ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് ഹൈദരാബാദില്‍ തുടക്കം. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1:30നാണ് മത്സരം ആരംഭിക്കുക.
2019 മാര്‍ച്ചിന് ശേഷം കളിച്ച ഏകദിന മത്സരങ്ങളില്‍ സ്വന്തം മണ്ണില്‍ ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദനി ലോകകപ്പ് നടക്കാനിരിക്കെ വിജയത്തുടര്‍ച്ച തന്നെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
അതേസമയം, കെയ്ന്‍ വില്യംസണ്‍, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട് എന്നീ പ്രമുഖ താരങ്ങള്‍ ഇല്ലാതെയാണ് കീവീസ് ഇന്ത്യയ്ക്ക് എതിരെ ഇറങ്ങുന്നത്. പാകിസ്താനെ 2-1ന് പരാജയപ്പെടുത്തിയാണ് കീവീസിന്റെ വരവ്. മറുഭാഗത്ത്, ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മ്മയും നല്‍കുന്ന മികച്ച തുടക്കത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മൂന്നാമനായി എത്തുന്ന കോഹ്ലി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്.
ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായാണ് ന്യൂസിലന്‍ഡ് എത്തുന്നത്.

