കണ്ണടച്ചുള്ള നടത്തം

Fun Facts


കണ്ണടച്ചുപിടിച്ചുകൊണ്ട് നേരെ നടക്കാന്‍ പറ്റുമോ? ഒന്നു ശ്രമിച്ചുനോക്കൂ. നടക്കുന്നത് നോക്കാന്‍ കൂട്ടുകാരനോട് പറയുകയും വേണം, കേട്ടോ. കണ്ണടച്ചുപിടിച്ചുകൊണ്ട് നടക്കുമ്പോള്‍ നേരെ നടക്കുകയാണെന്നേ നടക്കുന്നയാള്‍ക്ക് തോന്നുകയുള്ളൂ. പക്ഷെ സത്യമതല്ല. അല്‍പ്പം വളഞ്ഞും പുളഞ്ഞുമൊക്കെയായിരിക്കും നടപ്പ്. ഇതിന്‍റെ കാരണമെന്താണെന്നറിയാമോ?
സാധാരണഗതിയില്‍ നമുക്ക് നേരെ നടക്കാന്‍ കഴിയുന്നത് മൂന്ന് അവയവങ്ങള്‍ ഒത്തൊരുമയോടെ പെരുമാറുമ്പോഴാണ്. ഒന്നാമത്തേത് കണ്ണുകള്‍. മുന്നോട്ട് നേര്‍രേഖയില്‍ നോക്കുന്നതുകൊണ്ട് ആ രേഖയില്‍ നമുക്ക് നടക്കാന്‍ കഴിയുന്നു. രണ്ടാമത്തേത് ചെവികള്‍. ചെവികള്‍ക്കുള്ളില്‍ നമ്മുടെ നടപ്പ് ബാലന്‍സ് ചെയ്യാനുള്ള ഒരു സംവിധാനമുണ്ട്. കണ്ണുകളും ചെവികളും ചേര്‍ന്നാല്‍ തന്നെ നടപ്പിന് പകുതി ബാലന്‍സ് വരും. മൂന്നാമത്തേത് പേശികള്‍, സന്ധികള്‍ എന്നിവ. ഇവയിലൂടെ ബാലന്‍സ് ചെയ്യാനുള്ള ഒരു സന്ദേശം തലച്ചോറിലെത്തുന്നു. മുന്‍പറഞ്ഞ മൂന്നവയവങ്ങളും ഒത്തുചേരുമ്പോഴാണ് നമുക്ക് നേരെ നടക്കാന്‍ കഴിയുന്നത്. ഇത് കണ്ണു തുറന്നു കൊണ്ട് നടക്കുന്ന കാര്യമാണ് കേട്ടോ.
ഇനി കണ്ണടച്ചുപിടിച്ച് നടക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. മുന്‍പറഞ്ഞ മൂന്ന് സംഗതികളില്‍ ഒരെണ്ണം ഇല്ലാതെ വരുമ്പോള്‍ ബാലന്‍സ് തെറ്റുന്നു. അങ്ങനെ നടപ്പ് നേരെയല്ലാതെയാകുന്നു. കണ്ണടച്ചുപിടിച്ച് വളഞ്ഞുപുളഞ്ഞ് നടക്കുന്നതിന് മറ്റൊരു കാരണവുമുണ്ട്. നമ്മുടെ ശരീരത്തിന്‍റെ ഭാരം വലത്തും ഇടത്തുമായി തുല്യമായിട്ടല്ല ബാലന്‍സ് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വലതുവശത്തേക്ക് അല്‍പ്പം ഭാരക്കൂടുതലുണ്ട്. ഇതുമൂലം നാം വലതുവശത്തേക്ക് അല്‍പ്പം ചെരിഞ്ഞുനടക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കണ്ണ് തുറന്നുപിടിച്ചിരിക്കുമ്പോള്‍ ഈ ഭാരവ്യത്യാസത്തെ ബാലന്‍സ് ചെയ്തുനടക്കാന്‍ നമുക്ക് കഴിയും. കണ്ണടച്ചുപിടിച്ചുകൊണ്ട് നടക്കുമ്പോള്‍ ഇത് സാധിക്കുകയില്ല

Leave a Reply

Your email address will not be published. Required fields are marked *