അർത്ഥവും അനർത്ഥവും 2022 മലയാളസിനിമയിൽ ബാക്കിവയ്ക്കുന്നത്

Cinema


എ.ചന്ദ്രശേഖർ

മുഖ്യധാര അതിൻ്റെ സ്വതഃസിദ്ധമായ സ്വത്വം വീണ്ടെടുക്കുകയും അത്തരം സിനിമകൾ വൻ വിജയം നേടുകയും അതേസമയം,പ്രമേയത്തിലും അവതരണത്തിലും അസാധാരണമിതത്വവും വ്യത്യസ്തതയും പുലർത്തിയ ചില സിനിമകൾ (അ)പ്രതീക്ഷിതവിജയം നേടുകയും ചെയ്ത വർഷമായിരുന്നു മലയാളസിനിമയ്ക്ക് 2022.

കടുവയും തല്ലുമാലയുംപോലെ നൂറുക്ക് നൂറ് കമ്പോളരസതന്ത്രം നിറച്ച ചിത്രങ്ങൾ കോവിഡിനെ മറികടന്നും വൻ തീയറ്റർ വിജയം നേടിയപ്പോൾ, തീയറ്ററിലും പുറത്ത് ഒടിടിയുടെ ഒതുക്കിലും പ്രേക്ഷകരെ ഹരംകൊള്ളിച്ച ചില പാവം സിനിമകളുടെ പേരിലാണ് മലയാള സിനിമയിൽ 2022 അറിയപ്പെടാൻ പോകുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ന്നാ താൻ കേസ് കൊട്, വിപിൻ ദാസിന്റെ ജയ ജയ ജയ ഹെ, കെ.എ കമാലിന്റെ പട, മജുവിന്റെ അപ്പൻ, തരുൺ മൂർത്തിയുടെ സൗദി വെള്ളയ്ക്ക, മഹേഷ് നാരായണന്റെ അറിയിപ്പ്, ഷാഹി കബീറിന്റെ ഇലവീഴാ പൂഞ്ചിറ, സജിമോൻ പ്രഭാകറിന്റെ മലയൻകുഞ്ഞ് തുടങ്ങിയ സിനിമകൾ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ പ്രേക്ഷകരെ മാത്രമല്ല നിരൂപകരെയും സംതൃപ്തിപ്പെടുത്തിയവയാണ്. കന്നടയിൽനിന്ന് കെജിഎഫും കാന്താരയും പോലെ നിർമാണച്ചെലവിൽ രണ്ടറ്റത്തു നിൽക്കുന്ന തരം സിനിമകൾ അഖിലേന്ത്യാ അടിസ്ഥാനത്തിൽ നേരിട്ട് മഹാവിജയം വാരിക്കൂട്ടിയപ്പോൾ മലയാളത്തിൽനിന്ന് ദൃശ്യം രണ്ടും ലൂസിഫറും മുതൽ സാൾട്ട് ആൻഡ് പെപ്പറും ഇഷ്ഖും അടക്കമുള്ള സിനിമകൾ അവയുടെ അന്യഭാഷാ റീമേക്കുകളിലൂടെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിർമ്മാണച്ചെലവിലെ പരിമിതിയും ഉള്ളടക്കത്തിലെ പ്രാദേശികതയുമാവണം മലയാളത്തിൽനിന്ന് ബ്രഹ്മാണ്ഡാർത്ഥത്തിൽ ഒരു പാൻഇന്ത്യൻ സിനിമ ഉടലെടുക്കാത്തത്തിനു കാരണം. വിനയൻ എന്ന സംവിധായകന്റെ കരിയർബെസ്റ്റ് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന മികച്ച സിനിമ പുറത്തുവന്നത് മറക്കുന്നില്ലെങ്കിലും അതിന് പൊന്നിയൻ സെൽവൻ പോലൊരു ഭാഷാന്തരപ്രേക്ഷകപ്രീതി കൈവരിക്കാനാവുന്നില്ല എന്നതാണ് സൂചിപ്പിക്കാൻ ശ്രമിക്കുന്നത്.

മധ്യവർഗജീവിതത്തിന്റെ നർമ്മമധുരപ്രധാനമായ ദൃശ്യജാലം

സത്യൻ അന്തിക്കാടും ശ്രീനിവാസനും രഘുനാഥ് പലേരിയും മറ്റും ആവിഷ്‌കരിച്ച മധ്യവർഗജീവിതത്തിന്റെ നർമ്മമധുരപ്രധാനമായ ദൃശ്യജാലം മറ്റൊരു വിധത്തിൽ പുതുതലമുറ സിനിമ പിന്തുടരുന്ന രസക്കാഴ്ചയാണ് 2022 ബാക്കിയാക്കുന്നത്.
തീയറ്ററിലും ഒടിടിയിലും മികച്ച വിജയം നേടിയ ജയ ജയ ജയ ഹേ, ന്നാ താൻ കേസ് കൊട്, ആന്റണി സോണി സംവിധാനം ചെയ്ത പ്രിയൻ ഓട്ടത്തിലാണ്. സംഗീത് പി. രാജൻ സംവിധാനം ചെയ്ത പാൽത്തൂ ജാൻവർ, വി.സി അഭിലാഷിന്റെ സബാഷ് ചന്ദ്രബോസ്, സുജിത് ലാലിന്റെ രണ്ട്, അബി ട്രീസ പോളും ആന്റോ ജോസ് പെരേരയും ചേർന്നു സംവിധാനം ചെയ്ത മെമ്പർ രമേശൻ ഒൻപതാം വാർഡ്, ഷഹദ് നിലമ്പൂരിന്റെ പ്രകാശൻ പരക്കട്ടെ, അരുൺ ടി ജോസിന്റെ ജോ ആൻഡ് ജോ തുടങ്ങിയ സിനിമകളിലെല്ലാം നാം കണ്ടത് സത്യൻശ്രീനി സമവാക്യത്തിന്റെ ന്യൂ ജനറേഷൻ ദൃശ്യാവതാരങ്ങൾതന്നെയാണ്. ഇതു പക്ഷേ ഒരിക്കലും ഒരു മോശം സ്വാധീനമോ പ്രവണതയോ ആയി വിവക്ഷിക്കപ്പെടാൻ സാധ്യതയില്ല. മറിച്ച് ബാലചന്ദ്രമേനോനും മറ്റും വെട്ടിത്തെളിച്ച പാതയിൽനിന്ന് ശ്രീനിവാസനും സത്യൻ അന്തിക്കാടും പ്രിയദർശനും കൂടി ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോയ തരം സിനിമകളെ അവരിൽനിന്ന്കൂടി ഏറ്റെടുത്ത് പുതുതലമുറ അതിലും മുന്നോട്ടു കൊണ്ടുപോകുന്ന കാഴ്ചകളാണ് ഈ സിനിമകൾ സമ്മാനിക്കുന്നത്. അവിടെ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന നവതരംഗതാരങ്ങളെയും സാങ്കേതികവിദഗ്ധരയെും മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതോടൊപ്പം സ്വഭാവവേഷങ്ങളവതരിപ്പിച്ച് അനശ്വരരായി മൺമറഞ്ഞുപോയ ചില നടീനടന്മാരെ ഒരു നിമിഷമെങ്കിലും നാം ഓർത്തുപോയേക്കുമെന്നതാണ് ഈ സിനിമകൾ ബാക്കിയാക്കുന്ന ഗൃഹാതുരത്വം.കുതിരവട്ടം പപ്പുവിനെയും ഒടുവിൽ ഉണ്ണികൃഷ്ണനെയും പറവൂർ ഭരതനെയും കെ.പി.എ.സി ലളിതയേയും സുകുമാരിയേയും മീനയേയും പോലുള്ള അഭിനേതാക്കളുടെ അഭാവം നമ്മെ ഓർമ്മിപ്പിക്കുന്നു എന്നതുതന്നെ ഈ സിനിമകളുടെ ധന്യതയായി കണക്കാക്കാം.

സൂപ്പർ താര/മെഗാതാര കല്പനകളുടെയെല്ലാം വലിപ്പവും വ്യാപ്തിയും ചോദ്യംചെയ്യപ്പെട്ട വർഷം

സൂപ്പർ താര/മെഗാതാര കല്പനകളുടെയെല്ലാം വലിപ്പവും വ്യാപ്തിയും ചോദ്യംചെയ്യപ്പെട്ട വർഷം കൂടിയാണ് 2022. മമ്മൂട്ടിയുടെ ഏറെ ഹൈപ്പുണ്ടാക്കിയ റോഷാക്ക് സത്യത്തിൽ ഒരു ശരാശരി അതീന്ദ്രിയ കുറ്റാന്വേഷണ/പ്രതികാരകഥ മാത്രമായപ്പോൾ മോഹൻലാലിന്റെ ട്വൽഫ്ത് മാനും മോൺസ്റ്ററും അദ്ദേഹത്തെപ്പോലെ അനുഗൃഹീതനായൊരു നടൻ സ്വീകരിച്ചതെന്തിന് എന്ന അത്ഭുതമാണ് പ്രേക്ഷകരിൽ ബാക്കിയാക്കുന്നത്. സ്വത്വപരമോ പ്രകടസാധ്യതാപരമോ ആയ യാതൊരു വെല്ലുവിളിയും മുന്നോട്ടുവയ്ക്കാത്ത തീർത്തും ശരാശരി മാത്രമായ ഇതിവൃത്തത്തെ താരപ്രഭാവം മുൻനിർത്തി വില്പനയ്ക്കു വയ്ക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ചലച്ചിത്രസംരംഭങ്ങളായേ അവയെ കണക്കാക്കാൻ സാധിക്കൂ. സുരേഷ് ഗോപിയുടെ മേം ഹൂ മൂസയേയും ഇതേ പട്ടികയിൽപ്പെടുത്തണം. എന്നാൽ, തിരക്കഥയുടെ ബലം ഒന്നുകൊണ്ടു മാത്രം, സജീവരാഷ്ട്രീയത്തിൽനിന്ന് താത്കാലിക ഇടവേളയെടുത്തു സിനിമയിലേക്കു മടങ്ങിവന്ന സുരേഷ് ഗോപിയുടെ പ്രതിച്ഛായ കാത്തുസൂക്ഷിച്ച ചിത്രമായിരുന്നു ജോഷിയുടെ പാപ്പൻ. അതാവട്ടെ, ഇളംമുറ തിരക്കഥാകൃത്തിന്റെകൂടി വിജയമാണ്. ഇതേ കാരണംകൊണ്ടുതന്നെയാണ് ഷാജി കൈലാസിന്റെ ബഹുതാരചിത്രമായ കാപ്പയും വിജയംവരിച്ചത് എന്നോർക്കുക. സാഹിത്യത്തിൽനിന്നു സിനിമയിലെത്തിയ ജി. ആർ. ഇന്ദുഗോപന്റെ തിരക്കഥയാണ് ആ സിനിമയ്ക്ക് കരുത്തായത്. സർഗാത്മകമായി ഏറെ പ്രതീക്ഷ പുലർത്തിയ ഫഹദ് ഫാസിലും മറ്റും മനഃപൂർവമായ ഇടവേളയെടുക്കുകയോ മലയൻകുഞ്ഞുപോലെ ചെറിയ സിനിമകൾ ശ്രദ്ധിക്കപ്പെടാതിരിക്കുകയോ ചെയ്തയിടത്ത് കുഞ്ചാക്കോ ബോബനും ആസിഫലിയും പോലുള്ള നടന്മാർ അർത്ഥവത്തായ സിനിമകളിലൂടെ തങ്ങളുടെ നിലവിലെ പ്രതിച്ഛായയുടെ ആവരണം തുറന്ന് സർഗാത്മകമായ സ്വാതന്ത്ര്യത്തിലേക്ക് വന്നു എന്നതും ശ്രദ്ധേയമാണ്.
പോസ്റ്റ് ട്രൂത്ത് എന്ന ആഗോളപ്രതിഭാസത്തിന്റെ സാമൂഹികപ്രത്യാഘാതങ്ങളിൽ പ്രധാനപ്പെട്ട ഡാർക്ക് മോഡിന്റെ സ്വാധീനം പ്രകടമാക്കിയ രതീഷ് രഘുനന്ദൻ എന്ന നവാഗതന്റെ ഉടൽ ഉളവാക്കിയ ഞടുക്കവും കെ. ഐ. കമാലിന്റെ പടയും, മഹേഷ് നാരായണന്റെ രാജ്യാന്തരശ്രദ്ധ നേടിയ അറിയിപ്പും പകർന്ന അസ്വസ്ഥയും സമകാലിക മലയാളസിനിമയുടെ വിജയകാരണങ്ങളന്വേഷിക്കുന്ന ഗവേഷകർക്കുള്ള ഉത്തമപഠനവിഷയംതന്നെയാണ്.
സമകാലിക സാമൂഹികവിഷയങ്ങൾക്കു നേരെ ക്യാമറ തുറന്നുവച്ച വൈശാഖിന്റെ നൈറ്റ് ഡ്രൈവ്, സിബി മലയിലിന്റെ കൊത്ത്, വി.കെ പ്രകാശിന്റെ ഒരുത്തീ, പത്മകുമാറിന്റെ പത്താംവളവ്, പ്രജീഷ് സെന്നിന്റെ മേരി ആവാസ് സുനോ, രാഹുൽ റിജിനായരുടെ കീടം തുടങ്ങിയ സിനിമകളെയും ഉള്ളടക്കത്തിന്റെ കനമോ ആവിഷ്‌കാരത്തിലെ ആർജ്ജവമോകൊണ്ട് സിനിമാപ്രേമികൾ ഓർത്തുവയ്ക്കും.


എന്നാൽ, ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന രാജീവ് രവിയുടെ കുറ്റവും ശിക്ഷയും സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ, ലിജു കൃഷ്ണയുടെ പടവെട്ട്, അൽഫോൺസ് പുത്രന്റെ പൃഥ്വിരാജ് നയൻതാര ബഹുതാരചിത്രം ഗോൾഡ് എന്നീ സിനിമകളെ വീണ്ടുവിചാരം കൂടാതെയുള്ള എടുത്തുചാട്ടമായിട്ടേ കരുതാൻ സാധിക്കുകയുള്ളൂ. മികച്ച ദൃശ്യാവിഷ്‌കരണസാധ്യതകളുണ്ടായിരുന്ന പ്രമേയത്തെ ദുർബലമായ തിരക്കഥയാൽ അതിലും ദുർബലമാക്കിത്തീർത്ത ചലച്ചിത്രസംരംഭങ്ങളായിട്ടാവും കാലം ഈ സിനിമകളെ വിലയിരുത്തുക. എന്നു മാത്രമല്ല, സന്തോഷ് ശിവന്റെ കരിയറിലെ കറുത്ത മഷിപ്പാടുതന്നെയായിരിക്കും ജാക്ക് ആൻഡ് ജിൽ. രതീഷ് അമ്പാട്ടിന്റെ തീർപ്പ്, ഫെല്ലിനിയുടെ ഒറ്റ് തുടങ്ങിയ സിനിമകളെയും ആർക്കോ വേണ്ടി തിളച്ച സാമ്പാറായി കണക്കാക്കാം.
ഒരുവശത്ത് സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങളിൽ കൈയൊതുക്കമുള്ള സിനിമകൾ നിർമ്മിക്കാൻ ശ്രമിക്കുന്ന പുതുതലമുറയിലെ അനുഗൃഹീതചലച്ചിത്രക്കൂട്ടം. മറുവശത്ത് തല്ലുമാലയും ഒറ്റും പോലെ പ്രതിബദ്ധത ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത സിനിമകളിലേക്ക് ആകർഷിക്കപ്പെടുന്ന മറ്റൊരു ജനുസ്. സിനിമയുണ്ടായതു മുതൽ പിൻപറ്റിപ്പോരുന്ന മുഖ്യധാരയും കലാസിനിമയും തമ്മിലുള്ള അന്തരം നവതരംഗസിനിമകളിലേക്കും വ്യാപിക്കുന്ന കാഴ്ചയോടെയാണ് 2022 മലയാളസിനിമയിൽനിന്ന് വിടപറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *