ജെയിംസിലൂടെയുള്ള പരകായ പ്രവേശത്തിലൂടെ സുന്ദരം എന്താണ് ആഗ്രഹിക്കുന്നത് ?

Cinema

ജാഫർ എസ്

എവിടെ നിന്നാണ് , എന്തിനാണ് , എങ്ങിനെയാണ് , രണ്ടു വർഷം മുമ്പ് ഓട്ടഞ്ചത്രം മാർക്കറ്റിലേക്ക് പോയി , തന്റെ ഭാര്യയുടെയും മകളുടെയും അടുത്തേക്ക് തിരിച്ചു വരികയേ ചെയ്തിട്ടില്ലാത്ത #സുന്ദരം , ‘ ‘ഇരുക്കും ഇടത്തെ വിട്ട് ഇല്ലാത ഇടം തേടി ‘പോയ സുന്ദരം , തനിക്ക് തീർത്തും അപരിചിതനും വേളാങ്കണ്ണി തീർഥാടകസംഘത്തിലെ പരുപരുത്തവനും വഴക്കമില്ലാത്തവനും തന്റെ നിലവിലെ വാഴ് വിൽ മടുപ്പുള്ളവനുമായ #ജെയിംസ് എന്ന നടനെ കാണുന്നത്, അവനിലേക്ക് ആവേശിക്കുന്നത് ?!

അങ്ങിനെ , ഉച്ചഭക്ഷണത്തിന് ശേഷമുള്ള , ബസ്സിലെ മടുപ്പൻ പാട്ടുകൾക്കും ഏതോ ഒരു #മമ്മൂട്ടി സിനിമയുടെയും ഇടയിൽ ഏവരിലേക്കും കടന്നുവന്നൊരു മധ്യാഹ്നമയക്കവേളയിൽ, ആ ചോളപ്പാടത്തിന് നടുവിൽ ബസ്സു നിർത്തിച്ച് ജെയിംസ് നടന്നു നീങ്ങുന്നത് സുന്ദരത്തിന്റെ എന്തിലേക്കൊക്കെയാണ് ?

ശരീരത്തിലേക്ക് , മനസിലേക്ക് , നടപ്പിലേക്ക് , ഉടുപ്പിലേക്ക് , ഊണിലേക്ക് , ഉണർവിലേക്ക് , ഇടത്തിലേക്ക് , കാലത്തിലേക്ക് , നടനത്തിലേക്ക് , കഥനത്തിലേക്ക് , പാട്ടിലേക്ക് , ഡയലോഗുകളിലേക്ക്, അച്ഛനിലേക്കമ്മയിലേക്ക് , ഭാര്യയിലേക്ക് , മകളിലേക്ക് ?

വാഴ് വിലേക്ക്..?

ജെയിംസിലൂടെയുള്ള പരകായ പ്രവേശത്തിലൂടെ

സുന്ദരം എന്താണ് ആഗ്രഹിക്കുന്നത് ?

അച്ഛനെ , അമ്മയെ , പൂവള്ളിയെ , മകളെ കാണാൻ , പയ്യിന് വൈക്കോൽ ഇട്ടു കൊടുക്കാൻ , അതിരാവിലെയുണർന്ന് അതിനെ കറന്ന് , പാൽപത്രവും കയറ്റി വെച്ച് നാട്ടുപാതകളിലൂടെ ലൂണയോടിച്ച്‌ , പാല് വിറ്റ് , പാവൽത്തോട്ടത്തിൽ കയറിയവനെ ആട്ടിയോടിച്ച് , സെവലയ്‌ക്ക് ചോറ് കൊടുത്ത് , റ്റീക്കടയിൽ ചെന്നിരുന്ന് ചട്ട്ണി ഒഴിക്കാത്ത ദോശയ്ക്ക് കാത്ത് ചായ മൊത്തിക്കുടിച്ചിരുന്ന് , ബാറിൽ ചെന്ന് ആ വർണവിളക്കുകൾക്ക് ചുവട്ടിൽ നിന്ന് ശിവാജിഗണേശന്റെ ഡയലോഗഭിനയിച്ചു കാണിച്ച് , മകളുടെ കയ്യിൽ നിന്ന് വറ്റും നീരും വാങ്ങിക്കുടിക്കാൻ , ഒടുവിൽ അമ്മയുടെ മടിയിൽ തലവെച്ച് ഉച്ചയൂണിനും ഉണർവിനും ഇടയിലെ മധ്യാഹ്നമയക്കത്തിലേക്ക് ഊർന്നു വീഴാൻ ..?

എന്നിട്ട് , ആ മഴക്കത്തിൽ നിന്നുണർന്ന് , ‘കണ്ണാടി കാൺമോളം’ സുന്ദരമായി നടന്ന് , ഇരുന്ന് , ഉണ്ട് , ഉറങ്ങിയുണർന്നൊടുവിൽ ജെയിംസ്‌ ആയി തിരികെപ്പോകാൻ..?

ജയിംസിന്റെ ശരീരത്തിലേറി തന്റെ പ്രിയപ്പെട്ട എല്ലാറ്റിലേക്കും പയനം ചെയ്യുന്ന , ഒരു പകലിരവിനറുതിയിലെ മധ്യാഹ്നമയക്കത്തിനൊടുവിൽ സുന്ദരം അനുഭവിക്കുന്ന സ്‌ട്രഗിൾ ,

“മയക്കമാ കലക്കമാ ,

മനതിലേ കുഴപ്പമാ , വാഴ്ക്കയിൽ നടുക്കമാ?”

എന്ന പാട്ടിലൂടെയല്ലാതെയെങ്ങിനെ ആവിഷ്കരിക്കും..?

ജീവിക്കുന്ന കഥാപാത്രങ്ങൾക്കൊപ്പമോ , ശരീരം കൊണ്ട് അദൃശ്യനായ സുന്ദരത്തിനൊപ്പമോ , അവനെയും കൊണ്ടു നടക്കുന്ന ജയിംസിനൊപ്പമോ അതിലും മേലയോ പ്രാധാന്യമുള്ള ആ ഗ്രാമം പോലെ മലയാളസിനിമയിൽ മറ്റൊരു കഥാപാത്രം ഉണ്ടായിട്ടുണ്ടോ?

‘പാർത്ത ഞാപകം ഇല്ലയോ ‘ എന്നൊരു ചോദ്യം പോലുമില്ലാതെ തന്റെ നേർക്ക് അതേ മട്ടിൽ നോക്കുന്ന ജെയിംസ്കണ്ണുകളുടെ ‘സുന്ദര’ നോട്ടം ഒന്നു കൊണ്ടു മാത്രം അയാളുടെ സാന്നിദ്ധ്യം ഒരിക്കൽകൂടി അറിയുന്ന പൂവള്ളിയുടെ ആത്മസംഘർഷം എത്ര ഭംഗിയായാണ് മെലോഡ്രാമയുടെ തുള്ളിപോലും ഇല്ലാതെ കാണിച്ചു തന്നതെന്ന് ശ്രദ്ധിച്ചോ?

ഉലകമാകുന്ന നാടകമോടുന്ന കൊട്ടക പോലുള്ള ആ ടി വി യിലേക്ക് നോക്കി , അതിൽ നിന്ന് വരുന്ന ഡയലോഗുകളിൽ മുഴുകി , ഇടയ്ക്ക് ചിരിച്ച് , ഇടയ്ക്കുമാത്രം മിണ്ടി , ഒരിക്കൽ മാത്രം സുന്ദരത്തിനായി ഒരു തുള്ളി കണ്ണീരുദകം വീഴ്ത്തി നിതാന്തമായി ഇരിക്കുന്ന അന്ധയായ ആ അമ്മക്കഥാപാത്രം എന്തുകൊണ്ടാണ് ദൈവം പോലെയാണെന്ന് എനിക്കെങ്കിലും തോന്നിച്ചത്?

ടി എം സൗന്ദർരാജനും ശീർഗാഴിയും വിശ്വനാഥൻ-രാമമൂർത്തിയും പി ബി ശ്രീനിവാസും ശിവാജിയും നാഗേഷും ജമിനിയും സാവിത്രിയും പി സുശീലയും കെ വി മഹാദേവനും ‘സുമൈതാങ്കിയും ‘ , ‘പാദകാണിക്കൈ’ യും ‘വീടു വരൈ ഉറവും’ പുതിയ പറവൈ’ യും ‘പാർത്ത ഞാപകം ഇല്ലയോ’ യും ‘നിഴൽകളും’ ‘സെന്താഴം പൂവും’ ഒക്കെ സുന്ദരത്തിന്റെ ഒരേയൊരുനാൾ വാഴ് വിന് ശബ്ദപശ്ചാത്തലമണച്ചത് പോലൊന്ന് വേറേത് സിനിമയിൽ കണ്ടിട്ടുണ്ട്..?!

ഒടുവിലായിട്ട് ചോദിക്കട്ടെ , ശരീരമേയില്ലാത്ത ; ശരീരഭാഷ മാത്രമുള്ള , ശബ്ദമേയില്ലാത്ത ; ശബ്ദസ്പർശം മാത്രമുള്ള , വികാരങ്ങളും ഓർമ്മകളും ഭാവങ്ങളും സൗഖ്യങ്ങളും വ്യസനങ്ങളും ഒക്കെ മറ്റൊരപരന്റെ ശരീരത്തിലൂടെ അവസാനമായി ഒരിക്കൽക്കൂടി ആവിഷ്കരിക്കുന്ന , ഒരു നാടകകൃത്തിനെപ്പോലുള്ള , സുന്ദരം എന്ന കഥാപാത്രത്തെ മുൻപ് കണ്ടിട്ടുണ്ടോ?!

Leave a Reply

Your email address will not be published. Required fields are marked *