ബ്രഹ്മപുരം തീപിടിത്തം: അഗ്നിരക്ഷാസേന നടത്തുന്നത് സമാനതകളില്ലാത്ത പ്രവർത്തനം

Kerala NEWS

അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിന് രാപ്പകൽ ഇല്ലാതെ നടക്കുന്നത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകർ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റ് ആയി പ്രവർത്തിക്കുന്നു. 

110 ഏക്കറിൽ 70 ഏക്കറിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. തീ പിടിത്തം നിയന്ത്രിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുകയുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 70 ശതമാനം പ്രദേശത്തെ പുകയൽ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞു. ബാക്കിയുള്ള 30 ശതമാനം പ്രദേശത്താണ് പുകയുള്ളത്.  

പുകയണയ്ക്കാൻ പ്ലാസ്റ്റിക് കുമ്പാരത്തിലേക്ക് ഒരു മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് അടിച്ചു കൊണ്ടിരിക്കുന്നത്. വലിയ പമ്പുകളിൽ കടമ്പ്രയാറിൽ നിന്ന് വെള്ളം അടിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിൽ എസ്കവേറ്റർ ഉപയോഗിച്ച് നാല് അടി താഴ്ച്ചയിൽ കുഴിയെടുത്ത് അതിലേക്ക് വെള്ളം പമ്പ് ചെയ്താണ് പുക പൂർണ്ണമായും അണയ്ക്കുന്നത്. കൂടാതെ 20 ഫയർ ടെൻഡറുകളും ഉണ്ട്. ഒരു ഫയർ ടെൻഡറിൽ അയ്യായിരം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുണ്ട്. ഫയർ ടെൻഡറുകൾ എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പമ്പുകളിൽ വെള്ളം അടിക്കുന്നത്. ചെയിൻഡ് എസ്കവേറ്ററാണ് ചവർ കുഴിയെടുക്കുന്നതിന് ഉപയോഗിക്കുന്നത്.

ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും അടങ്ങിയിരിക്കുന്നത് പുക അണയ്ക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ അപകടകരമായ രീതിയിൽ ഏറെ ശ്രമകരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് റീജിയണൽ ഫയർ ഓഫിസർ സുജിത് കുമാർ പറഞ്ഞു. ഇനി ചതുപ്പായ പ്രദേശങ്ങളിലെ പുകയാണ് അണയ്ക്കാനുള്ളത്.

ജില്ലയില്‍ നിലനില്‍ക്കുന്ന വായു മലിനീകരണവും ആരോഗ്യവും

ആരോഗ്യമുള്ളയാളുകളിൽ സാധാരണയായി അനുഭവിക്കുന്ന വായു മലിനീകരണത്തിന്റെ അളവ് ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ വായു മലിനീകരണത്തിന്റെ തോത് ഉയർന്ന അപൂർവ സന്ദർഭങ്ങളിൽ, ചില ആളുകൾക്ക്, ചുമ, ശ്വാസം എടുക്കുവാന്‍ ബുദ്ധിമുട്ട്, തലവേദന, തലകറക്കം, കണ്ണിന് അസ്വസ്ഥത, ചൊറിച്ചില്‍ തുടങ്ങിയവ അനുഭവപ്പെടാം.  

ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഹൃദ്രോഗങ്ങളോ ഉള്ള ആളുകൾ, കുട്ടികള്‍, പ്രായം കൂടിയിവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വായു മലിനീകരണം മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത കൂടുതലാണ്. 

ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

സംസ്ഥാന/ജില്ല ഭരണകൂടമോ, തദ്ദേശ സ്വയംഭരണ വകുപ്പോ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക, അന്തരീക്ഷ മലിനികരണത്തിന്റെ അളവ് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. Central Pollution Control Board ന്‍റെ ചുവടെ കൊടുത്തിരിക്കുന്ന ഇന്റര്‍നെറ്റ്‌ അഡ്രസ്സില്‍ തത്സമയ വായു മലിനീകരണ തോത് അറിയുവാന്‍ കഴിയും; https://airquality.cpcb.gov.in/AQI_India/

Air Quality Index(AQI) മുഖേന ആണ് വായു മാലിനീകരണത്തിന്റെ അളവ് മനസിലാക്കുക. കഠിനമായ അന്തരീക്ഷ മലിനീകരണം ഉള്ള ദിവസങ്ങളിൽ (AQI>200) താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക. AQI200 ഇല്‍ താഴെ ഉള്ള ഘട്ടങ്ങളിലും ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ആരോഗ്യത്തെ മുന്‍നിര്‍ത്തി പാലിക്കുന്നത് ഉചിതമായിരിക്കും. 

അനാവശ്യമായി പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കുക. 

കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും തുറന്നിടുന്നത് ഒഴിവാക്കുക.

ജോഗിംഗ്, നടത്തം, അല്ലെങ്കിൽ വീടിനു പുറത്തുള്ള മറ്റ് ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കുക. 

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക. 

പുറത്തിറങ്ങേണ്ടി വന്നാല്‍ N95 മാസ്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. 

വായു മലിനീകരണത്തിന്റെ അളവ് കൂടുതല്‍ മോശമാകാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വീടിനുള്ളില്‍ വിറക് അടുപ്പ് കത്തിക്കുകയോ, പുക വലിക്കുകയോ മറ്റും ചെയ്യാതിരിക്കുക. 

കെട്ടിടങ്ങളിലെയും വാഹനങ്ങളിലെയും എയർ കണ്ടീഷണറുകളില്‍ വെളിയിലെ മലിനമായ വായുവുമായുള്ള സമ്പർക്കം ഒഴിവാക്കാൻ “റീ സർക്കുലേറ്റ്” മോഡ് ഉപയോഗിക്കുക.

വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ വർദ്ധിപ്പിക്കുന്ന സിഗരറ്റ്, ബീഡി, മറ്റ് അനുബന്ധ പുകയില ഉൽപ്പന്നങ്ങൾ വലിക്കുന്നത് നിർത്തുക.

ധാരാളം പഴങ്ങൾ കഴിക്കുക, വെള്ളം കുടിക്കുക.

ആഹാര സാധനങ്ങള്‍ മൂടി വെച്ച് സൂക്ഷിക്കുകയും കൈയ്യും വായും മുഖവും നല്ലവണ്ണം കഴുകി ഭക്ഷണം കഴിക്കുകയും ചെയ്യുക.

ശ്വാസ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ നിത്യേന കഴിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക.

 ഇൻഹേലര്‍, ഗുളികകള്‍ എല്ലാം പെട്ടെന്ന് എടുക്കാവുന്ന അകലത്തില്‍ സൂക്ഷിക്കുക.  

ഗർഭിണികൾ, കൊച്ചുകുട്ടികൾ, പ്രായമായവർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾ കഴിയുന്നത്രയും വെളിയിൽ ഇറങ്ങുന്നത് ഒഴിവാക്കുക. 

ശ്വാസതടസ്സം, ചുമ, നെഞ്ചിലെ അസ്വസ്ഥത / വേദന, തലകറക്കം, തലവേദന, മുതലായവ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുക. 

സംശയനിര്‍വാരണത്തിനായി ബന്ധപെടേണ്ട കൺട്രോൾ റൂം നമ്പറുകള്‍: .

8075774769

0484 2360802

Leave a Reply

Your email address will not be published. Required fields are marked *