തിരുവനന്തപുരം നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചു. നവംബര്‍ 19 നാണ് പ്രത്യേക കൗണ്‍സില്‍ യോഗം ചേരുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറുടെ ലെറ്റര്‍ ഹെഡില്‍ നിന്നുള്ള കത്ത് വിവാദമായതിന് പിന്നാലെ ആരംഭിച്ച പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് വിവാദം ചര്‍ച്ച ചെയ്യാന്‍ കൗണ്‍സില്‍ യോഗം വിളിക്കാന്‍ മേയര്‍ തീരുമാനിച്ചത്. കൗണ്‍സില്‍ യോഗം വിളിക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അവര്‍ ആവശ്യപ്പെട്ട ദിവസത്തിന് മുമ്പ് തന്നെ മേയര്‍ യോഗം വിളിക്കുകയായിരുന്നു.
അതേസമയം നഗരസഭയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ മാധ്യമങ്ങളിലൂടെ ജെബി മേത്തര്‍ എം.പി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ വക്കീല്‍ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറയുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. മുരുക്കുമ്പുഴ ആര്‍ വിജയകുമാരന്‍ നായര്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.

