യുവജനങ്ങളില്‍ നൂതനാശയങ്ങള്‍ വികസിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ ദ്വിദിന ശില്‍പശാല ടി.കെ.എം കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്തു. ആശയസ്വരൂപണത്തിനുള്ള മികച്ച വേദിയാണ് കെ-ഡിസ്‌കിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍ വകുപ്പുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നൂതന ആശയങ്ങളിലൂടെ പരിഹാരം കാണാനാകും. വിദ്യാര്‍ഥികള്‍ക്ക് ഇതിനായി വഴിയൊരുക്കാം. കൃത്യമായി ഇടപെടലിലൂടെ നാടിന്റെ വികസനത്തില്‍ വിദ്യാര്‍ഥികളെയും പങ്കാളികളാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
വികസനം, സേവനം, റെഗുലേറ്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി 49 വകുപ്പുകളാണ് പങ്കെടുക്കുന്നത്. ശേഖരിക്കുന്ന പ്രോബ്ലം സ്റ്റേറ്റ്‌മെന്റുകള്‍ക്ക് പരിഹാരം സമര്‍പ്പിക്കാന്‍ വൈ.ഐ.പിയില്‍ ഫാക്കല്‍റ്റിയുടെ സഹായം ലഭ്യമാക്കും.
ടി.കെ.എം എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി. എ. ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. കെ-ഡിസ്‌ക് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി. ജസ്റ്റിന്‍, സംഘാടക സമിതി കണ്‍വീനര്‍ ഡോ. എസ്. അനുജി, ഐ.സി.ടി അക്കാദമി ഓഫ് കേരള പ്രോഗ്രാം ഹെഡ് ഡോ. എ. എസ് മനോജ്, സംഘാടകസമിതി അംഗങ്ങള്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐ.സി.ടി അക്കാദമി ഓഫ് കേരള എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
