പാലങ്ങളെ ആകര്‍ഷിക്കത്തക്ക നിലയിലേക്ക്  മാറ്റും : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

NEWS

കരിയിലമുക്ക് പാലം നാടിനു സമര്‍പ്പിച്ചു


ജനങ്ങളെ ആകര്‍ഷിക്കത്തക്ക നിലയിലേക്ക് ദീപാലങ്കരങ്ങള്‍ നടത്തി പാലങ്ങളെ മാറ്റുമെന്ന്  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആറന്മുള നിയോജക മണ്ഡലത്തിലെ കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാലങ്ങളെ സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല സഹകരണ സ്വകാര്യ സ്ഥാപനങ്ങളെ കോര്‍ത്തിണക്കി ഈ വര്‍ഷം 50 പാലങ്ങളില്‍ ദീപാലങ്കര പ്രവര്‍ത്തനങ്ങള്‍ നടത്തും.
കായംകുളം, ബേപ്പൂര്‍ മണ്ഡലങ്ങളിലെ രണ്ടു പാലങ്ങള്‍ ഇത്തരത്തില്‍ ദീപാലങ്കരമാക്കിയിരുന്നത്  വിജയകരമായിരുന്നു. വിദേശ രാജ്യങ്ങളില്‍ പാലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. അത്തരത്തില്‍ കേരളത്തിലെയും പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. പൊതു ഡിസൈന്‍ പോളിസി തയാറാക്കി പാലങ്ങളുടെ താഴെഭാഗത്ത് ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം പാര്‍ക്കുകളോ സ്‌കേറ്റിംഗ് പോലെയുള്ള ആവശ്യങ്ങള്‍ക്കോ സൗകര്യ പ്രദമാക്കും. സംസ്ഥാനത്തെ ജനങ്ങളുടെ ആതിഥ്യ മര്യാദയും മതനിരപേക്ഷ മനസും മതസൗഹാര്‍ദ അന്തരീക്ഷവുമാണ് ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ചെറിയ പാലത്തിന് പകരം വീതിയേറിയ പാലം സാധ്യമാക്കുന്നതിലൂടെ നാടിന്റെ ഗതാഗതം സൗകര്യപ്രദമാക്കുന്ന നിലയിലേക്ക് കരിയിലമുക്ക് പാലം മാറുമെന്നും മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 489 കോടി 49 ലക്ഷം രൂപയുടെ പ്രവര്‍ത്തികളിലായി 35 പാലങ്ങള്‍  പൂര്‍ത്തികരിച്ചു. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 1208 കോടി രൂപയുടെ 140 പാലം പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.  85 പാലങ്ങളുടെ  പ്രവര്‍ത്തികള്‍ക്ക് 782 കോടി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. സര്‍ക്കാരിന്റെ രണ്ട് വര്‍ഷ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ചെയ്താണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.



അടിസ്ഥാന സൗകര്യവികസന മേഖലയില്‍
വലിയ മാറ്റം: മന്ത്രി വീണാ ജോര്‍ജ്


അടിസ്ഥാന സൗകര്യവികസന മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നുവെന്ന്
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള നിയോജക മണ്ഡലത്തിലെ കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
 ആറന്മുള നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം പൊതുമരാമത്ത്  റോഡുകളും അത്യാധുനിക ടാറിംഗ് നിലവാരത്തിലേക്ക് ഉയര്‍ന്നു. നാടിന്റെ ആവശ്യമായ പാലങ്ങള്‍, കെട്ടിടങ്ങള്‍, റോഡുകള്‍ പൂര്‍ത്തികരിച്ചു വരുന്നു. ആറന്മുള നിയോജക മണ്ഡലത്തില്‍ കൂടി കടന്നുപോകുന്ന രണ്ട് സംസ്ഥാന പാതകളായ തിരുവല്ല-കുമ്പഴ റോഡിനെയും മാവേലിക്കര-കോഴഞ്ചേരി റോഡിനെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന പ്രധാന ജില്ലാ പാതയാണ് കുമ്പനാട് – ആറാട്ടുപുഴ റോഡ്.  ഈ റോഡ് ഉന്നത നിലവാരത്തില്‍ ബിഎം ആന്റ് ബിസി ടാറിംഗ് നടത്തിയപ്പോള്‍ പാലത്തിന്റെ ബലക്ഷയം മനസിലാക്കിയാണ് വീതിയുള്ള പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. മണ്ഡലത്തില്‍ ബിഎം ബിസി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ അനുമതി ലഭിച്ച റോഡുകളുടെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തികരിക്കും. അതി ദാരിദ്ര്യ ലഘൂകരണത്തിന്റെ ഭാഗമായി ഒരു വീട്ടില്‍ ഒരാള്‍ക്ക് എങ്കിലും തൊഴില്‍, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീയിലൂടെ കൂടുതല്‍ സംരംഭങ്ങള്‍ ഒരുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് കരിയില മുക്ക് പാലം പുനര്‍ നിര്‍മിക്കുന്നതിന് 1.7 കോടി രൂപ അനുവദിച്ചത്.  സിംഗിള്‍ സ്പാന്‍ ഇന്റഗ്രേറ്റഡ് സ്ലാബ് ബ്രിഡ്ജ് ആയി നിര്‍മിച്ചിരിക്കുന്ന പാലത്തിന് ഇരുവശങ്ങളിലും നടപ്പാതയോടുകൂടി മൊത്തം 11 മീറ്റര്‍ വീതിയും 12 മീറ്റര്‍ സ്പാനും ഉണ്ട്. പാലത്തിന്റെ അടിത്തറ പൈല്‍ ഫൗണ്ടേഷന്‍ ആയിട്ടാണ് നിര്‍മിച്ചിട്ടുള്ളത്. ഇരുകരകളിലും ആവശ്യമായ നീളത്തില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ച് പാലത്തിലേക്കുള്ള പ്രവേശന പാത 200 മീറ്റര്‍ നീളത്തില്‍ ബിഎം ആന്‍ഡ് ബിസി ചെയ്ത്, നടപ്പാതകള്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പാകി ആവശ്യമായ റോഡ് സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ, കോയിപ്രം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിലകുമാരി, ഓമനക്കുട്ടന്‍, കെ. എസ്. ഐ. ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ചെറിയാന്‍ പോളച്ചിറക്കല്‍,  വിക്ടര്‍ ടി.തോമസ്, മനോജ് മാധവശേരി, പി.സി. സുരേഷ് കുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ ബിജു വര്‍ക്കി, പൊതുമരാമത്ത് പാലം വിഭാഗം ആലപ്പുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ഐ. നസിം, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പൊതുമരാമത്ത് പാലം സി.ബി. സുഭാഷ്‌കുമാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *