വിദ്യാര്‍ത്ഥികളില്‍ ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കുന്ന കേരള സര്‍ക്കാരിൻ്റെ യങ് ഇന്നൊവേറ്റര്‍സ് പ്രോഗ്രാമിന്റെ (വൈ ഐ പി) ഭാഗമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ ശില്പശാല ഫെബ്രുവരി 14, 15 തീയതികളില്‍ വയനാട് കളക്ടറേറ്റിലെ എപിജെ അബ്ദുല്‍ കലാം ഹാളില്‍ നടക്കും. ഡെവലപ്പ്‌മെൻ്റ്, സര്‍വ്വീസ്, റെഗുലേറ്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി 45 വകുപ്പുകളാണ് ദ്വിദിന ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.
കൃഷി, മൃഗപരിപാലനം, ഊര്‍ജ്ജം, സാമൂഹ്യനീതി, വനിതാ- ശിശു വികസനം തുടങ്ങിയ യഥാര്‍ത്ഥ ജീവിത പ്രശ്‌നങ്ങള്‍ കണ്ടെത്തി നിര്‍വ്വചിക്കുകയാണ് ലക്ഷ്യം. ഇങ്ങനെ ശേഖരിക്കുന്ന പ്രശ്‌നങ്ങള്‍ സൂക്ഷ്മ വിശകലനം നടത്തിയ ശേഷം വൈ ഐ പി യില്‍ പ്രശ്‌നപരിഹാരത്തിന് ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ഫാക്കല്‍റ്റിയുടെ സഹായത്തോടെ ലഭ്യമാക്കും. കെഡിസ്‌ക്കിന്റെ പാര്‍ട്ണര്‍ സ്ഥാപനങ്ങളായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐ സി ടി അക്കാഡമി ഓഫ് കേരള എന്നിവയുടെ പ്രതിനിധികളും ശില്‍പ്പശാലക്ക് നേതൃത്വം നല്‍കുന്നു.
7000 ത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യങ് ഇന്നൊവേറ്റര്‍സ് പ്രോഗ്രാം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെ സമാനതയില്ലാത്ത ഇന്നൊവേഷന്‍ പരിപാടിയാണെന്ന് കെ-ഡിസ്‌ക്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://yip.kerala.gov.in/ സന്ദര്‍ശിക്കുക.
