മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ 76.66 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ നാഗാലാൻഡിൽ തിങ്കളാഴ്ച വൈകിട്ട് 5 മണി വരെ 84.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മാർച്ച് രണ്ടിനാണ്. വോട്ടുചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി, മേഘാലയയിൽ ആദ്യത്തെ അഞ്ച് വോട്ടർമാർക്കും 18 തികഞ്ഞ ആദ്യമായി വോട്ടു ചെയ്യുന്ന എല്ലാവർക്കും മെമൻ്റോകൾ നൽകി. നാഗാലാൻഡിൽ ബിജെപിയുമായി അഞ്ച് വർഷമായി സഖ്യമുണ്ടാക്കിയതിന് ശേഷമാണ് നിലവിലെ മുഖ്യമന്ത്രി നെയ്ഫിയു റിയോ വീണ്ടും ജനവിധി തേടുന്നത്. ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ (എൻഡിപിപി) ഉന്നത നേതാവായ റിയോ സംസ്ഥാനത്തെ നോർത്തേൺ അംഗമി-രണ്ടാം നിയമസഭാ സീറ്റിൽ നിന്ന് വീണ്ടും ജനവിധി തേടുന്നു.
“എൻഡിപിപിയും ബിജെപിയും കേവല സീറ്റുകളേക്കാൾ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തും,” വോട്ട് രേഖപ്പെടുത്തിയ ശേഷം റിയോ പറഞ്ഞു. അതേസമയം, മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യ തൃണമൂൽ കോൺഗ്രസിൽ നിന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയ്ക്ക് പുതിയ വെല്ലുവിളി. നാഷണൽ പീപ്പിൾസ് പാർട്ടി മേധാവിയായ കോൺറാഡ്, അഞ്ച് വർഷം ഒരുമിച്ച് അധികാരത്തിലിരുന്നതിന് ശേഷം അതിൻ്റെ മുൻ സഖ്യകക്ഷിയായ ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
ടുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കോൺറാഡ് പറഞ്ഞു, “ആളുകൾ വോട്ടുചെയ്യാൻ വൻതോതിൽ എത്തുന്നുണ്ട്. ഇത് ജനാധിപത്യത്തിന് നല്ലതാണ്. ഇത്തരമൊരു വോട്ടിങ്ങ് ഞാൻ മുമ്പ് കണ്ടിട്ടില്ല. അത് ഞങ്ങൾക്ക് അനുകൂലമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”
ശ്രീ അനുപ് ചന്ദ്ര പാണ്ഡെ, ശ്രീ അരുൺ ഗോയൽ എന്നിവരോടൊപ്പം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള കമ്മീഷൻ മുൻകൂർ ആസൂത്രണവും വിപുലമായ നിരീക്ഷണവും നടത്തി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുമെന്ന് വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. 5,710 പോളിംഗ് സ്റ്റേഷനുകളിൽ ഒന്നിലും റീപോളിംഗ് റിപ്പോർട്ട് ചെയ്തിട്ടില്ല.
“മേഘാലയയിലെ മലയോര പ്രദേശങ്ങൾ പ്രത്യേകിച്ച് പർവതപ്രദേശങ്ങളിലൂടെയും നദികളിലൂടെയും അപ്രാപ്യമായ പ്രദേശങ്ങളിലൂടെയുമുള്ള സഞ്ചാരം കൃത്യമായ ആസൂത്രണത്തിൽ ഉൾപ്പെട്ടിരുന്നു. കൂടാതെ രണ്ട് നദീതീര പോളിംഗ് സ്റ്റേഷനുകളുൾപ്പെടെ 74 വാഹനമെത്താത്ത പോളിംഗ് സ്റ്റേഷനുകൾ ഉണ്ടായിരുന്നു. ഗാരോ ഹിൽസ് മേഖലയിൽ മുള കൊണ്ടുണ്ടാക്കിയ പാലങ്ങളിലൂടെയും വേരുകൾ കൊണ്ടുള്ള പാലങ്ങളിലൂടെയും സഞ്ചരിച്ച് എത്തേണ്ട നിരവധി പോളിംഗ് സ്റ്റേഷനുകളുണ്ട്.” ഇലക്ഷൻ കമ്മീഷണർ പറഞ്ഞു.
ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ മരിച്ച വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥരിൽ ഒരാളുടെ കുടുംബത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ 15 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. തമിഴ്‌നാട്ടിലെ ഈറോഡ്, പശ്ചിമ ബംഗാളിലെ സാഗർദിഗി, ജാർഖണ്ഡിലെ രാംഗഢ് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെടുപ്പും ഇന്ന് നടന്നു.
