ഡൽഹി എക്സൈസ് അഴിമതി കേസ്, മനീഷ് സിസോദിയയെ മാർച്ച് 4 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു

India NEWS

ഡൽഹി മദ്യ എക്സൈസ് നയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രാദേശിക കോടതി അഞ്ച് ദിവസത്തെ സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) കസ്റ്റഡിയിൽ വിട്ടു. മദ്യ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും സ്വകാര്യ വ്യക്തികൾക്ക് ടെൻഡറിന് ശേഷമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിലും ക്രമക്കേട് നടന്നുവെന്ന കേസിൽ നടന്ന അന്വേഷണത്തിലാണ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചത്.
എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ വൈകുന്നേരമാണ് ഇദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിനിടെ ഉത്തരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും വസ്തുതകൾ വെളിപ്പെടുത്താതിരുന്നതും ചൂണ്ടിക്കാട്ടി സിസോദിയയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.

റെയ് ഡിൽ നിരവധി കുറ്റകരമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും നീതിയുക്തമായ അന്വേഷണം നടത്താൻ കസ്റ്റഡി ആവശ്യമാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ചു.
ലാഭവിഹിതം 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി വർധിപ്പിച്ച രണ്ട് കരട് പോളിസികൾ വീണ്ടെടുത്തതായും ചോദ്യം ചെയ്യലിൽ സിസോദിയക്ക് ഈ വർധനയുടെ കാരണം വിശദീകരിക്കാൻ കഴിഞ്ഞില്ലെന്നും കോടതി മുമ്പാകെ സമർപ്പിച്ചിരുന്നു.

മൊത്തവ്യാപാര യോഗ്യതാ മാനദണ്ഡം 100 കോടി രൂപയിൽ നിന്ന് 500 കോടി രൂപയായി ഉയർത്തിയെന്നും സിബിഐ വാദിച്ചു. അന്വേഷണത്തിൽ ഒരു ഫോൺ മാത്രമാണ് സിസോദിയ സമർപ്പിച്ചതെന്നും മറ്റ് മൂന്ന് ഫോണുകൾ നശിപ്പിച്ചതായും സിബിഐ ചൂണ്ടിക്കാട്ടി. മുഴുവൻ കേസും ലാഭവിഹിതത്തെക്കുറിച്ചാണെന്നും നയങ്ങൾ രഹസ്യമായി തയ്യാറാക്കിയതാണെന്നും സിബിഐ വ്യക്തമാക്കി.
സിസോദിയക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ സിദ്ധാർത്ഥ് അഗർവാൾ, മോഹിത് മാത്തൂർ, ദയാൻ കൃഷ്ണൻ എന്നിവർ സിബിഐയുടെ റിമാൻഡ് അപേക്ഷയെ എതിർത്തു. റിമാൻഡിനുള്ള കാരണങ്ങൾ നിയമത്തിൻ്റെ മുന്നിൽ സ്വീകാര്യമല്ലെന്ന് മുതിർന്ന അഭിഭാഷകൻ ദയൻ കൃഷ്ണൻ വാദിച്ചു. സിബിഐ ആഗ്രഹിക്കുന്ന വിധത്തിൽ സിസോദിയ മറുപടി പറയുന്നില്ല എന്നത് റിമാൻഡ് ചെയ്യാനുള്ള കാരണമല്ലെന്നും വാദമുയർന്നു.

Leave a Reply

Your email address will not be published. Required fields are marked *