ഇ പി ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തില്‍ അന്വേഷണമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിവാദം മാധ്യമ സൃഷ്ടിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.റിസോര്‍ട്ട് വിവാദവും വിശദീകരണവും ദേശീയ നേതൃത്വത്തെ അറിയിക്കും. വിവാദത്തില്‍ തുടര്‍ തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാവും. ഇന്ധന സെസ് ഏര്‍പ്പെടുത്തിയ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തിരുത്തേണ്ട സാഹചര്യമില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട തുക സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ ഒരിഞ്ച് മുന്നോട്ടേക്ക് പോകാന്‍ പാടില്ലെന്നാണ് യുഡിഎഫും ബിജെപിയും ആലോചിക്കുന്നത്. അതിന് വഴങ്ങാന്‍ തയ്യാറല്ല. പദ്ധതിവിഹിതത്തില്‍ ഉള്‍പ്പെടുത്തി 3.9 ശതമാനം കേരളത്തിന്റെ വിഹിതമായിരുന്നു. അത് 1.9 ആക്കി കുറച്ചു. നഷ്ടപരിഹാരം ലഭിക്കുന്നില്ല. ജിഎസ്ടി നഷ്ടപരിഹാരത്തുകയായി 9000 കോടി ലഭിക്കേണ്ടിയിരുന്നു. അതും ലഭിച്ചില്ല. റവന്യൂ കമ്മിയുടെ ഗ്രാന്റായി 6716 കോടി നല്‍കാനുണ്ട്. അതും ലഭിച്ചിട്ടില്ല. 750 കോടി ജിഎസ്ടി കുടിശ്ശികയായി ലഭിക്കാനുണ്ട്. അതും നല്‍കിയിട്ടില്ല. അത്തരത്തില്‍ 40,000 കോടി കേന്ദ്രത്തില്‍ നിന്നും ലഭിക്കാതിരുന്നാല്‍ കേരളത്തിലെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്ന ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ കഴിയില്ല. ഇന്ധന വില പിന്‍വലിക്കണമെന്നത് രാഷ്ട്രീയ താല്‍പര്യം മാത്രമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

