കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയെ അപകീർത്തിപ്പെടുത്താൻ ആസൂത്രിത ശ്രമം

Crime

കോട്ടയം മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ഹൈറേഞ്ച് പ്രദേശങ്ങളിലുള്ള സാധാരണക്കാരുടെ ഏക ആശ്രയമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയെ അപകീർത്തിപ്പെടുത്താൻ ആസൂത്രിത ശ്രമമെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ പറയുകയാണ് ചിറക്കടവ് ഗ്രാമപഞ്ചായത്ത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ ജോസഫ്. അദ്ദേഹം തൻ്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്ന കാര്യങ്ങൾ അതീവഗൌരവമുള്ളതാണ്. ആന്റണി മാർട്ടിൻ ജോസഫിൻ്റെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം വായിക്കാം.

”പച്ചമരത്തോട് ഇതാണ് അവർ ചെയ്യുന്നതെങ്കിൽ ഉണക്ക മരത്തിന് എന്ത് സംഭവിക്കും” എന്ന ബൈബിൾ വചനമാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സർജൻ ഡോക്ടർ ബിനു പി. ജോണിന്റെ മുറിയിൽ ഈ ചൊവ്വാഴ്ച എത്തിയ വിജിലൻസ് സംഘത്തെ കണ്ടപ്പോൾ എനിക്ക് തോന്നിയത്. തഹസിൽദാർ അടക്കമുള്ളവർ ഈ സംഘത്തിലുണ്ടായിരുന്നു എന്നത് അവരുടെ ലക്ഷ്യം ഡോക്ടറെ അറസ്റ്റ് ചെയ്യുക മാത്രമായിരുന്നു. ഈ സംഘം വരുന്നതിന് തൊട്ടുമുമ്പ് കയറിയ രോഗി 2000 രൂപയോളം വരുന്ന 500 രൂപ നോട്ടുകൾ ഡോക്ടർക്ക് നൽകുകയും എന്നാൽ തന്റെ ഫീസ് ആയ 200 രൂപ തന്നാൽ മതി എന്ന ഡോക്ടർ പറഞ്ഞപ്പോൾ 200 രൂപ മേശപ്പുറത്ത് വച്ചിട്ട് അവർ പോയി. പിന്നാലെ എത്തിയ വിജിലൻസ് സംഘം ഡോക്ടറുടെ പോക്കറ്റും പേഴ്സും മുറിയടക്കം പരിശോധിച്ചിട്ടും ഒന്നും ലഭിച്ചില്ല. ദൈവാനുഗ്രഹത്താൽ ഡോക്ടർ ആ നോട്ടിൽ തൊട്ടില്ല. തൊട്ടിരുന്നുവെങ്കിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കൈക്കൂലി കേസിൽ സർജൻ വീണ്ടും പിടിയിൽ എന്ന വലിയ വാർത്ത മാധ്യമങ്ങളിൽ വന്നേനെ..

ഓഗസ്റ്റ് മാസം വിജിലൻസ് അറസ്റ്റ് ചെയ്ത സർജൻ ഡോക്ടർ സുജിത്തിനെ ഓർമ്മയില്ലേ.അന്ന് എന്താണ് സംഭവിച്ചത്. അദ്ദേഹം ഓപ്പറേഷൻ ചെയ്ത രോഗി സുഖം പ്രാപിച്ചു ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോയി മൂന്നു ദിവസത്തിനു ശേഷം രോഗിയുടെ മകൻ വീട്ടിലെത്തി ഡോക്ടർക്ക് പൈസ കൊടുക്കുകയും അദ്ദേഹം അത് വാങ്ങിച്ച നിമിഷത്തിൽ തന്നെ കാത്തുനിന്ന വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയുമായിരുന്നു. ഈ തിരക്കഥ ആരെഴുതി, ഡിസ്ചാർജ് ചെയ്ത രോഗി എന്തിന് കൈക്കൂലി കൊടുക്കണം, പരാതിക്കാരന്റെ പശ്ചാത്തലം ഇതൊന്നും ആരും അന്വേഷിച്ചിട്ടില്ല. സുത്യർഹമായി സേവനം ചെയ്ത മിടുക്കനായ ഒരു സർജൻ ഒരു മാസം ജയിലിൽ കിടന്നു. എട്ടുമാസമായി പുറത്തുനിൽക്കുന്നു ഇതുവരെ കുറ്റപത്രം പോലും സമർപ്പിക്കപ്പെട്ടിട്ടില്ല.

അതിനുശേഷം വന്ന സർജനാണ് ഡോക്ടർ ബിനു പി. ജോൺ. ചെറുപ്പക്കാരനായ ഈ സർജൻ ചുരുങ്ങിയ കാലം കൊണ്ട് നാടിനും രോഗികൾക്കും പ്രിയപ്പെട്ടവനായി. പാട്ടുപാടിക്കൊണ്ട് സർജറികൾ നടത്തുന്നു എന്ന് രോഗികൾ പറയുമ്പോൾ ഇദ്ദേഹത്തിന് സർജറികൾ ഹരമാണെന്ന് വേണം മനസ്സിലാക്കാൻ. ഫോണിൽ ചുരുക്കം ചിലത് സംസാരിച്ചത് ഒഴിച്ചാൽ വ്യക്തിപരമായി ഒരു അടുപ്പവും ഞങ്ങൾ തമ്മിലില്ല. ഞാനിത് എഴുതുന്നത് ജനറൽ ആശുപത്രി എന്ന പൊതു സംവിധാനം തകരാതെ നമ്മൾ കാക്കേണ്ടതിനാണ്. ഒരു ഗിറ്റാർ വായനക്കാരന്റെ ഒരു തബലിസ്റ്റിന്റെ വിരലുകൾ ചെയ്യുന്നതാണ് ഒരു സർജന്റെ വിരലുകൾ മനുഷ്യ ശരീരത്തോട് ചെയ്യുന്നത്. ദ്രുത താളത്തിൽ ശസ്ത്രങ്ങളെ ചലിപ്പിക്കുന്നിടത്താണ് ഒരു സർജന്റെ വിജയം. പാട്ടുപാടി പുല്ലുപോലെ ഹെർണിയ അപ്പൻഡിക്സ്, വെരിക്കോസ് പൈൽസ് ബ്രസ്റ്റ് റിമൂവിംഗ് ഓപ്പറേഷനുകൾ നടത്തുന്ന ഡോക്ടർ ബിനു പി. ജോൺ ജയിലിൽ ആവണം എന്ന് ആർക്കാണ് നിർബന്ധം എന്ന ചോദ്യം ബാക്കി ആവുന്നുണ്ട്. സ്വകാര്യ ആശുപത്രിയിൽ ഈ ഓപ്പറേഷനുകൾക്ക് ലക്ഷങ്ങൾ ഈടാക്കുന്നുണ്ട് എന്നിടത്ത് ഇതിനുത്തരം ഉണ്ടാവും.

ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് കുന്നേൽ ആശുപത്രിയിൽ നിന്ന് ഒരു കുഞ്ഞിന്റെ ജഡം പട്ടി കടിച്ചു കൊണ്ടുവന്ന റോഡിലിട്ടത് വലിയ വാർത്തയായിരുന്നു. അതേത്തുടർന്ന് നിരവധി സമര പരമ്പരകൾ ആശുപത്രിയിൽ നടന്നു. വർഷങ്ങൾക്കുശേഷം ഞാൻ അടക്കമുള്ളവർ നിരവധി സമരങ്ങൾ ആശുപത്രിയിൽ നടത്തി. ഇന്ന് കുന്നേൽ ആശുപത്രിയുടെ രൂപവും ഭാവവും മാറി. കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.എൻ. ജയരാജിന്റെ വികസനങ്ങളിൽ ഏറ്റവും മികച്ചത് ശൈലജ ടീച്ചർ സ്നേഹപൂർവ്വം നൽകിയ കാത്തുലാബാണെന്ന് ഞാൻ പറയും. അതിവേഗം 700 ഹൃദയ ശസ്ത്രക്രിയകൾ. 700 മിടിക്കുന്ന ഹൃദയങ്ങൾ. അതിന്റെ പുണ്യവും അനുഗ്രഹവും അദ്ദേഹത്തിന് ലഭിക്കട്ടെ.

നൂറു സങ്കീർണമായ ഇടുപ്പെല്ല് മാറ്റിവയ്ക്കൽ മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗം ഉജ്ജ്വല ശോഭയോടുകൂടി നിൽക്കുന്നു.

ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് ഈ ഭൂമിയിലേക്ക് വഴിയൊരുക്കിയ ഡോക്ടർ ശാന്തി ഭായ് വർഷങ്ങൾക്കുമുമ്പ് ഒരു സമരാവേശത്തിൽ വിരമിക്കാൻ മാസങ്ങൾ മാത്രമുള്ളപ്പോൾ കണ്ണീരോടെ കുന്നേൽ ആശുപത്രിയുടെ പടിയിറങ്ങി പോയി. അതിനുശേഷം രണ്ടു വർഷമാണ് ഗൈനക്കോളജി വിഭാഗം അടഞ്ഞു കിടന്നത്. ഇങ്ങനെ സർജറി വിഭാഗവും അടഞ്ഞുകിടക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടാവും. ഒരു ആശുപത്രിയെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ലഡു പൊട്ടുന്ന ഏക ഇടമാണ് ഗൈനക്കോളജി വിഭാഗം. ഇന്നീ ആശുപത്രിയിൽ എന്നും ആഹ്ലാദത്തിന്റെ ലഡു പൊട്ടുന്നുണ്ട്. ഗൈനക്കോളജി വിഭാഗം സുഗമമായി പ്രവർത്തിക്കുന്നു.

ആശുപത്രിയിലെ പ്രധാന സേവനങ്ങൾ എല്ലാം ഒരു കുടക്കീഴിൽ ആക്കുക എന്ന ഡോ.എൻ. ജയരാജ് എംഎൽഎയുടെ സ്വപ്ന പദ്ധതി, അഞ്ചു നില കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്തമാസം നടക്കുകയാണ്. കൂടുതൽ മെച്ചപ്പെട്ട സേവനം കൂടുതൽ ആധുനിക സൗകര്യങ്ങൾ ഈ ആശുപത്രിയിൽ ഒരുങ്ങുമ്പോൾ അതിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ കച്ചകെട്ടി ഇറങ്ങുന്നവരോട് നിങ്ങളുടെ പരമ്പരകൾ ഗുണം പിടിക്കാതെ പോകുന്ന ഈ നാടിന്റെ ശാപം നിങ്ങളെ കാത്തിരിക്കുന്ന കാര്യം ഓർമ്മിപ്പിക്കുന്നു. മനസുമടുത്ത് അവധിയെടുക്കാൻ ഒരുങ്ങുന്ന സർജൻ ഡോക്ടർ ബിനു പി. ജോണിനെ ഒരു കാര്യം ഓർമിപ്പിക്കുന്നു. ധൈര്യമായിരിക്കുക ഞങ്ങൾ ഉണ്ട് കൂടെ, ഈ നാട് ഒന്നടങ്കം ഉണ്ട് കൂടെ. ഇന്നലെ നടന്ന സമരപരിപാടി അതാണ് സൂചിപ്പിക്കുന്നത്. മുഴുവൻ കടകളും അടഞ്ഞു കിടന്നു. ഓട്ടോറിക്ഷ കാരും ആംബുലൻസുകാരും ഓട്ടം നിർത്തി അങ്ങേയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദീപം തെളിയിച്ചു. ഈ നാടിന് ഞങ്ങളുടെ ആശുപത്രിക്ക് താങ്കളെപ്പോലെ ഉള്ളവരുടെ സേവനം ആവശ്യമുണ്ട്. എന്തുവിലകൊടുത്തും ഈ നാട് താങ്കളെ സംരക്ഷിക്കുക തന്നെ ചെയ്യും ധൈര്യമായി മുന്നോട്ടു പോവുക. ഇന്നലെ നടന്ന ഐക്യദാർഢ്യ സമരത്തിൽ ഒരു മനസ്സോടെ പങ്കാളികളായ വ്യാപാരി വ്യവസായി സുഹൃത്തുക്കളോടും ഓട്ടോറിക്ഷ സുഹൃത്തുക്കളോടും ആംബുലൻസ് ഡ്രൈവർമാരോടും പ്രിയ നാട്ടുകാരോടുമുള്ള നന്ദി അറിയിക്കുന്നു. നമ്മുടെ ആശുപത്രിയെ തകർക്കുവാനുള്ള ശ്രമങ്ങൾ ഇനിയും ഉണ്ടായേക്കാം ഒറ്റക്കെട്ടായി നിന്നുകൊണ്ട് അതിനെ ചെറുക്കുവാനുള്ള പിന്തുണ ഏവരുടെയും ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…

സ്നേഹപൂർവ്വം,

ആന്റണി മാർട്ടിൻ ജോസഫ്

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചിറക്കടവ് ഗ്രാമപഞ്ചായത്ത്.

Leave a Reply

Your email address will not be published. Required fields are marked *