കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുമുള്ള 2506 വാഹനങ്ങള്‍ ഈ മാസം പൊളിക്കാന്‍ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായാണ് പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിനു കീഴില്‍ 884 വാഹനങ്ങളും കെഎസ്ആര്‍ടിസിക്കു കീഴില്‍ 1622 വാഹനങ്ങളുമാണ് പൊളിക്കുക.ഈ മാസം 28ന് മുന്‍പ് പൊളിക്കണം എന്നു ധനവകുപ്പ് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. പൊളിക്കുന്നവയ്ക്ക് പകരമായി വാങ്ങുന്ന പുതിയ വാഹനങ്ങള്‍ക്കു നികുതി ഇളവ് ലഭിക്കും. പൊളിക്കുന്ന വാഹനങ്ങള്‍ക്ക് എന്തെങ്കിലും കുടിശികയുണ്ടെങ്കില്‍ ആ കുടിശ്ശിക എഴുതിത്തള്ളും. ഒരു വര്‍ഷത്തിനുള്ളില്‍ പൊളിക്കുന്നവയ്ക്കാണ് ഈ ഇളവ്.
15 വര്‍ഷം കഴിഞ്ഞവ പരിഗണിച്ചാല്‍ കെഎസ്ആര്‍ടിസിയുടേത് ഉള്‍പ്പെടെ 6153 സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കേണ്ടിവരും. കെഎസ്ആര്‍ടിസിക്ക് 4714 ബസ് പൊളിക്കണം. 15 – 20 വര്‍ഷം പഴക്കമുള്ള 1591 ബസും 20 വര്‍ഷത്തിലേറെ പഴക്കമുള്ള 3123 ബസുമുണ്ട്. 15 വര്‍ഷത്തിലേറെ പഴക്കമുള്ളവയില്‍ 93 എണ്ണം ഒഴികെ ബാക്കി റോഡിലിറക്കാതെ മാറ്റിയിട്ടിരിക്കുന്നു എന്നാണ് കെഎസ്ആര്‍ടിസിയുടെ റിപ്പോര്‍ട്ട്.

