വിദേശ വനിതയ്ക്ക് നേരെ ബലാല്‍സംഗ ശ്രമം; കേസെടുക്കാന്‍ ഡിസിപി നിര്‍ദ്ദേശം നല്‍കി

Crime

വിദേശ വനിതയെ ടാക്‌സി ഡ്രൈവറുടെ നേതൃത്വത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് എടുക്കാന്‍ ഡിസിപി നിര്‍ദ്ദേശം നല്‍കി. വിഴിഞ്ഞം അടിമലത്തുറയില്‍ വച്ച് വിദേശ വനിതയെ അഞ്ചംഗസംഘം കൂട്ടം ചേര്‍ന്ന് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവം നടന്ന് 48 മണിയ്ക്കൂര്‍ കഴിഞ്ഞിട്ടും വിഴിഞ്ഞം പോലീസ് കേസ് എടുക്കാത്തത് വിവാദമായതിനെ തുടര്‍ന്നാണ് ഡിസിപി നിര്‍ദ്ദേശം നല്‍കിയത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ ഹോട്ടല്‍ ഷെഫ് സംഭവം തടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി രക്ഷപ്പെട്ടു ഹോട്ടലില്‍ അഭയം നേടുകയായിരുന്നു. തുടര്‍ന്ന് അഞ്ചംഗം സംഘം ഷെഫിനെ മാരകമായി ആക്രമിച്ചു.
സംഭവത്തെ തുടര്‍ന്ന് യുവതിയും, ഹോട്ടല്‍ മാനേജ്‌മെന്റും പരാതി നല്‍കി. വിഴിഞ്ഞം സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ എത്തിയ ദ്വിഭാഷിയുടെ സഹായത്തോടെ മൊഴി എടുത്തിരുന്നുവെങ്കിലും വ്യാഴാഴ്ച വൈകുന്നേരം വരെ വിഴിഞ്ഞം പോലീസ് കേസ് എടുക്കുവാനോ പ്രതികളെ പിടികൂടാണാനോ തയ്യാറായില്ല. തുടര്‍ന്ന് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി എത്തി ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഇത് ശ്രദ്ധയില്‍പ്പെട്ട ഡിസിപി വിഴിഞ്ഞം ഇന്‍സ്‌പെക്ടറോട് യുവതിയെ നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്തി കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *