കാഞ്ഞിരപ്പള്ളി ഐ എച്ച് ആര്‍ ഡി കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം അനുവദിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കാഞ്ഞിരപ്പള്ളി പേട്ട ഗഹ.ഹൈസ്‌കൂള്‍ കെട്ടിടത്തിലും കാഞ്ഞിരപ്പള്ളി റബര്‍ മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന്റെ കെട്ടിടത്തിലുമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം വളരെ ബുദ്ധിമുട്ടുന്ന കോളേജിന് മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഫിലിയേഷന്‍ തുടരുന്നതിന് സ്വന്തം കെട്ടിടം ആവശ്യമായിരുന്നു. ഏറെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമായ ഈ സ്ഥാപനം കാഞ്ഞിരപ്പള്ളിയില്‍ തന്നെ നിലനിര്‍ത്തുവാന്‍ വേണ്ടി എം.എല്‍.എ.യും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തും സൗജന്യമായി സ്ഥലം ലഭിക്കുന്നതിന് ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. വില കൊടുത്ത് സ്ഥലം വാങ്ങുന്നതിന് ഐ എച്ച് ആര്‍ ഡി ക്കും സാധിക്കുമായിരുന്നില്ല. തുടര്‍ന്നാണ് സര്‍ക്കാരില്‍ നിരന്തരം ആവശ്യമുന്നയിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെയും പൊതുവിദ്യാഭ്യാസ മന്ത്രിയുടെയും യോഗത്തില്‍ കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള 50.76 സെന്റ് സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനമെടുക്കുകയും അത് സംബന്ധിച്ച് ഉത്തരവ് ഇപ്പോള്‍ ലഭിക്കുകയും ചെയ്തിരിക്കുന്നത്. പ്രസ്തുത സ്ഥലത്ത് എം എല്‍ എ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കണമെന്ന് വ്യവസ്ഥയിലാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. എം എല്‍ എ ഫണ്ട് ഉപയോഗിച്ച് സ്വയംഭരണ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി ക്ക് കെട്ടിടം പണിയുന്നതിന് നിലവില്‍ ചട്ടമനുവദിക്കുന്നില്ലായെങ്കിലും പ്രത്യേക ഉത്തരവിലൂടെ അത് പ്രാവര്‍ത്തികമാക്കുന്നതിന് നടപടികള്‍ അന്തിമഘട്ടത്തിലാണ്. എത്രയും വേഗം പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കി സ്വന്തം കെട്ടിടത്തിലേക്ക് കാഞ്ഞിരപ്പള്ളി ഐ എച്ച് ആര്‍ ഡി കോളേജ് പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.
