വാളന്‍പുളിവെള്ളം, തക്കാളി, കുരുമുളക്, ജീരകം തുടങ്ങിയവയെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ദക്ഷിണേന്ത്യയിലെ സൂപ്പാണ് രസമെന്നു പറയാം. ഇതില്‍ ചേര്‍ക്കാനുള്ള രസപ്പൊടി ഇപ്പോള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടുന്നുണ്ട്. സദ്യയില്‍ സാമ്പാര്‍ ഉണ്ടു കഴിഞ്ഞാണ് രസമൊഴിച്ച് കഴിക്കുക. ചിലര്‍ക്ക് രസം കുടിക്കാനാണിഷ്ടം. കന്നഡയില്‍ സാരു, തെലുങ്കില്‍ ചാരു എന്നൊക്കെയാണ് രസത്തിന്‍റെ പേര്.
പലതരം രസമുണ്ട്. നാരങ്ങാരസം, കടലരസം, മാങ്ങാരസം, ഇഞ്ചിരസം, വെളുത്തുള്ളിരസം, പൈനാപ്പിള്‍രസം, മൈസൂര്‍രസം തുടങ്ങി ലിസ്റ്റ് നീണ്ടുപോകും.
രസം വളരെ സ്വാദിഷ്ടം മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. ആന്‍റിഓക്സിഡന്‍റുകള്‍ നിറഞ്ഞ ഒരു വിഭവമാണ് രസം. ഇത് ദഹിക്കാന്‍ എളുപ്പവുമാണ്. രസത്തില്‍ വിറ്റാമിന്‍ എ, സി എന്നിവ കൂടാതെ റിബോഫ്ളോവിനുമുണ്ട്. പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം, സിങ്ക്, ചെമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പുഷ്ടമാണ് രസം. ശരീരത്തിലെ വിഷവസ്തുക്കള്‍ പുറന്തള്ളാനും രസത്തിനു കഴിയും.
