തങ്കത്തിൻ്റെ കാണാപ്പുറങ്ങൾ

Cinema

മരിയ റോസ്

ഒരേ Sub-Genre ല്‍ പെടുത്താവുന്ന ചില മലയാളം സിനിമകളാണ് : യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ഈ കണ്ണി കൂടി, ഒരു മെയ്മാസപ്പുലരിയില്‍, നീയെത്ര ധന്യ, ഉത്തരം, കഥാവശേഷന്‍ etc. സി ബി ഐ ഡയറിക്കുറിപ്പ്‌ പോലൊരു കുറ്റാന്വേഷണചിത്രത്തില്‍ നിന്ന് ഈ ചിത്രങ്ങളെ മാറ്റി നിര്‍ത്തുന്ന ചിലതെല്ലാമുണ്ട്. പോലീസോ ഒരു അമേച്വര്‍ അന്വേഷകനോ നടത്തുന്ന അന്വേഷണം സിനിമയില്‍ ഫീച്ചര്‍ ചെയ്യുന്നുണ്ട് എങ്കിലും അവയില്‍ മിക്കവയും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ അല്ല. ചില മരണങ്ങള്‍ക്ക് പിന്നിലുള്ള സത്യാന്വേഷണമാണ് അവ. കുറ്റവാളി ആരാണ് എന്ന ഉദ്വേഗത്തില്‍ ഉപരി കൊലയാളിയുടെയോ ഇരയുടെ ഒക്കെ ഒരു ക്യാരക്ടര്‍ സ്റ്റഡി, മനശാസ്ത്രം ഇവയിലൊക്കെയാണ് ഈ സിനിമകളുടെ ഫോക്കസ്. എങ്കിലും ഉദ്വേഗം, തെളിവുകളില്‍ നിന്ന് തെളിവുകളിലേയ്ക്ക്, സംശയിക്കപ്പെടുന്നവരില്‍ നിന്ന് സംശയിക്കുന്നവരിലേയ്ക്ക്, ചോദ്യം ചെയ്യലുകള്‍ ഇവയെല്ലാം സാമ്പ്രദായിക കുറ്റാന്വേഷണ നോവലുകളിലേത് പോലെ ഈ സിനിമയിലും വരുന്നുണ്ട്. ഡാഫ്നെ ഡു മോറിയെയുടെ No Motive എന്ന കഥ ഈ ഗണത്തിലെ ഒരു ക്ലാസിക് ആണ്. ( മലയാളത്തില്‍

ഉത്തരം എന്ന സിനിമയ്ക്ക് ആധാരമായി പിന്നീട് ഈ കഥ) ഈ ചിത്രങ്ങളുടെ നിരയിലേയ്ക്ക് ഉള്‍പ്പെടുത്താവുന്നതാണ് ശ്യാം പുഷ്കരന്‍ എഴുതി സഹീദ് അരാഫത്ത് സംവിധാനം ചെയ്ത “തങ്കം”.

ഒരു ദുരൂഹമരണത്തിന്‍റെ കാരണം കണ്ടെത്താനുള്ള അന്വേഷണമാണ് ഇതിവൃത്തം. സിനിമ മരണത്തിലേയ്ക്കും അന്വേഷണത്തിലേയ്ക്കും എത്തിച്ചേരാന്‍ സമയമെടുക്കുന്നുണ്ട്. വളരെ വിശദമായ അവതരണരീതി സിനിമ അവലംബിക്കുന്നു. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ സ്വര്‍ണത്തിന്‍റെ ട്രാന്‍സാക്ഷന്‍, അവയുടെ പ്രത്യേകതകള്‍, അതില്‍ ഇടപെടുന്നവരുടെ ജീവിതം, ഈ ഇടപാടില്‍ ഏര്‍പ്പെടുന്നവരുടെ ബന്ധങ്ങള്‍, പ്രയോറിറ്റികള്‍ രഹസ്യങ്ങള്‍ ഇതെല്ലാം സിനിമ പറയുന്ന മിസ്റ്ററിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നത് സിനിമയെ സങ്കീര്‍ണമാക്കുന്നുണ്ട്. ഈ ഗണത്തില്‍ പെട്ട മറ്റ് സിനിമകളില്‍ കണ്ട് വരുന്നത് അന്വേഷണത്തില്‍ ഓരോരുത്തരുടെ മൊഴിയിലൂടെ, അവയുടെ ഫ്ലാഷ് ബാക്ക് ചിത്രീകരണത്തിലൂടെ മരണപ്പെട്ട വ്യക്തിയുടെ മുന്‍പ് പ്രകടമല്ലാത്ത വ്യക്തിത്വം പതിയെ അനാവരണം ചെയ്യുക എന്നതാണ്. തങ്കത്തില്‍ സംഘത്തിന്‍റെ അന്വേഷണവഴികളെ, ചോദ്യം ചെയ്യലുകളെ, അഥവാ Police Procedure നെയാണ് സിനിമ പിന്തുടരുന്നത്. കണ്ണന്‍ എന്ന വ്യക്തിയെക്കുറിച്ച് അന്വേഷണത്തിലൂടെ വെളിപ്പെടുത്തുന്നതിനെക്കാള്‍ സിനിമയിലെ അയാളുടെ സ്ക്രീന്‍ ടൈമിലുള്ള സൂചനകള്‍ വഴിയാണ് വെളിപ്പെടുത്തുന്നത്. അത്ര ജാഗ്രതയില്ലാത്ത ഒന്നാം കാഴ്ച അത് കൊണ്ട് തന്നെ സിനിമയുടെ ക്ലൈമാക്സ് പ്രേക്ഷകര്‍ക്ക് പകരുന്നതില്‍ ഫലപ്രദമാകുന്നില്ല എന്നാണ് എനിക്ക് അനുഭവപ്പെട്ടത്.

ഇത്തരം സിനിമകളുടെ ക്ലൈമാക്സ് ഒരു ആഘാതമൂല്യം, ഒരു മരവിപ്പ്, മനസ്സിന്‍റെ അപ്രവചനീയത അനുഭവപ്പെടുതുന്നതായിരിക്കണം എന്നാണ് ഈ Subgenre Intend ചെയ്യുന്നത് എന്ന് ഞാന്‍ കരുതുന്നു. തങ്കം അവതരിപ്പിക്കുന്ന ക്ലൈമാക്സിന് ആ ആഘാതമൂല്യം ഉണ്ട് എന്നിരിക്കെത്തന്നെ ആ വെളിപ്പെടുത്തലിന് പര്യാപ്തമാകും വിധം ആ കഥാപാത്രത്തെ Explore ചെയ്യുന്നില്ല എന്നെനിക്ക് തോന്നുന്നു. എനിക്ക് തോന്നുന്നത് കണ്ണന്‍റെ ദുരൂഹവ്യക്തിത്വം, അയാളുടെ Current ആയ സൈക്കോളജിക്കല്‍ സ്റ്റാറ്റസ്, സോഷ്യല്‍ സ്റ്റാറ്റസ്, ഫിനാന്‍ഷ്യല്‍ സ്റ്റാറ്റസ് ഇതെല്ലാം പോലീസ് Investigation ന്‍റെ ഭാഗമായിത്തന്നെ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു എന്നാണ്. അത് പോലെ–ഒരു സാധാരണ കുറ്റാന്വേഷണ ചിത്രത്തിന്‍റെ ശൈലി അവലംബിക്കുന്ന വിധത്തില്‍ ചില കാര്യങ്ങള്‍ സിനിമ വിശദമായി ചിത്രീകരിക്കുന്നു. ഉദാഹരണത്തിന്–ഒരു സസ്പെക്റ്റിന് വേണ്ടിയുള്ള അന്വേഷണം–അയാളുടെ വീട്ടില്‍ ഭാര്യയെ ചോദ്യം ചെയ്യുന്നത്, ഷാഡോയിംഗ്, ബസ് സ്റ്റേഷന്‍, തീയ്യറ്റര്‍, വിശദമായ സംഘട്ടനം…. ഇതെല്ലാം എടുത്ത രീതി മോശമാണ് എന്നല്ല, അതൊന്നും സിനിമയുടെ End Factor ലേയ്ക്ക് Contribute ചെയ്യുന്നതല്ല. അതിന് ആ സസ്പെക്ടിനെ പോലീസിന് ലഭിച്ചാല്‍ മാത്രം മതി.

സിനിമയുടെ ഒടുവിലത്തെ വെളിപ്പെടുത്തല്‍ വരെ സിനിമ തികച്ചും ഉദ്വേഗജനകമായിരുന്നു എന്നും ക്ലൈമാക്സ് തൃപ്തികരമായിരുന്നില്ല എന്ന അഭിപ്രായത്തിന് പിന്നില്‍ മുകളില്‍ പറഞ്ഞ കാരണങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ കരുതുന്നു. മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളാണ് ശ്യാം എന്ന മികവ് അദ്ദേഹം നിലനിര്‍ത്തുന്നുണ്ട്. സംവിധായകന്‍ സഹീദും ഒരു വാഗ്ദാനമാണ്. പെര്‍ഫോമന്‍സുകള്‍ എല്ലാവരും ഒന്നിനൊന്ന് മികച്ചതാണ്. കെ ജി ജോര്‍ജിന്‍റെ ഈ കണ്ണി കൂടിയില്‍ ഈ സിനിമയ്ക്ക് സമാനമായ ഒരു ആഖ്യാനസന്ധിയുണ്ട്.

Over all, വളരെ എന്‍ഗേജിംഗ് ആയ വാച്ച് ആയിരുന്നു സിനിമ.

Leave a Reply

Your email address will not be published. Required fields are marked *