പക്ഷപാതമില്ലാതെ മാധ്യമ പ്രവര്‍ത്തനം തുടരുമെന്ന് ബിബിസി

NEWS

3 ദിവസത്തെ പരിശോധനയ്ക്ക് ശേഷം ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തി വന്നിരുന്ന റെയ്ഡ് അവസാനിച്ചു. ഇന്നലെ രാത്രിയോടെയാണ് ബിബിസിയുടെ മുംബൈയിലേയും ഡല്‍ഹിയിലേയും റെയ്ഡ് പൂര്‍ത്തിയാക്കിയത്. മൂന്ന് ദിവസമായി

60 മണിക്കൂറിലധികം നീണ്ട പരിശോധനയാണ് നടന്നത്.

ഇതിന് പിന്നാലെ ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്നും ജീവനക്കാര്‍ക്ക് പിന്തുണയുണ്ടാകുമെന്നും ബിബിസി അറിയിച്ചു.

ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നത് തുടരുമെന്നും എത്രയും വേഗം കാര്യങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ബിബിസി വിശ്വസനീയവും സ്വതന്ത്രവുമായ ഒരു മാധ്യമ സ്ഥാപനമാണ്. ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരും, ജീവനക്കാര്‍ക്ക് പിന്തുണയുണ്ടാകും.

ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളിലെ പരിശോധന ആദായനികുതി അധികൃതര്‍ അവസാനിപ്പിച്ചു. ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നത് തുടരും, എത്രയും വേഗം കാര്യങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ജീവനക്കാരെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ജീവനക്കാരില്‍ ചിലര്‍ക്ക് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വന്നിട്ടുണ്ട്. അവരുടെ ക്ഷേമമാണ് ഞങ്ങളുടെ മുന്‍ഗണന’ ബിബിസി ട്വീറ്റ് ചെയ്തു.
പരിശോധന പൂര്‍ത്തിയായതോടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ മൂന്ന് ദിവസത്തോളം സെന്‍ട്രല്‍ ഡല്‍ഹിയിലെ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലെ ഓഫീസില്‍ ചെലവഴിച്ചിരുന്ന 10 ഓളം ജീവനക്കാര്‍ വീടുകളിലേക്ക് മടങ്ങി. ആദായ നികുതി വകുപ്പ് നാളെ മൊഴി നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിബിസിയുടെ ഓഫീസുകളില്‍ എഡിറ്റോറിയല്‍ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടെ ഉള്‍പ്പെടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. ചില ജീവനക്കാരോട് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് രാത്രി വൈകിയും ചോദ്യം ചെയ്തതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേ സമയം പരിശോധനാ സമയം ഇത്രയും നീണ്ടുപോയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയുടെ അവതരണത്തിന് ആഴ്ചകള്‍ക്കുള്ളില്‍ നടന്ന പരിശോധനയ്‌ക്കെതിരെ വ്യാപകമായി വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *