ആഡംബര കാറില്‍ നിന്നും
മയക്കുമരുന്ന് പിടികൂടി

Kerala

കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ ആഡംബര കാറില്‍ നിന്നും പോലീസ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയതായി റിപ്പോര്‍ട്ട്. സ്റ്റേഷന്‍ പരിധിയില്‍ പെട്രോളിങ് ഡ്യൂട്ടിക്കിടെ ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ്‌ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ആഡംബര കാറില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ നിരവധി എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ പുതിയറ ലതാപുരി വീട്ടില്‍ നൈജില്‍ റിറ്റ്‌സ്, മാത്തോട്ടം സഹല്‍ എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെക്കൂടാതെ ഓടി രക്ഷപ്പെട്ട മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളില്‍ നിന്നും 35 ഗ്രാം എംഡിഎംഎ, ഒരു കിലോഗ്രാം കഞ്ചാവ്, എംഡിഎംഎ ചില്ലറ വില്‍പ്പനക്ക് ഉപയോഗിക്കുന്ന ത്രാസ്, കവറുകള്‍, ബോട്ടിലുകള്‍, പ്ലാസ്റ്റിക് സിറിഞ്ചുകള്‍ എന്നിവയും കണ്ടെടുത്തു. ഈയിടയ്ക്ക് നഗരത്തില്‍ നടക്കുന്ന വലിയ മയക്കുമരുന്ന് വേട്ടയാണിത്. മയക്കുമരുന്നിന് എതിരായ സംസ്ഥാന സര്‍ക്കാരിന്റെ പ്രചരണത്തിന്റെ ഭാഗമായി ടൗണ്‍ എസിപി. ബിജുരാജിന്റെ നേതൃത്വത്തില്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
മുത്തങ്ങ എക്‌സൈസ്, മെഡിക്കല്‍ കോളേജ് പോലീസ് എന്നിവര്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെ പ്രതിയായ നൈജില്‍ അടുത്തിടെയാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. ആവശ്യക്കാരോട് ഗൂഗിള്‍ പേ വഴി പണം വാങ്ങിയ ശേഷം മയക്കുമരുന്ന് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. മാത്രമല്ല ഇവരുടെ ഉപഭോക്താക്കളായ ആളുകളുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ സീനിയര്‍ സിപിഒ മാരായ സജേഷ് കുമാര്‍, ബിനില്‍ കുമാര്‍, ഉദയകുമാര്‍, ജിതേഷ്, ഉണ്ണികൃഷ്ണന്‍, ബിജു സിപിഓ മാരായ അനൂജ്, ജിതേന്ദ്രന്‍, ജിതിന്‍ എന്നിവരാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *