ഗാനരചയിതാവ് ബിയാർ പ്രസാദ് അന്തരിച്ചു

NEWS

പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദ് (61) അന്തരിച്ചു. ഗാനരചയിതാവ്, നാടകകൃത്ത്, സംവിധായകൻ, പ്രഭാഷകൻ, അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നെങ്കിലും ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെ ചലച്ചിത്രഗാനരചനാ രംഗത്തേക്ക് കടന്നു. തുടർന്ന് വാമനപുരം ബസ് റൂട്ട്, ജലോത്സവം, വെട്ടം, സൽപേർ രാമൻ കുട്ടി, ലൈവ്‌ലി ഓർക്ക് നഗരി തുടങ്ങി 25 ഓളം ചിത്രങ്ങൾക്ക് ഗാനങ്ങൾ എഴുതി.

ഗൃഹാതുരത്വമുണർത്തുന്ന ഒട്ടേറെ ഗാനങ്ങൾ രചിച്ചു. നേർക്കുനേരെ എന്ന ചിത്രത്തിന് കഥയെഴുതി. 1993-ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത ‘ജോണി’യുടെ തിരക്കഥയും സംഭാഷണവും എഴുതി മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടി. ഏഷ്യാനെറ്റിലെ സുപ്രഭാതം പരിപാടിയുടെ അവതാരകനായിട്ടായിരുന്നു തുടക്കം.

ക്ഷേത്രകലകളിലും ആചാരാനുഷ്ഠാനങ്ങളിലും അഗാധമായ അറിവ് നേടിയ മഹാപ്രഭാഷകനായിരുന്നു അദ്ദേഹം. അഷ്ടപദിയിലും പ്രാവീണ്യമുണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. മങ്കൊമ്പ് മായാസദനത്തിൽ പരേതനായ ബാലകൃഷ്ണപ്പണിക്കരുടെയും കല്യാണിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: വിധു പ്രസാദ് (പുളിങ്ങ് പഞ്ചായത്ത്). മക്കൾ: ഇളപ്രസാദ്, കവിപ്രസാദ്.

Leave a Reply

Your email address will not be published. Required fields are marked *