റിപ്പബ്ലിക് ദിനാഘോഷം : പതാക ഉയർത്തൽ

NEWS

തൃശൂർ റിപ്പബ്ലിക് ദിനാഘോഷം : മന്ത്രി കെ രാജൻ പതാക ഉയർത്തും

രാജ്യത്തിൻ്റെ 74ാമത് റിപ്പബ്ലിക് ദിനം തൃശൂർ ജില്ലയിൽ വിപുലമായി ആഘോഷിക്കും. തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ നടക്കുന്ന ജില്ലാതല റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ദേശീയപതാക ഉയർത്തും. രാവിലെ 8.30ന് പരേഡ് അണിനിരക്കും. 8.35ന് തൃശൂർ ഡി എച്ച് ക്യൂ ക്യാമ്പ് ഇൻസ്പെക്ടർ കെ വിനോദ് കുമാർ പരേഡിൻ്റെ ചുമതലയേൽക്കും.  9ന് മന്ത്രി പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് പരിശോധിച്ച ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. വനിതാ സെൽ ഇൻസ്പെക്ടർ പി വി സിന്ധു പരേഡ് സെക്കൻ്റ് ഇൻ കമാൻ്റ് ആയി പങ്കെടുക്കും.

ജില്ലാതല പരിപാടിയില്‍ ജില്ലാ  കലക്ടർ ഹരിത വി കുമാർ, സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ, ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ   തുടങ്ങിയവർ പങ്കെടുക്കും. 23 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. തുടർന്ന് കലാ സാംസ്കാരിക പരിപാടികളും പരേഡിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന  പ്ലാറ്റൂണുകൾക്ക്  സമ്മാനദാനവും നടക്കും.

കണ്ണൂർ റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ. രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തും

ജനുവരി 26ന് രാവിലെ എട്ട് മണിക്ക് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന രാജ്യത്തിൻ്റെ 74ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പട്ടികജാതി-പട്ടികവർഗ ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കും. ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവും. പോലീസിൻ്റെ നാലും  ജയിൽ, എക്‌സൈസ്, എൻസിസി, എസ്പിസി, ജൂനിയർ റെഡ് ക്രോസ് എന്നിവയും ഉൾപ്പെടെ 36 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. ചക്കരക്കൽ പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി പരേഡ് കമാൻഡറാവും. ഡിഎസ്‌സി സെൻററിൻ്റേതുൾപ്പെടെ ബാൻഡ് മേളം ഉണ്ടാവും. വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും പത്തോളം ഫ്‌ളോട്ടുകൾ പരേഡിനെ ആകർഷകമാക്കും. മികച്ച ഫ്‌ളോട്ടുകൾക്ക് സമ്മാനം നൽകും. ചടങ്ങിൽ പ്ലാസ്റ്റിക്, ഡിസ്‌പോസിബ്ൾ വസ്തുക്കൾ ഒഴിവാക്കും.

പാലക്കാട് റിപ്പബ്ലിക് ദിനം: മന്ത്രി എം.ബി രാജേഷ് ദേശീയപതാക ഉയര്‍ത്തും

റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി കോട്ടമൈതാനത്ത് ജനുവരി 26 ന് രാവിലെ ഒന്‍പതിന് നടക്കുന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് എന്നിവര്‍ പങ്കെടുക്കും. ചിറ്റൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ. മാത്യു പരേഡ് ചുമതല വഹിക്കും. പരേഡില്‍ 30 പ്ലറ്റൂണ്‍സ് അണിനിരക്കും. കേരള പോലീസ് സെക്കന്‍ഡ് ബറ്റാലിയന്‍, ജില്ലാ ഹെഡ്‌കോര്‍ട്ട് ക്യാമ്പ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് പുരുഷ-വനിത വിഭാഗം, ഫയര്‍ഫോഴ്‌സ് സെല്‍ഫ് ഡിഫന്‍സ്, എന്‍.സി.സി, എസ്.പി.സി, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്ട്, ഗൈഡ്‌സ്, ബാന്‍ഡ് എന്നിങ്ങനെ 30 പ്ലറ്റൂണ്‍സാണ് അണിനിരക്കുന്നത്. മലമ്പുഴ നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടാകും.

പത്തനംതിട്ട റിപ്പബ്ലിക് ദിനാഘോഷം : മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തും

ഭാരതത്തിൻ്റെ 74-ാമത് റിപ്പബ്ലിക് ദിനത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ മുഖ്യാതിഥിയായ ആരോഗ്യ, വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും.രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് നടക്കും. 8.47ന് പരേഡ് കമാന്‍ഡര്‍ പരേഡിൻ്റെ നിയന്ത്രണം ഏറ്റെടുക്കും.

ഒന്‍പതിന് മുഖ്യാതിഥി എത്തി അഭിവാദ്യം സ്വീകരിച്ച ശേഷം ദേശീയ പതാക ഉയര്‍ത്തും. 9.10 ന് മുഖ്യാതിഥി പരേഡ് പരിശോധിക്കും. 9.15 ന് പരേഡ് മാര്‍ച്ച് പാസ്റ്റ്. 9.30 ന് മുഖ്യാതിഥിയുടെ റിപ്പബ്ലിക്ദിന സന്ദേശം. 9.40 മുതല്‍ സാംസ്‌കാരിക പരിപാടികള്‍, സമ്മാനദാനം എന്നിവ നടക്കും. പരേഡില്‍ പോലീസ്, ഫയര്‍ ഫോഴ്‌സ്, എക്സൈസ്, ഫോറസ്റ്റ് സേനാംഗങ്ങള്‍, എന്‍.സി.സി, ജൂനിയര്‍ റെഡ്ക്രോസ്, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, സ്‌കൂള്‍ ബാന്‍ഡ് സെറ്റുകള്‍ തുടങ്ങിയവര്‍ അണിനിരക്കും.

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അഭ്യര്‍ഥിച്ചു.പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കി എല്ലാവരും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം. രാവിലെ 7.30ന് എല്ലാവരും ജില്ലാ സ്റ്റേഡിയത്തില്‍ എത്തിച്ചേരണം. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

കോഴിക്കോട് : റിപ്പബ്ലിക്ക് ദിനത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ പതാക ഉയർത്തും

ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പതാക ഉയർത്തും. ക്യാപ്റ്റൻ വിക്രം മൈതാനിയിൽ രാവിലെ 9 മണിക്ക് അഭിവാദ്യം സ്വീകരിച്ച് മന്ത്രി റിപ്പബ്ലിക്ക് ദിന സന്ദേശം കൈമാറും. ഇത്തവണ പോലീസ് ,ഫയർഫോഴ്‌സ്,ഫോറസ്റ്റ് ഉൾപ്പെടെ 27 പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുക്കും.

കോട്ടയം റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തും

കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26ന് രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 8.30ന് പരേഡ് ചടങ്ങുകൾ തുടങ്ങും. ഒൻപതിന് മൃഗസംരക്ഷണ-ക്ഷീരവികസന- മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് മന്ത്രി പരേഡ് പരിശോധിച്ച് റിപ്പബ്ലിക് ദിന സന്ദേശം നൽകും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് എന്നിവർ പങ്കെടുക്കും.

കിടങ്ങൂർ പോലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. ബിജുവാണ് പരേഡ് കമാൻഡർ. പോലീസ്, എക്സൈസ്, വനം വകുപ്പ്, എൻ.സി.സി., എസ്.പി.സി, സ്‌കൗട്ടുകൾ, ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ബാൻഡ്് പ്ലറ്റൂണുകൾ ഉൾപ്പെടെ 23 പ്ലറ്റൂണുകൾ പരേഡിൽ പങ്കെടുക്കും.
കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ്., കോട്ടയം ബസേലിയസ് കോളജ്, വടവാതൂർ ജവഹർ നവോദയ വിദ്യാലയ, കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്, മണർകാട് സെന്റ് മേരീസ് എച്ച്.എസ്.എസ്. , എം.ടി. സെമിനാരി എച്ച്.എസ്.എസ്., ബേക്കർ മെമ്മോറിയൽ ജി. എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നിന്നുള്ള എൻ.സി.സി.,സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്ലറ്റൂണുകൾ പങ്കെടുക്കും.
കുടമാളൂർ സെന്റ് മേരീസ് യു.പി സ്‌കൂൾ, പള്ളം സി.എം.എസ്. എച്ച്.എസ്, മൗണ്ട് കാർമ്മൽ ജി.എച്ച്.എസ്, ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസ്, എം.ഡി. സെമിനാരി എച്ച്.എസ്.എസ് എന്നീ

സ്‌കൂളുകളിൽ നിന്നുള്ള സ്‌കൗട്ട്, ഗൈഡ്‌സ് റെഡ് ക്രോസ് പ്ലറ്റൂണുകളും പങ്കെടുക്കും.
ഡിസിട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്സ് സബ് ഇൻസ്പെക്ടർ കെ.ജെ. സാബു ബാൻഡ് പ്ലാറ്റുൺ ബാൻഡ് മാസ്റ്ററാകും. ഏറ്റുമാനൂർ എസ്.എഫ്.എസ്. പബ്ലിക് സ്‌കൂൾ, മൗണ്ട് കാർമൽ ജി.എച്ച്.എസ് വിദ്യാർത്ഥികളുടെ ബാൻഡ് സംഘങ്ങൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *