സനൽ ഹരിദാസ്
ആഴത്തിലുള്ള ഉറക്കത്തിൽ നിന്ന് എണീക്കുകയും ആത്മീയവും ബൗദ്ധികവുമായ ബോധോദയം സംഭവിക്കുകയും മുൻപെങ്ങും കാണാത്ത വിധം വ്യക്തതയോടെ ലോകത്തെ നോക്കിക്കാണുകയും ചെയ്യുന്നതിനെയാണ് 2018 ജനുവരി 7 ൽ പുറത്തിറങ്ങിയ Urban Dictionary നിർവചന പ്രകാരം ‘Woke’ എന്ന പ്രയോഗം പ്രതിനിധീകരിക്കുന്നത്. വോക് രാഷ്ട്രീയത്തിൻ്റെ ഭാഗമായി ലോകമെമ്പാടും പല നിലയിലുള്ള വിചാരണകൾ നടന്നിട്ടുള്ളതും ഇന്നും നടന്നുപോരുന്നതുമാണ്. കേരളത്തിലേക്ക് വരുമ്പോൾ, ഇവിടെ ഉടലെടുത്ത വോക് ഫെമിനിസ്റ്റ് ധാര വലിയ തരത്തിലുള്ള സാമൂഹിക-സാംസ്കാരിക വിമർശനങ്ങൾ ഉയർത്തിക്കൊണ്ടുവരികയുണ്ടായി. മലയാള സിനിമാ താരമായ റിമ കല്ലിങ്കലിൻ്റെ ‘പൊരിച്ച മീൻ’ സിദ്ധാന്തം മുതൽ (അത് എന്തുകൊണ്ട് നീതിയുക്തമല്ല എന്ന് ഇതേ ലേഖകൻ തൻ്റെ ‘ഒരു സബാൾടേൺ യുവാവിന്റെ വനിതാദിനക്കുറിപ്പ്’ എന്ന ലേഖനത്തിൽ വിശദീകരിച്ചിട്ടുള്ളതാണ്) അനേകം പുതിയ വീക്ഷണങ്ങൾ ഇതോടനുബന്ധിച്ച് പുറത്തുവരികയുണ്ടായി. അവയിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ടതും ഇന്നും വിമർശനം തുടരുന്ന ഒരു ചലച്ചിത്ര കഥാപാത്രമാണ് ‘നരസിംഹം’ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ഇന്ദുചൂഡൻ എന്ന കഥാപാത്രം. 2022 ൽ ‘Freedom Fight’ എന്ന Anthology Film പുറത്തിറങ്ങിയ ശേഷം അതിലെ ഒരു ഭാഗത്തിൽ നായിക ഉപയോഗിക്കുന്ന ‘ഫെമിനിസ്റ്റ്’ പ്രയോഗം ചേർത്തുവച്ചുകൊണ്ടുള്ള മീമുകളും ട്രോൾ വീഡിയോകളും കൊണ്ടാണ് വോക് മലയാളികൾ ഇന്ദുചൂഡനെതിരെ അവസാനത്തെ മാസ് സൈബർ യുദ്ധം നടത്തിയത്.
“വെള്ളമടിച്ച് കോൺതിരിഞ്ഞ് പാതിരാത്രിക്ക് വീട്ടിൽ വന്ന് കയറുമ്പോൾ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവർഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും എൻ്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും ഒടുവിലൊരുനാൾ വടിയായി തെക്കേപ്പറമ്പിലെ പുളിയൻ മാവിൻ്റെ വിറകിന്നടിയിൽ എരിഞ്ഞു തീരുമ്പോൾ നെഞ്ചുതല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം. പറ്റുമെങ്കിൽ കേറിക്കൊ” (തൻ്റെ വാഹനത്തിൽ) – എന്നതാണ് പ്രസ്തുത സിനിമയിലെ ഇന്ദുചൂഡൻ നടത്തുന്ന ജനാധിപത്യ മൂല്യങ്ങളെ മാനിക്കാത്തതും സ്ത്രീ വിരുദ്ധവുമായ പരാമർശം. അത്തരത്തിൽ ഒരു പ്രസ്താവന നവീനമായ മൂല്യങ്ങളുടെ ഉൽപത്തി വികാസങ്ങോടെ ചോദ്യം ചെയ്യപ്പെടുക സ്വാഭാവികവുമാണ്. എന്നാൽ “മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം” എന്ന മാർക്സിയൻ വാചകത്തെ ശരിവക്കുന്ന വിധം നിർഭാഗ്യവശാൽ/ഭാഗ്യവശാൽ ശാശ്വതമായ മൂല്യങ്ങൾ എന്നൊന്ന് അസംഭവ്യമാണ്. ഇംഗ്ലീഷ് എഴുത്തുകാരനായ ഇ.എൽ ജെയിംസിന്റെ Fifty Shades Trilogy യെ അടിസ്ഥാനമാക്കി യഥാക്രമം 2015, 2017, 2018 എന്നീ വർഷങ്ങളിൽ പുറത്തിറങ്ങിയ Fifty Shades of Grey, Fifty Shades Darker, Fifty Shades Freed എന്നീ സിനിമകൾ BDSM എന്ന പങ്കാളിത്ത വ്യവസ്ഥയെ ആധാരമാക്കിയുള്ളതാണ്. Bondage, Discipline, Dominance, Submission, Sadism and Masochism (or Sadomasochism) എന്നിവയാണ് BDSM എന്ന ലൈംഗിക രീതിയുടെ സാമാന്യ സവിശേഷതകൾ. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഒരു വ്യക്തി നിശിതമായ ആധിപത്യം വഹിക്കുകയും പങ്കാളി വിധേയത്വത്തെ കണിശമായി പിൻതുടരുകയും ചെയ്യുക എന്ന രീതിയാണ് BDSM ൻ്റെ അടിസ്ഥാന സ്വഭാവം. Fifty Shades എന്ന ബ്രിട്ടിഷ്-അമേരിക്കൻ സിനിമാ ത്രയത്തിലേക്ക് വരുമ്പോൾ

Anastasia Steele, Christian Grey എന്നീ നായികാ നായകന്മാരിൽ നായകൻ അധിപനും നായിക വിധേയയുമാകുന്ന ലൈംഗിക ജീവിതമാണ് കാണാനാവുന്നത്. ഇവിടെ പ്രത്യേകിച്ച് എടുത്തു പറയേണ്ട ഒരു കാര്യം ഇത്തരത്തിലുള്ള ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപുതന്നെ ഇരുവരും നിയമാനുസൃതമായ ഒരു കരാറിൽ ഒപ്പുവക്കുന്നു എന്നതാണ്. കേരളത്തിലെ അടക്കം ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകർ ഏറ്റെടുക്കുകയും പുകഴ്ത്തുകയും ചെയ്ത സിനിമാ പരമ്പരയാണ് ഇത്. ഇപ്രകാരമുള്ള ഒരു താരതമ്യത്തിനു ശേഷം ഇന്ദുചൂഡനിലേക്ക് തിരിച്ചു പോയാൽ സമാനമായ ഒരു കരാർ അവിടെയും ഉണ്ടായിരുന്നു എന്ന വസ്തുത തീർത്തും വ്യക്തമാണ്; അത് എഴുതപ്പെട്ടതൊ നിയമസാധുതയുള്ളതൊ അല്ല എന്നുമാത്രം. തൻ്റെ പങ്കാളി എപ്രകാരമുള്ള ഒരാളായിരിക്കണമെന്നും അയാളിൽ നിന്ന് താനെന്തൊക്കെ പ്രതീക്ഷിക്കുന്നു എന്നുമുള്ള അയാളുടെ പറച്ചിൽ Fifty Shades ൽ നിന്ന് വിപരീതമായി കുലീനമായല്ല എന്നുമാത്രം (പ്രതീകാത്മകമാണുതാനും). പുരുഷൻ്റെ ആധിപത്യപരമായ ആഗ്രഹത്തിനൊത്ത് മുന്നോട്ടുപോകാൻ താൽപര്യമുള്ളവരല്ല തങ്ങളെങ്കിൽ അവരുടെ ആവശ്യത്തെ നിരാകരിക്കാനുള്ള സാധ്യത ഈ രണ്ട് സന്ദർഭങ്ങളിലും തുറന്നു തന്നെ കിടന്നിരുന്നു (രണ്ട് സിനിമകളിലെയും സ്ത്രീകൾ ഉന്നത വിദ്യാഭ്യാസം നേടിയവരും സാമ്പത്തിക പദവി പ്രകാരം അടിസ്ഥാന വർഗത്തിന്റെ പരിധിയിൽ പെടാത്തവരുമാണ്. മലയാള സിനിമയാലെ നായിക സവർണ വിഭാഗത്തിൽ ഉൾപ്പെടുന്ന സ്ത്രീയുമാണ്)
Fifty Shades സിനിമകളിലെ നായകൻ തൻ്റെ യാതനാപൂർണമായ ബാല്യകാലത്തെ ഒരു ഘട്ടത്തിൽ ഓർത്തെടുക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു ജീവിത പരിസരമാണ് തന്നെ ഈ നിലയിൽ പരിവർത്തിപ്പിച്ചതെന്നും അയാൾ പറയാതെ പറയുന്നു. നരസിംഹം എന്ന സിനിമയിൽ താൻ ചെയ്തതല്ലാത്ത ഒരു കുറ്റത്തിന്റെ പേരിൽ ആറ് വർഷം ജയിൽവാസം അനുഭവിക്കേണ്ടി വരികയും തെളിവുകളെല്ലാം തനിക്ക് എതിരായിരിക്കെ ജഡ്ജായ തൻ്റെ പിതാവിനാൽ പോലും തിരസ്കരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് നായകൻ. തൻ്റെ പിതാവിന് മറ്റൊരു സ്ത്രീയിൽ രഹസ്യ സ്വഭാവത്തോടെ പിറന്ന Step Sister കൊല്ലപ്പെടുന്നതും അതിന്റെ ഉത്തരവാദിത്വം തൻ്റെ പിതാവിൽ ആരോപിക്കപ്പെടുന്നതും അയാളുടെ മരണവുമെല്ലാം ഇന്ദുചൂഡനെ ഇടതടവില്ലാതെ വേട്ടയാടുന്നുണ്ട്.

അയാളുടെ പിതാവിന്റെ അതികാർക്കശ്യം നിറഞ്ഞ സ്വഭാവം ഇന്ദുചൂഡൻ്റെ ബാല്യകാലത്തെ സംബന്ധിക്കുന്ന ധാരണ നൽകാൻ ധാരാളവുമാണ്. തനിക്ക് കുട്ടികളുണ്ടായാൽ അവരെ ഒരു പരിധിക്കപ്പുറം സ്വയം അന്നം കണ്ടെത്താൻ പ്രേരിപ്പിക്കുമെന്നും തൻ്റെ സമ്പത്തിൻ്റെ അവസാന തുട്ടും ചിലവഴിച്ചു കഴിഞ്ഞ് മാത്രം മരിക്കാനാഗ്രഹിക്കുന്ന ഒരാളാണ് താനെന്നും റോഡരികിൽ ഒരു നിരാധാരയായ സ്ത്രീ തന്നോട് യാചിച്ചാൽ ഒരാലോചനയും കൂടാതെ താനവർക്ക് ദാനം നടത്തുമെന്നും എന്നാൽ ആ സ്ഥാനത്ത് ഒരു പുരുഷ യാചകനാണെങ്കിൽ താനയാളെ അവഗണിക്കുമെന്നും പറയുന്ന ആൻഡ്ര്യു ടേറ്റ് എന്ന സോഷ്യൽ ഇൻഫ്ലുവർ പങ്കെടുത്ത ഒരു Podcast ൽ അയാളുടെ സഹോദരൻ തങ്ങളുടെ യൗവ്വനാരംഭത്തെ ഓർത്തെടുക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആൻഡ്ര്യുവിൻ്റെ ജന്മദിനത്തിൽ തങ്ങൾ KFC CHICKEN കഴിച്ചതിനെക്കുറിച്ച് പറഞ്ഞാണ് അയാൾ തുടങ്ങുന്നത്. അതിദരിദ്രമായ ഒരു കാലത്ത് KFC സെൻ്ററുകളിൽ ആളുകൾ ബാസ്കറ്റിൽ ഉപേക്ഷിച്ച കഷ്ണങ്ങൾ ശേഖരിച്ച് ബോക്സിങ് റിങിലേക്കുവേണ്ട പ്രോട്ടീൻ ശേഖരിച്ചിരുന്ന തങ്ങളുടെ ഭൂതകാലത്തെ തുടർന്ന് അയാൾ വിശദീകരിക്കുന്നുണ്ട്. വ്യക്തികളെ രൂപപ്പെടുത്തുന്നതിൽ അവരുടെ സാമൂഹിക-സാംസ്കാരിക-വൈയക്തികാനുഭവങ്ങൾ കൃത്യമായ പങ്കുവഹിക്കുന്നു എന്നും അവ പരിഗണന അർഹിക്കുന്നുവെന്നുമാണ് ഇവിടെ പറഞ്ഞുവക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇത് ഒരുതരത്തിലും ജനാധിപത്യ വിരുദ്ധമായ പെരുമാറ്റ/സ്വഭാവ രീതികളെ അനുകൂലിക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ ഒരു വിശദീകരണമല്ല; മറിച്ച് ഒരു വ്യക്തിക്ക് അയാളുടെ ആഗ്രഹങ്ങളെയും താൽപര്യങ്ങളെയും (അവ എത്രമാത്രം പ്രതിലോമകരമായിരുന്നാലും) പ്രകാശിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നതുകൂടിയാണ് ജനാധിപത്യം എന്ന് ഓർമിപ്പിക്കുന്നതിനായാണ്. ‘നരസിംഹ’ത്തിലെ സവർണനും സമ്പന്നനുമായ നായകൻ അയാളുടെ ഏകാധിപത്യ സ്വഭാവത്തെ പരിഷ്കരിക്കാൻ തയ്യാറാവേണ്ടതില്ല എന്ന് സ്വയം കരുതുന്ന പക്ഷം, ‘സവർണ ജാതിയിൽ ഉൾപ്പെടുന്ന വൃദ്ധനെ പരിചരിക്കാൻ പരിചയ സമ്പന്നരായ സമാന ജാതിക്കാരെ തേടുന്നു’ എന്ന പത്രപ്പരസ്യത്തിൻ്റെ അകമ്പടിയോടെ അയാൾ തൻ്റെ ഏകാന്ത ജീവിതം മരണം വരെ തള്ളിനീക്കട്ടെ (ഇന്ദുചൂഡൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, കാലമെത്തി മരിക്കാം എന്ന ‘അതിമോഹം’ സംഭവ്യമായാൽ). അയാളെ അതിന് അനുവദിക്കാനാണ് പോസ്റ്റ് വോക് കാലം നമ്മളോടാവശ്യപ്പെടുന്നത്.
(ഈ ലേഖനം എഴുതിക്കഴിഞ്ഞ് അതേദിവസം (23/1/2023) വളരെ അവിചാരിതമായാണ് മനോരമ ഓൺലൈനിൽ ‘ജോലി ഉപേക്ഷിച്ച് ഭർത്താവിനെയും മക്കളെയും നോക്കുക; ട്രൻഡായി സ്ത്രീകളുടെ പുതിയ തീരുമാനം’ എന്ന ടൈറ്റിലിൽ ഒരു സ്റ്റോറി വായിക്കാനിടയായത്.
ട്രാഡ്‌വൈവ്സ് (tradwives) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന Traditional Wives എന്ന ഈ ട്രെൻഡിനെക്കുറിച്ച് കൂടുതൽ അറിയാൻ വെബ് സെർച് നടത്തിയപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ വളരെ വർഷങ്ങൾക്കു മുൻപുതന്നെ ആരംഭിച്ചതും അതിവേഗം പടരുന്നതുമായ ഒരു രീതിയാണ് ഇതെന്നാണ് മനസ്സിലാക്കാനായത്)
