മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

India

മനീഷ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ തുടര്‍ച്ചയായ രണ്ടുദിവസം ചോദ്യംചെയ്തതിന് ശേഷമാണ് സിസോദിയയെ ഇഡി അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതിനുശേഷമാണ് ഇ ഡി അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. സിബിഐ കേസില്‍ ഇന്ന് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ഇന്നലെ ഇ ഡിയുടെ അറസ്റ്റ് നടപടി.
മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യവത്കരിക്കുന്ന കഴിഞ്ഞ നവംബറിലെ ഡല്‍ഹി എക്സൈസ് നയമാണ് വിവാദത്തിനാധാരം. നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ ലെഫ്. ഗവര്‍ണര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശചെയ്തു. മദ്യനയത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. എക്സൈസ് മന്ത്രിയായ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരേയാണ് എഫ്ഐആര്‍.

Leave a Reply

Your email address will not be published. Required fields are marked *