സദാ ആബെയുടെയും കിച്ചിസോ ഇഷിദയുടെയും കഥ

Cinema

സിനിമ/ ജാഫർ എസ്

In The Realm Of Senses (1976 , Japanese)

1936-ലെ ടോക്കിയോയിൽ, ഒരു മുൻ ലൈംഗിക തൊഴിലാളിയായ സദാ ആബെ ഇപ്പോൾ ഒരു ഹോട്ടലിൽ വേലക്കാരിയായി ജോലി ചെയ്യുന്നു. ഹോട്ടലിൻ്റെ ഉടമയായ കിച്ചിസോ ഇഷിദയുമായുള്ള അവളുടെ ബന്ധം തുടക്കത്തിൽ പീഡനപരമായിരുന്നെങ്കിലും ക്രമേണ അവരിരുവരും പല ലൈംഗിക പരീക്ഷണങ്ങളും നടത്തുകയും തങ്ങളുടെ ആത്മാഭിലാഷങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു തീവ്രബന്ധം ആരംഭിക്കുകയും ചെയ്യുന്നു…

ക്രമേണ അവരുടെ ബന്ധത്തിന്റെ തീവ്രത പിന്നെയും ഏറി വരുമ്പോൾ കഥാപാത്രങ്ങൾക്കൊപ്പം സിനിമയും , സെക്സിനെ ചിത്രീകരിക്കുന്നതിൽ അന്നേക്ക് നിലനിന്നിരുന്ന കീഴ്‌വഴക്കങ്ങളെയെല്ലാം ലംഘിക്കുന്നു..

സദയുമായുള്ള ഗാഢബന്ധം തുടരാൻ ഇഷിദ ഭാര്യയുമായുള്ള ബന്ധം ഒഴിവാക്കുന്ന സ്ഥിതി വരെയെത്തുന്നു..

കഥ ഒരു വഴിത്തിരിവിലേക്ക് എത്തുന്നത് സദയ്ക്ക് ഇഷിദയോട് സ്വാർത്ഥപരത ഏറുകയും അയാളുടെ മറ്റു ബന്ധങ്ങളെ അസൂയയോടെ കാണാൻ തുടങ്ങുകയും ചെയ്യുന്നതോടെയാണ് . അവൾക്ക് അവനെ മറ്റാർക്കും വിട്ടു കൊടുക്കാതെ മുഴുവനായും വേണം. അവനിൽ അവൾ ആസക്തിയുടെ ചൂടുള്ള ജ്വാലകൾ പടർത്തുന്നു…

ഇഷിദയാകട്ടെ അവളെ പ്രീതിപ്പെടുത്താൻ , അവളെ തൃപ്തയാക്കാൻ കൂടുതൽ കൂടുതൽ ഉത്സുകനാകുന്നു…

അവരുടെ ഇഴുകിച്ചേരലിൻ്റെ , സംഭോഗത്തിൻ്റെ ഉന്മാദം കലർന്ന ഒരു നിമിഷാർദ്ധത്തിൽ അവൾ അവൻ്റെ കഴുത്ത് ഞെരിക്കുന്നു , അവൻ തിരിച്ചറിയുന്നു അവൾക്ക് അതിലൂടെ രതിസുഖത്തിൻ്റെ മറ്റൊരു പടവ് കൂടി കയറാമെന്ന്..*

രതിമൂർച്ഛയുടെ മുകൽനിലയിൽ എത്തുന്ന മുഹൂർത്തത്തിൽ കഴുത്തു ഞെരുക്കപ്പെട്ട് അവൻ ശ്വാസത്തിന് വേണ്ടി പിടയുന്നത് അവളുടെ രത്യുന്മാദത്തെ മേൽസ്ഥായിയിൽ എത്തിക്കുന്നത് തുടരുന്നത് ഒടുക്കം കാണി പ്രതീക്ഷിക്കുന്ന തരത്തിൽ തന്നെയാകുന്നു…

കാണി പ്രതീക്ഷിക്കാത്തത് നടക്കുന്നത് ഇഷിദ ശ്വാസം മുട്ടി മരിച്ചതിന് ശേഷമുള്ള നിമിഷങ്ങളിൽ നടക്കുന്നവയാണ്…

മറ്റാർക്കും വിട്ടു കൊടുക്കാതെ അവൾ അവനെ മുറിച്ചെടുക്കുന്നു , എന്നിട്ട് അതുമായി അവനരികിൽ തന്നെ ഇരിക്കുന്നു ; അവന്റെ നെഞ്ചിൽ അവൻ്റെ ചോരകൊണ്ട് അവൾ എഴുതിയ വാക്കുകൾ ഇങ്ങനെ വായിക്കാം:

“സദാകിച്ചി ഞങ്ങൾ രണ്ടുപേരും എന്നെന്നേക്കുമായി.”

1976 ൽ കടുത്ത സെൻസർഷിപ്പ് ഉണ്ടായിരുന്ന ജപ്പാനിൽ ഈ സിനിമ എടുക്കാൻ നഗിസ ഒഷിമ കുറേ സാഹസപ്പെട്ടു. ഒരു ഫ്രഞ്ച് പ്രൊഡക്ഷൻ്റെ മറവിൽ സിനിമ പൂർത്തിയാക്കിയെങ്കിലും ജപ്പാനിൽ സിനിമയ്ക്ക് അനുമതി കിട്ടിയില്ല. യു എസിൽ പോലും സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിക്കപ്പെട്ടു…

ഒരു പോർണോഗ്രാഫിക് സൈക്കോളജിക്കൽ സിനിമ എന്ന് മുദ്ര കുത്തപ്പെട്ട് പെട്ടിയിലാക്കപ്പെട്ട സിനിമ രക്ഷപ്പെടുന്നത് ബെൽജിയം ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങൾ സിനിമയ്ക്ക് അനുമതി നൽകിയതോടെയാണ്..

2022 ൽ ഈ സിനിമ കാണുന്ന ഒരു ശരാശരി കാണി അതിൽ കാണിക്കുന്ന ലൈംഗികതയുടെ തുറന്ന ചിത്രീകരണത്തിൻറെ പല മടങ്ങ് തീവ്രതയുള്ള വർത്തമാനകാല സിനിമകൾ അതിനോടകം കണ്ട ഒരാൾ ആയിരിക്കും എന്നതിനാൽ സിനിമയിലെ ലൈംഗികത അയാളിൽ വലിയ ഞെട്ടലൊന്നും ഉണ്ടാക്കില്ല എങ്കിലും അവസാന സീൻ അലോസരം ഉണ്ടാക്കിയേക്കാം..

സിനിമ ഇറങ്ങിയ എഴുപതുകളിലെ അടക്കിയ ലൈംഗികതയുടെയും സദാചാരത്തിൻ്റെ യും കാലം കഴിഞ്ഞ് ഇപ്പോൾ സിനിമ കാണുമ്പോൾ ഞാൻ തിരിച്ചറിയുന്നത് തീവ്രമായ ആസക്തി – അത് സെക്സിനോട് ആണെങ്കിലും , പണത്തിനോട് ആണെങ്കിലും ദൈവത്തിനോട് ആണെങ്കിലും – മനുഷ്യനെ മാറ്റിത്തീർക്കുക പ്രവചനങ്ങൾക്ക് അപ്പുറത്തുള്ള ഇരുണ്ട സ്ഥലികളിൽ ആയിരിക്കുമെന്നതാണ്..

പിൻകുറി : മുപ്പതുകളിൽ ജപ്പാനിൽ നടന്ന യഥാർത്ഥ സംഭവം ആണ് സിനിമയ്ക്ക് ആധാരം.

Leave a Reply

Your email address will not be published. Required fields are marked *