യം. ഒരാൾ മാത്രമല്ല ഒരുപാടുപേർ ഇത്തരം സാഹചര്യങ്ങളിൽ കാലിടറി വീഴാറുണ്ട്.
ജനിച്ചുവളർന്ന വീട്ടിലെ പരിമിതമായ സാമ്പത്തികസ്ഥിതികളിൽ നിന്നുള്ള ഒരു മോചനം എന്നും താങ്കളുടെ ഒരു സ്വപ്നമായിരുന്നിരിക്കാം. താമസിക്കാൻ തരപ്പെട്ട സിറ്റിയിലെ ഹോസ്റ്റൽമുറിയിൽ മറ്റു പെൺകുട്ടികളാൽ താഴ്ത്തപ്പെട്ടപ്പോഴുണ്ടായ അമർഷമാകാം ഒട്ടും നല്ലതല്ലാത്ത വഴിയിലൂടെ നടന്ന് പണം സമ്പാദിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചത്. അതേപോലെതന്നെ ആണുങ്ങളുടെ ‘മുഖത്തുപോലും നോക്കാതെ’ വളർന്ന താങ്കൾ ഒടുവിൽ ഒരുപാട് ആണുങ്ങളുടെ പ്രിയതോഴിയായി മാറി.
ഓർക്കുക, തീർത്തും നെഗറ്റീവായ അനുഭവങ്ങളിൽ നിന്നും സാവധാനം രൂപപ്പെട്ട സ്വഭാവ സവിശേഷതകളാണ് താങ്കളുടേത്. കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞ ബാല്യകാലത്തിന്റെ ആഘാതം എങ്ങനെയും സമ്പന്നയാവുക എന്ന ചിന്ത നിങ്ങളിൽ ഉണർത്തി. തന്നെ തരംതാഴ്ത്തിയവരോടും അംഗീകരിക്കാത്തവരോടുമുള്ള അടിച്ചമർത്തിയ കോപം സ്വന്തം ശരീരം ഉപയോഗിച്ചാണെങ്കിലും ആർഭാട ജീവിതം നയിക്കണമെന്ന അത്യുത്ക്കടമായ മോഹം നിങ്ങളിൽ വിരിയിച്ചു.
ചെറുപ്പകാലത്ത് അനുഭവിയ്‌ക്കേണ്ടിവന്ന ലൈംഗികബന്ധത്തിന്റെ സുഖകരവും അസുഖകരവുമായ ഓർമ്മകൾ ആ വഴിതന്നെ തേടാൻ താങ്കളെ പ്രേരിപ്പിച്ചിരിക്കാം. ആൺകുട്ടികളോട് വളരെ അകന്നുമാത്രം നിന്ന ചെറുപ്പകാലത്ത് അവരുമായി അടുത്തിടപഴകാനുള്ള ഉൾമനസ്സിന്റെ ത്വര താങ്കൾ മനപ്പൂർവ്വം അടക്കിവച്ചതുതന്നെയാവണം. അന്തർമുഖികളായ പെൺകുട്ടികളാണ് പലപ്പോഴും പിന്നീട് പറ്റിയ അവസരം കിട്ടുമ്പോൾ സകല അതിരുകളും ലംഘിക്കാറുള്ളത്. എല്ലാത്തിലും ഒരുവിധം സമചിത്തത പാലിച്ച് ആൺപിള്ളേരോട് ചിരിച്ചും കളിച്ചുമൊക്കെ നടക്കുന്ന പെൺകുട്ടികൾ ഗൗരവകരമായ ‘അപകടങ്ങളിൽ’ പൊതുവെ ചെന്നു ചാടാറില്ല.
എന്തായാലും മാതാപിതാക്കളുടെ അശ്രദ്ധ ശൈശവ ബാല്യകാലങ്ങളിൽ ഉണ്ടായിരുന്നുവെന്നത് വ്യക്തം. ഇല്ലായ്മകളുടെ സംഭവങ്ങൾക്കൊപ്പം, നഷ്ടപ്പെട്ട കന്യകാത്വം സമ്മാനിച്ച കൂസലില്ലായ്മയും ഒരു കോൾഗേളാവാനുള്ള മാനസികാവസ്ഥയിലേക്ക് നിങ്ങളെ നയിച്ചിരിക്കാം.
ഇതുവരെ താങ്കളുടെ ജീവിതത്തിലൂടെ കടന്നുപോയ വലുതും ചെറുതുമായ നിരവധി അനുഭവങ്ങളുടെ ആകെത്തുകയാണ് ഇപ്പോഴുള്ള വ്യക്തിത്വം.
അതുകൊണ്ടുതന്നെ ആ വ്യക്തിത്വത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കഴിഞ്ഞകാല അനുഭവങ്ങളുടെ സ്വാധീനം (ഓർമ്മയല്ല) താങ്കളിൽ നിന്നും മാറ്റപ്പെടേണ്ടിയിരിക്കുന്നു. എച്ച്.ആർ.ടി. പോലെയുള്ള അത്യാധുനിക മാനസികപ്രശ്‌ന ചികിത്സാ ശാസ്ത്രങ്ങൾ ഇതിന് വളരെ പ്രയോജനപ്രദമാണ്. മരുന്നോ, ഷോക്കോ, ഹിപ്‌നോട്ടിസമോ ഇല്ലാതെയുള്ള ഈ ചികിത്സ അതിവേഗം ഒരു പുതിയ പെൺകുട്ടിയാവാൻ നിങ്ങളെ സഹായിക്കും. ആശംസകൾ.
