ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി പി. രാജീവ്

Kerala NEWS

ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പി. രാജീവ്. ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്ന് കളക്ടറേറ്റില്‍ നടന്ന വിവിധ യോഗങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ചു മീറ്ററോളം അടിയിലേക്ക് തീ പടര്‍ന്നതു കൊണ്ടാണ് പ്രതീക്ഷിച്ച വേഗതയില്‍ തീയണയ്ക്കാന്‍ കഴിയാതെ പോയ്ത്. എന്നാല്‍ എത്രയും വേഗം പുക അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിശ്രമമില്ലാതെ തുടരുകയാണ്. 

ആരോഗ്യപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. ഐഎംഎ അംഗങ്ങളുടെയും സ്വകാര്യ ആശുപത്രി പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. ഇതിനോടകം 678 പേരാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇതില്‍ 421 പേര്‍ ക്യാമ്പുകളിലാണ് എത്തിയത്. തീ അണയ്ക്കുന്നതിന് രംഗത്തുള്ള 68 പേർ ഉൾപ്പെടെയാണിത്. ഇവരുടെ സ്ഥിതി തൃപ്തികരമാണ്. പൊതുവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. സ്‌മോക്ക് ഐസിയുകള്‍ തുറന്നിട്ടുണ്ട്. രണ്ട് കണ്‍ട്രോള്‍ റൂമുകളും തുടങ്ങി. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ ക്യാംപുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി. 

ഉറവിട മാലിന്യ സംസ്‌കരണം അടിസ്ഥാനമാക്കിയുള്ള വികേന്ദ്രീകൃത സംസ്‌കരണ പദ്ധതി ഏലൂര്‍ നഗരസഭയില്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. മരട് നഗരസഭയിലും പദ്ധതി വിജയകരമാണ്. ഈ രീതിയില്‍ എല്ലായിടത്തും പദ്ധതി പ്രാവര്‍ത്തികമാക്കും. പരിഷ്‌കൃത സമൂഹത്തിന് യോജിക്കുന്ന വിധത്തിലല്ല മാലിന്യത്തോടുള്ള നിലവിലെ സമീപനമെന്നും ഈ രീതി മാറണമെന്നും മന്ത്രി പറഞ്ഞു.

മാലിന്യ സംസ്ക്കരണം: വ്യാപാരികളുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും യോഗം ചേര്‍ന്നു

ഉറവിട മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരായ പി. രാജീവ്, എം.ബി.രാജേഷ്, മേയര്‍ എം. അനില്‍ കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവരുടെ നേതൃത്വത്തില്‍ വ്യാപാരികളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും യോഗം ചേര്‍ന്നു. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ബ്രഹ്‌മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് നിലച്ച ജൈവ മാലിന്യനീക്കം പുനരാരംഭിച്ചിട്ടുണ്ടെന്ന് മന്ത്രിമാര്‍ യോഗത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം 35 വണ്ടി മാലിന്യങ്ങള്‍ നീക്കി. വരും ദിവസങ്ങളിലും ഇതു തുടരും.

Leave a Reply

Your email address will not be published. Required fields are marked *