ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ നാളെഴ്ച (മാർച്ച് 14) ആരംഭിക്കും. ഇതിന്റെ ഭാഗമായി ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. മൂന്ന് സെഷനുകളിലായി 202 ആശ പ്രവര്‍ത്തകര്‍ക്കാണ് തിങ്കളാഴ്ച പരിശീലനം നല്‍കിയത്. പൊതുജനാരോഗ്യ വിദഗ്ധ ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പും ആരോഗ്യ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിശീലനം പൂര്‍ത്തീകരിച്ചത്.
ഓരോ വീടുകളിലും കയറി ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആശ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ചേര്‍ക്കുക. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
മൊബൈൽ മെഡിക്കൽ യൂണിറ്റുകളിൽ ഇതുവരെ ചികിത്സ തേടിയത് 73 പേർ
ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളിൽ ഇതു വരെ ചികിത്സ തേടിയത് 73 പേർ. തമ്മനം, പൊന്നുരുന്നി ഭാഗങ്ങളിലാണ് നിലവിൽ മൊബൈൽ യൂണിറ്റുകൾ ഉള്ളത്.
ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങ ളോടെയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച രണ്ട് യൂണിറ്റുകളെയായിരുന്നു ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്. ഇതിൽ ഒരെണ്ണം ആസ്റ്റർ മെഡിസിറ്റിയും രണ്ടാമത്തേത് ദേശീയ ആരോഗ്യ ദൗത്യവുമാണ് നടത്തുന്നത്.
ചമ്പക്കര, വൈറ്റില, വെണ്ണല എന്നിവിടങ്ങളിലാണ് ഇതിനോടകം മൊബൈൽ യൂണിറ്റുകൾ സന്ദർശിച്ചത്. ചമ്പക്കര എസ്.എന്‍.ഡി.പി. ഹാളിന് സമീപം കുന്നര പാർക്കിൽ 25 പേരായിരുന്നു ചികിത്സ തേടിയെത്തിയത്. വൈറ്റില കണിയാമ്പുഴ എസ്.ടി.വൈ എൽ.പി സ്കൂളിൽ 21 പേരും, വെണ്ണലയിൽ 27 പേരും ചികിത്സ തേടി.
യൂണിറ്റുകളിൽ മെഡിക്കല്‍ ഓഫീസര്‍, നഴ്‌സിംഗ് ഓഫിസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുടെ സേവനവും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷന്‍ സംവിധാനവും നെബുലൈസേഷന്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതില്‍ ലഭ്യമാവും. മിനി സ്പൈറോമീറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
