പൊലീസ് ജീപ്പില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (30) ആണു മരിച്ചത്. മൂന്നുദിവസം മുന്‍പാണു സനുവിനെ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നഗരത്തില്‍ മദ്യലഹരിയില്‍ ബഹളംവച്ച് കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തുന്ന സമയത്താണ് ഇയാളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിയ്യൂരിലെ ജില്ലാ പൊലീസ് കസ്റ്റഡി കേന്ദ്രത്തിലേക്കു പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ അശ്വനി ആശുപത്രി ജംഗ്ഷനില്‍വച്ചു വാഹനത്തില്‍നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. ഇയാളെ കൊണ്ടു വന്നിരുന്ന വാഹനത്തില്‍ തന്നെ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
